നവോഥാന ചരിത്രത്തിനൊരു തിരുത്ത്
അറബി മലയാളത്തില്‍ ജ്ഞാന രചനകള്‍ പുറത്തുവരുന്നത് 1860 കള്‍ക്ക് ശേഷമാണ്. വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ അടിസ്ഥാന അറിവുകള്‍ ആര്‍ജ്ജിക്കുന്ന ബാധ്യത നിര്‍വഹിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വൈമുഖ്യം പ്രകടമാകുകയും, ലൗകിക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ക്രമേണ ഇണക്കം വര്‍ദ്ധിച്ചുവരുകയും, അറിവ് ഒട്ടുമില്ലെങ്കിലും അല്ലാമ ചമഞ്ഞ് ഫതവ നല്കാന് മാത്രം വളര്ന്നുപോയവരുടെയും ഖുതുബോളം ഉയരത്തില്‍ പറന്നുകളിക്കുന്നവരുടെയും കാലൊച്ചകള്‍ ശ്രവിക്കാന്‍ തുടങ്ങുകയും ചെയ്ത ആ അശുഭ നക്ഷത്രനാളുകളില്‍ ജനങ്ങളുടെ ഭാഷയില്‍ ‘അങ്ങോട്ടു അറിവ് കൊണ്ടുകൊടുക്കാന്‍’ ജ്ഞാനികള്‍ നിര്‍ബന്ധിതരായി. അത്തരം സാഹചര്യത്തിലാണ് പൂവാര്‍ മുഹമ്മദ് നൂഹ് മുസ്ല്യാരുടെ ശ്രദ്ധേയമായ ജ്ഞാന രചനകള്‍ പുറത്തുവരുന്നത്. സ്തുതിഗീതങ്ങളുടെയും പ്രേമ ഗാനങ്ങളുടെയും കല്യാണപ്പാട്ടുകളുടെയും ആസ്വാദനത്തില്‍ മയങ്ങിപ്പോകുകയായിരുന്ന സമുദായത്തെ ആലോചനയുടെയും ആത്മവിചാരത്തിന്റെയും അഗാധ ലോകത്തിലേക്ക് തിരിച്ച്ചുവിളിക്കുകയായിരുന്നു പൂവാര്‍ രചനകള്‍ ഓരോന്നും.
തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറോട്ട് മാറി കേരള/ ഇന്ത്യാ ഭൂപടത്തിന്റെ തെക്കുപടിഞ്ഞാററ്റത്ത് മുസ്ലിം ചരിത്രമുറങ്ങുന്ന തമിഴ് ബന്ധങ്ങള്‍ ആഴത്തിലുള്ള നാടാണ് പൂവാര്‍. ‘ദക്ഷിണ കേരളത്തിലെ പൊന്നാനി’ എന്നറിയപ്പെടുന്ന പൂവാറിലെ പണ്ഡിതനും കവിയുമായിരുന്ന അഹ്മദ് കണ്ണ് മുസ്ല്യാരുടെ പുത്രനാണ് നൂഹ് കണ്ണ് മുസ്ല്യാര്‍ എന്ന പൂവാര്‍ മുഹമ്മദ് നൂഹ് മുസ്ല്യാര്‍. കൊച്ചിയിലെയും പൊന്നാനിയിലെയും ജ്ഞാന കേന്ദ്രങ്ങളില്‍ നിന്നും അറിവാര്‍ജ്ജിച്ച പൂവാര്‍ മലയാളം, തമിഴ് എന്നീ ‘മാതൃ’ ഭാഷകള്‍ക്ക് പുറമേ അറബി, ഉറുദു, ഫാരിസി ഭാഷകള്‍ കൂടി വശമാക്കി. ഉപരിപഠനം കായല്‍ പട്ടണത്തെ മുഹമ്മദ് ഖാഹിരി ആലിം സാഹിബില്‍ നിന്നുമായിരുന്നു. വിവിധ സ്ഥലങ്ങളിലും നാട്ടിലും അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ട പൂവാര്‍ മുസ്ല്യാരുടെ ശിഷ്യന്മാരായിരുന്നു ആലപ്പുഴ സുലൈമാന്‍ മൌലവിയും വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയും. 1321/ 1902 ല്‍ പൂവാര്‍ അന്തരിച്ചു. പൂവാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ അന്ത്യ വിശ്രമം.
അറബിയിലും തമിഴിലും അറബി മലയാളത്തിലും അറബിത്തമിഴിലും ധാരാളം കവിതകള്‍ രചിച്ചിട്ടുള്ള പൂവാറിന്റെ സാഹിത്യ- ജ്ഞാന സംഭാവനകളെ മാപ്പിള കേരളം വേണ്ടപോലെ ആദരിച്ചില്ലെന്നു വേണം ആത്മ വിമര്‍ശനം ചെയ്യാന്‍. മാപ്പിള സാഹിത്യചരിത്രത്തെ തട്ടിയെടുത്ത സലഫി മസ്തകങ്ങള്‍ ആത്മികതയും അഹ്ലുസ്സുന്നയും ആത്മാവില്‍ ‘തരിപ്പിക്കുന്ന’ (ഉറപ്പിക്കുക എന്ന ആശയത്തില്‍ പൂവാര്‍ ഉപയോഗിച്ച പദം) പൂവാര്‍ രചനകളോട് തൊട്ടുകൂടായ്മ കാണിക്കുക സ്വാഭാവികം തന്നെ. ‘മന്ളൂമാത്തുഫൂവാരീ’ എന്ന പേരുള്ള പൂവാര്‍ കവിതാസമാഹാരം ആ ജ്ഞാന പ്രഭുവിന്റെ ഏറെക്കുറെ കവിതകള്‍ പ്രകാശനം ചെയ്തതായിരുന്നു. പക്ഷേ അതിന്റെ കോപ്പികള്‍ സൂക്ഷിക്കാനുള്ള സന്മനസ്സ് ‘നവോത്ഥാന’ തലമുറയ്ക്ക് ഇല്ലാതെപോയി. (ലഭ്യമായ കവിതകളെ കുറിച്ച് പിന്നീട് എഴുതാം) അദ്ദേഹത്തിന്റെ ശ്രുതിപ്പെട്ട അറബിമലയാള ഗദ്യ രചനകളാണ് ഫത്ഹു സ്വമദ്, ഫത്ഹുന്നൂര്‍ എന്നിവ. ഇവിടെ ഫത്ഹുസ്വമദ് പരിചയപ്പെടാം.
“ഒരു കാലത്ത് സാധാരണക്കാര്‍ മത പഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളില്‍ ഒന്നാണിത്”, മാപ്പിള സാഹിത്യ പാരമ്പര്യ കഥ പറയുന്ന സി എന്‍ അഹ്മദ് മൗലവിയും കെകെ കരീമും ഫത്ഹുസ്സ്വമദിനെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്. വായനാ നിലവാരം ഒരു സമൂഹത്തിന്റെ വളര്‍ച്ചയെ അളക്കാനുള്ള മാനദണ്ടമായി എടുക്കാമെങ്കില്‍ തീര്‍ച്ചയായും, ഫത്ഹുസ്വമദ് വായിച്ച അന്നത്തെ സാധാരണക്കാരായ മുസ്ലിംകളുടെ ജ്ഞാന-ധര്‍മ്മ-ആത്മിക ഔന്നത്യം അളക്കാന്‍ മറ്റൊന്നിന്റെയും ആവശ്യമില്ല. ഒരുവേള ഇന്നത്തെ ‘പണ്ഡിത വേഷങ്ങള്‍ക്ക് പോലും വായിച്ചാല്‍ ദഹിക്കാനിടയില്ലാത്ത ആദ്ധ്യാത്മിക ചര്‍ച്ചകള്‍ നൂറ്റി നാല്പത് വര്‍ഷം മുമ്പത്തെ മാപ്പിളയുടെ സാധാരണ വായനാനുഭാവമായിരുന്നെങ്കില്, പഴയ ‘ആമ്മീങ്ങളും’ പുതിയ ‘ആലിമീങ്ങളും’ തമ്മില്‍ അത്തരത്തിലുള്ള ആശങ്കാജനകമായ വ്യത്യാസം പ്രകടമായിരിക്കുന്നുവെങ്കില്, ‘കേരള മുസ്ലിം നവോത്ഥാന കഥ’ ഭീകരമായ ഒരു പരാജയമോ മാരകമായ ഒരനാവശ്യമോ ആയിരുന്നുവെന്ന് ബോധ്യപ്പെടാന്‍ സാഹസപ്പെടെണ്ടതില്ല. ഫത്ഹുസ്വമദ് അത്രമേല്‍ ബ്രഹത്തായ ഒരു സാഹസമാണ്. പഴയ കാലത്തിന്റെ ഉജ്ജ്വലമായ അടയാളവുമാണ്.
ഒരര്‍ത്ഥത്തില്‍ ഫത്ഹു സ്വമദ് ഒരു തിരുത്താണ്. സമുദായം കുഴിയിലേക്ക് തെന്നുമ്പോള് അവരെ കൈപിടിച്ചു കരക്കുകയറ്റുകയെന്ന പണ്ഡിത ധര്‍മ്മത്തിന്റെ ഭാഗമാണ് ഈ രചന. തന്റെ രചനാനയത്തെ ക്കുറിച്ച് ഗ്രന്ഥകാരന് ആമുഖത്തില്‍ വ്യക്തമാക്കുന്നു: “ഫലേ ബക ഇല്മുകളീന്നും മലയാം ബാശയായ തര്‍ജുമ ചെയ്ത് അച്ചടിക്കഫ്ഫെട്ടതായ ഫലെ കിതാബുകളെകൊണ്ട് ഫലെ ദേശങ്ങളിലും ഉള്ള മുസ്ലിമായ ആണ് ഫെണ്ണ്ങ്ങള് അനുഫം ഫെരുന്നതായി(=അപകടത്തില്‍പ്പെടുന്നതായി) കണ്ടാരെ, ദീനിന്റെ ഫര്ള്കളായ ഈമാന്‍,ഇസ്ലാം, തൗഹീദ്, മഅരിഫത്ത് ഇതുകളെയും മറ്റും ഒരുമിച്ചു കൂട്ടിയ ഒരു കിതാബിനെ തര്‍ജമ ചെയ്യണമെന്ന് ഞാന്‍ ഫിരിഷം വെച്ചു”. ഗ്രന്ഥത്തില്‍ അപഗ്രഥിക്കുന്ന ജ്ഞാന മേഖലകള്‍ ഇനി പറയുന്നു: “അഹ്ലുസ്സുന്നത്തെന്ന നേരങ്കമായ വഴി ഉടയവരെ(=രുടെ) അഖീദകള്‍, അതിന്ന് മാറ്റമായ ‘തെറ്റ് വിശ്വാസ’ക്കാരുടെ വിവരങ്ങള്‍, ശരീഅത്ത് ത്വരീഖത്ത് ഹഖീഖത്ത് മഅരിഫത്ത് ഇതുകളുടെ വിവരങ്ങള്‍, ഇല്‍മുല്‍ യഖീന്‍ ഹഖുല്‍ യഖീന്‍ മുതലായതിന്റെ വിവരങ്ങള്‍, സിനുനഹമ്മത്തിന്റെ(?) വിവരങ്ങള്‍, ദിക്ര് ഫിക്ര് മുരാഖബ മുശാഹദ മുതലയാതിന്റെ വിവരങ്ങള്‍, ഖല്‍ബിന്റെ ഹാല് തരങ്ങള്‍, തൌഹീദില്‍ ‘തെറ്റ്പെട്ടുപോയവരുടെ’ വിവരങ്ങള്‍, മൌത്തിന്റെ പിറകെ ദുന്യാവില് തന്നെ പലേ കോലമായി മനുഷ്യന് പിറന്നു വരുമെന്ന് പറയുന്ന ‘പുനര്‍ജ്ജന്മം’ ഇല്ലായെന്ന് പറയുന്ന ദലീലുകള്‍, ശൈഖിനെ തുടരല്‍, ഖാദിരീ ശാദുലീ നഖ്ഷ ബന്ദി മുതലായ ശൈഖമ്മാരുടെ ത്വരീഖുകള്‍ സില്‍സിലകളുടെ വിവരങ്ങള്‍…” ഇവയ്ക്കു പുറമേ വിശുദ്ധ ഖുറാന് പോരിശകളും ഫാത്തിഹ, ആയത്തുല്‍ കുര്‍സിയ്യ്, ആമന റസൂല്‍ , യാസീന്‍, അലിഫ്ലാംമീം സജദ, വാഖിഅ, അലം നഷ്റഹ്, കൌസര്‍, ഇഖ്ലാസ്, ഫലഖ്, നാസ് എന്നീ സൂറത്തുകളുടെയും ലത്തീഫ് എന്ന ഇസ്മിന്റെയും മഹത്വങ്ങളും സാരസമ്പൂര്ണ്ണമായി വിവരിച്ച ശേഷം ഇസ്തിഗ്ഫാര്‍ തൗബ യുടെ പ്രാധാന്യം വിളംബരം ചെയ്ത്, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അനുസ്മരിച്ച്, ‘ലിഖാ’ വിവരിച്ചും അതു സാധ്യമാകാന്‍ പ്രാര്‍ഥിച്ചും ഗ്രന്ഥം സമാപിക്കുന്നു.
വിഷയങ്ങള്‍ മൊത്തത്തില്‍ ഇങ്ങനെ പറഞ്ഞുപോയെങ്കിലും ഇതിലേറെ സമഗ്രവും ഗഹനവും വൈവിധ്യങ്ങളായ ഉപച്ചര്ച്ചകള് കൊണ്ട് ധന്യവുമാണ് ഗ്രന്ഥത്തിന്റെ അകം. സ്വൂഫികള്‍ക്ക് നല്ലൊരു വായനാനുഭവം സമ്മാനിക്കുമെന്നതിനോടൊപ്പം സ്വൂഫി വേഷക്കാര്‍ക്ക് കനത്ത ആഘാതമുണ്ടാക്കുകയും ചെയ്യും ഫത്ഹു സ്വമദ്.. അക്കാലത്ത് മുള പൊട്ടി വന്നിരുന്ന വഹാബി പ്രസ്ഥാനത്തെ നിരൂപിക്കുന്നതിലേറെ, തമിഴിലും മലയാളത്തിലും കൂണ് പോലെ മുളച്ചുപൊന്തുന്ന സ്വൂഫി നാട്യങ്ങളെ ചെവിക്കു പിടിച്ചു കശക്കുകയാണ് പൂവാര്‍ നിര്‍വഹിക്കുന്ന കാലിക ധര്‍മ്മം. സാങ്കേതികമായ അറിവില്ലാതെ മഹാ ഗുരുക്കന്മാരുടെ ‘ജ്ഞാനപ്പാട്ടു’കള്‍ അവരുദ്ധേശിക്കാത്ത വളഞ്ഞ വഴിയിലേക്ക് അര്‍ത്ഥ നാശം വരുത്തി വിശ്വാസ വൈകല്യത്തില്‍ ആപതിക്കുകയും, ഇബാദത്തുകള്‍ പാടേ ഒഴിവാക്കിയും അധര്മങ്ങള് പതിവാക്കിയും ഇച്ഛകളുടെയും ഇബ്ലീസിന്റെയും ‘ഖുതുബുല്‍ അഖ്താബു’കളായി സമുദായത്തില്‍ പടര്‍ന്നു കയറാന്‍ ശ്രമിച്ച കപട സ്വൂഫികളെയാണ് പൂവാര്‍ നേരിടുന്നത്. ഈ പോരാട്ടത്തില്‍ പൂവാര്‍ അവലംബിക്കുന്ന പ്രധാന ആയുധങ്ങ ളുടെ പേരുവിവരം വെളിപ്പെടുത്തുന്നുണ്ട്: ജലാലൈനി, ജാമിഉല്‍ ബയാന്‍, മആലിമുത്തന്‍സീല്‍, ബൈളാവി തുടങ്ങിയ തഫ്സീര്‍ കിതാബുകള്‍ക്ക് പുറമേ ഇഹ്യാ ഉലൂമിദ്ധീന്‍, ഇന്‍സാനുല്‍ കാമില്‍, ഫുസ്വൂസ്, തുഹ്ഫതുല്‍ മുര്‍സല, മവാഹിബുല്‍ മുസ്തര്സല, ദരീഅ:, മആരിഫുല്‍ വുജൂദ്, തില്‍മിസാനി, മസ്ലഖുല് അത്ഖിയാ , മവാഹിബുല്ലദുന്നിയ, ഇര്ശാദുല്യാഫിഈ, മിഫ്താഹുല്‍ ഫലാഹ്, വസ്വലത്തുസ്സാലികീന്, കന്‍സുല്‍ ബറാഹീന്, മിര്‍ആത്തുല്‍ മുഹഖിഖീന്‍, റൌള്റയാഹീന്, രിസാലത്ത് താജുദ്ദീന്, രിസാലത്തുല്‍ ഖാദിരിയ്യ, ജാമിഉല്‍ വുസ്വൂല്‍,ഖസീനത്തുല്‍ അസ്രാര്‍ , മശാരിഖുല്‍ അന്വാര്, മദാരിജു സസ്ഊദ്, ഫത്ഹുല്‍ മലിക്, ശംസുല്‍ മആരിഫ്, മജാലിസുസ്സനിയ്യ, ബഹ്ജത്തുസ്സനിയ്യ, ദുററുസ്സനിയ്യ മുതലായ ഗ്രന്ഥങ്ങള്‍ മാത്രമല്ല ‘ഫത്ഹുസ്വമദ് ഫീ മഅരിഫത്തി ഖൈരില്‍ ഉമദ്’ രചിക്കാന്‍ അവലംബമാക്കിയിട്ടുള്ളത്.
വഹാബിസം, വിവിധ ത്വരീഖതുകള്‍ തുടങ്ങിയ വിഷയങ്ങള്‍ അപഗ്രഥനം ചെയ്യുമ്പോള്‍ അതാതിടങ്ങളില്‍ അവലംബ ഗ്രന്ഥങ്ങളുടെ പേരുവിവരം വ്യക്തമാക്കുന്നുണ്ട്. ആധികാരിക കിതാബുകളുടെ ഗണത്തില്‍ കേരളത്തിലെ ഉലമാക്കളുടെ മഹല്‍ രചനകളും ഇടംപിടിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യ സൈനുദ്ധീന്‍ മഖ്ദൂം എഴുതിയ അദ്കിയ, അതിനു പുത്രന് അബ്ദുല്‍ അസീസ് മഖ്ദൂം തയ്യാറാക്കിയ വ്യാഖ്യാനം മസ്ലക്, ജിഫ്രി തങ്ങളുടെ കന്‍സുല്‍ ബറാഹീന്, ഉമര്‍ ഖാസിയുടെ കിതാബ് ദബഹ്, നഫാഇസ് എന്നിവ ഉദാഹരണം. ആത്മിക വിഷയങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ തമിഴ് മുസ്ലിം ജ്ഞാന നേതൃത്വങ്ങളുടെ ധാരാളം ജ്ഞാനപ്പാട്ടുകള് ഉദ്ധരിക്കുന്നുണ്ട്. കായല്‍ പട്ടണം ഉമര്‍ വലിയ്യുല്ലാഹിയുടെ പാട്ടുകള്‍, അവരുടെ ശിഷ്യന് കീളക്കര തക്ക്യാ സാഹിബിന്റെ മഅരിഫത്ത് മാലൈ,ഹഖീഖത്ത് മാലൈ, പീര്‍ മുഹമ്മദ് സാഹിബിന്റെ ജ്ഞാന പുകള്‍ച്ച, ജ്ഞാനമണി, സ്വദഖതുല്ലാഹ് വലിയുടെ സഹോദരന് സ്വലാഹുദ്ധീന്‍ അപ്പാ വലിയുടെ മാണിക്ക്യ മാലൈ, അദബു മാലൈ, അര്‍ക്കാന്‍ മാലൈ തുടങ്ങിയ അര്‍വി സാഹിത്യങ്ങളുമായി പരിചയപ്പെടാനുള്ള സൗകര്യം ഇതുവഴി ലഭിക്കുന്നു. പഴയകാലത്ത് മാപ്പിളമാര്‍ക്ക് തമിഴ് സാക്ഷരതയും ആവശ്യത്തിനുണ്ടായിരുന്നിരിക്കണം. ഏതായാലും, മുസ്ലിം സാമാന്യ ജനങ്ങള്‍ക്ക് അവഗണിക്കാനാകാത്ത ജ്ഞാന മേഖലകളില്‍ അറിവ് സമ്മാനിക്കുന്ന മഹത്തായ കിതാബ് തന്നെയാണ് ഫത്ഹുസ്വമദ്.
അഹ്ലുസ്സുന്നയെയും അതിന്റെ പടിപ്പുരയിലും വെളിയിലുമായി അന്യം നില്ക്കുന്ന അവാന്തര വിഭാഗങ്ങളെയും അവരുടെ വിശ്വാസ ചിന്താ വൈകല്യങ്ങളെയും വേറെ വേറെ വകുപ്പ് തിരിച്ചു കാണിച്ചു തരുന്ന പൂവാറിന്റെ ശ്രമം ഗംഭീരമായിട്ടുണ്ട്. അക്കാലത്ത് സാധാരണക്കാര്‍ക്ക് ലഭിച്ച ഇത്ര സൂക്ഷ്മമായ അഹ്ലുസ്സുന്ന ബോധം , അപ്പേരില്‍ സംഘടിതമായി ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് മുസ്ലിം ബഹുജനങ്ങള്‍ക്ക് സംലഭ്യമല്ല എന്നതാണ് സത്യം. ഒരു മുസ്ലിം ആര്‍ജ്ജിക്കേണ്ട അനിവാര്യ അറിവുകള്‍ വിവരിക്കുന്ന ആദ്യ അദ്ധ്യായത്തിനൊടുവില്‍, മാതൃഭാഷയില്‍ വായിച്ച് ദീന് പഠിക്കുന്നവരോട് പൂവാര്‍ ഉണര്‍ത്തുന്നു, “ തിരിയാത്തതിനെയും തംശിയം (=സംശയം) ഉള്ളതിനെയും അറിവുള്ളവരോട് ചോദിച്ചു തിരിച്ചു കൊള്ളേണ്ടതാകുന്നു. കിത്താബ് നമ്മുടെ ഭാഷയായിരുന്നാലും ചിലെ സാരങ്ങളെ അറിവുള്ളവരെക്കൊണ്ട് മനസ്സിലാക്കണ്ടതാണ്” (പുറം 7)
ദീനുല്‍ ഇസ്ലാമിന് നാല് തൂണുകള്‍: ഈമാന്‍= വിശ്വാസം, ഇസ്ലാം= വഴിപ്പാട്, തൗഹീദ് = ‘ഒരുമപ്പാടാക്കല്’, മഅരിഫത്ത് = അല്ലാഹുവിനെ അറിയല്‍. ഇന്നാലു അടിസ്ഥാനങ്ങളില്‍ ഊന്നിയാണ് ഗ്രന്താവിഷ്കരണം. “അവനെ അറിഞ്ഞു തന്നെ ഈമാന്‍ കൊള്ളണ്ടത് വിഷയമായിരിക്കും”. അല്ലാഹുവിന്റെ ഫരിശുകള് അഥവാ വര്ണ്ണിപ്പ് (=സ്വിഫത്ത്) നാല്പത്തൊന്നും വിവരിക്കുന്നു. കാരണം, “അതിനെ അറിഞ്ഞ് ഖല്ബില് തരിപ്പിക്കണ്ടത് വിഷയമായിരിക്കും”. ആദ്യം അവന്റെ ദാത്ത് അഥവാ ഉള്ളമ, പിന്നെ ആ ദാത്തിനെ കുറിച്ചുള്ള തെറ്റായ ഭാവനയെ ഇല്ലാതാക്കുന്ന (=സല്ബിയ്യ്) അഞ്ചു ഫരിശുകള്, പിന്നെ ഏഴു ‘ഉള്സ്വിഫത്തു’കളും (മആനീ) ഏഴു ‘പുറംസ്വിഫത്തു’കളും(മഅനവി). ഇവയുടെ വിപരീത സ്വഭാവം പടച്ചവനില്‍ ഇല്ലാത്തവയും അവനില്‍ വരാകാര്യവുമാണ്. മറ്റൊരു ഫരിശ് ‘ചെയ്യുന്നതും ആകും, ചെയ്യാതിരിക്കുന്നതും ആകും’. അതാണ് ജാഇസ്. ചെയ്യുന്നതോ ഒഴിവാക്കുന്നതോ അല്ലഹുവിനുമേല് ‘വിഷയമല്ല’. പ്രാര്‍ത്ഥന ക്ക് ഉത്തരം നല്‍കാം, ‘നല്മ’കള്‍ക്ക് സല്ഗുണം തരും, ‘തല്‍മ’(=തിന്മ)കള്‍ക്ക് ശിക്ഷ ലഭിക്കും എന്നെല്ലാമുള്ള ഉറപ്പുകളും ഭീഷണികളും അവന്റെ ദാത്തില്‍ വാജിബല്ല; എന്നാല്‍ ‘ശറആല് വാജിബാണ്’. അത്രമാത്രം. പരലോകത്തിലെ രക്ഷാ ശിക്ഷകള്‍ അല്ലാഹുവില്‍ അനിവാര്യമായ നീതി (=അദല്‍)യുടെ നിര്വഹണമാകുന്നു എന്ന മുഅതസിലി വാദം ജാഇസിനെ കുറിച്ചുള്ള ഈ വിവരണത്തില്‍ നിഷ്പ്രഭമായി ത്തീരുന്നത് കാണാം. അല്ലാഹുവിന്റെ സന്ദേശം ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാരുടെ ഒമ്പത് സ്വിഫത്തുകളെ കുറിച്ചാണ് തുടര്‍ന്നുള്ള വിവരണം.
കേവല വാചാ/ശ്രാവ്യ വിശ്വാസമല്ല മുസ്ലിംകള് ഉള്‍ക്കൊള്ളുന്നത്. “ഈമാന്റെ എടയാട്ടം മാറ്റുന്ന ദലീലുകള്‍’ അഥവാ ‘മുറിച്ചറിയുന്ന സാക്ഷിപ്പ്’ ഓരോരുത്തരും ബോധ്യപ്പെട്ടറിയണം. അതിനുവേണ്ടി ഗ്രന്ഥത്ത്യില് ബുദ്ധിയും പ്രമാണവും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച നടക്കുന്നു. ഈമാന്‍ കാര്യങ്ങള്‍ ആറും വിശകലനം ചെയ്യുന്നു. അന്ത്യ പ്രവാചകരുടെ മഹത്വം വിവരിച്ച ശേഷം അവിടുത്തെ ശിഷ്യപ്രമുഖരെ പരിചയപ്പെടുത്തുന്നു. “എല്ലാ നബിമാരുടെ പിറകെ മനുഷ്യരില്‍ ഫോരിശയായവര് അബൂബകര്‍ സ്വിദ്ധീഖ് തങ്ങളായിരിക്കു”മെന്ന സംഗതി ഹദീസുകള്‍ കൊണ്ട് സമര്‍ഥിച്ച ശേഷം പ്രഖ്യാപിക്കുന്നു: “എല്ലാ നബിമാര്കളെ പിറകെ ഫോരിശയായവര് അബൂബകര്‍ സ്വിദ്ധീഖ് രളി തങ്ങളായിരിക്കുമെന്ന് പറഞ്ഞത് അഹ്ലുസ്സുന്നത്തിവല്ജമാഅത്തായ സകല ഇമാമുകളും ഇജ്മാആയി ഒത്ത വാക്കായിരിക്കും.. എനി ശീഅ എന്ന ഒരു കൂട്ടക്കാരുണ്ട്. ആയവര്‍ സയ്യിദുനാ അലി രളി എന്നവരുടെ ഫിരിഷത്തില് മികച്ചു പോയവരെന്നും അതിനാല്‍ തങ്ങളെത്തന്നെ എല്ലാ അസ്വഹാബിമാരക്കാണ മുന്തിച്ചു പറയുമെന്നും ആയതിനാല്‍ ഈ വക കൂട്ടക്കാരെ മുന്‍വിവരിച്ച ഹഖായ അഖീദനെയും ബിട്ടു റദ്ദാക്കപ്പെട്ടുപോയിരിക്കുന്നു”. “ബദുഉല് ആമാലി’യുടെ വരികള്‍ ഉദ്ധരിച്ച് ഇക്കാര്യം സവിസ്തരം സ്ഥിരീകരിക്കുന്നുന്ദ്.
തിരുദൂതരുടെ മാതാപിതാക്കളെയും പിതാമഹന്മാരെയും പരിചയപ്പെടുത്തവേ, പൂവാര്‍ എഴുതുന്നു: “ അപ്പളോ, മുസ്ത്വഫായ നബി തങ്ങളുടെ ഉമ്മ വാപ്പ ഉപ്പാപ്പമാര്‍ എല്ലാവരും സലാമത്ത് പെറ്റവരെന്നും കുറ്റം, കുഫ്രിയ്യത്തിനെ തൊട്ടും വെടിപ്പായ ശുദ്ധമായവരെന്നും അറിയേണ്ടതാകുന്നു. എന്നിരിക്കേ, ‘മുസ്ത്വഫായ നബി തങ്ങളുടെ ബാപ്പയും ഉമ്മയും കുഫ്രിന്റെ അളവില്‍ മൌത്തായിരിക്കുന്നു’ എന്ന് ഇമാം അബൂ ഹനീഫ രളി തങ്ങളുടെ ഫിഖ്ഹുല്‍ അക്ബര്‍ എന്ന കിത്താബില്‍ എഴുതപ്പെട്ടതായി കണ്ടത് മറ്റൊരുത്തര്‍ എഴുതിചേര്‍ത്തത് കണ്ടതാണ്, ആ വാക്ക് അവര്‍ പറയുന്നതിനെ തൊട്ട് അല്ലാഹു അവരെ മനഗോരമാക്കിയിരിക്കുന്നു(= ശുദ്ധമാക്കിയിരിക്കുന്നു)..” അബൂ ഹനീഫ ഇമാമിന്റെ കിത്താബില്‍ കാണുന്ന പരാമര്‍ശം ജ്ഞാനികളെ ആശങ്കയിലാക്കുന്നതായിരുന്നു. അതിന് പണ്ഡിതോചിതമായ ഒരു പരിഹാര ‘തഹ്ഖീഖ്’ ആയി പൂവാര്‍ അവര്‍കളുടെ മേല്‍ പ്രസ്താവത്തെ ഗണിക്കാം.
രിദ്ദത്ത് അഥവാ ദീനില്‍ നിന്നും തെറിച്ചു പോകല്‍ സംബന്ധമായ വിവരണങ്ങള്‍ നല്കവേ, പൂവാര്‍ സമുദായത്തെ ഉണര്‍ത്തുന്നത് ഇങ്ങനെ : “ തന്ബീഹുന്: എന്നാല്‍ അറിയണം. ചിലെ ശൈത്വാന്കളെ വെച്ച് ഫൂശിച്ചു(=പൂജിച്ചു) കിര്ബാ ഫലങ്ങളും ചെയ്തു ആട് കോഴികളെ കുരുതിയും കൊടുത്ത് നിത്യനേമം ചെയ്തു വരുന്നത് ഈമാന്‍ തെറ്റിപ്പോകുന്ന കാര്യമാകയാല്‍ എത്രയും ശ്രദ്ധിച്ചു കൊള്ളണ്ടതാകുന്നു… ആയതിനാല്‍ കുത്തി ഉടുത്ത് കുറിയുമിട്ട് ഫൂനൂലും കെട്ടി മണിയും കിലുക്കി മന്തിരം ചൊല്ലി ശൈത്വാനെ സ്തുതിക്കുന്ന കൂട്ടക്കാരു മാര്പെട്ടു പോകുന്നതിനാല്‍ ഈമാന്‍ ഉരിഞ്ഞുപോകും എന്നതിനെ തൊട്ട് അല്ലാഹുവിനെ പേടിച്ചുകൊള്ളണ്ടതാകുന്നു” (പുറം 48) ആദരവായ നബി തങ്ങളുടെ ഹദീസില്‍ വന്ന പ്രകാരം എഴുപത്തിമൂന്ന് കൂട്ടമായി സമുദായം പിരിയുന്നതിനെ കുറിച്ചാണ് പൂവാര്‍ വിശദമായി സംസാരിക്കുന്നത്. ”അഹ്ലുസ്സുന്നത് എന്ന സലാമത്ത് പെറ്റ കൂട്ടക്കാരുടെ അഖീദ യെന്നു ഖല്ബില് അറിഞ്ഞു തരിപ്പിക്കാനുള്ള കാര്യങ്ങള്‍ ഇന്നപ്രകാരമെന്ന് വിവരമായറിയെണ്ടത് എല്ലാവരെ അളവിലും വിഷയമായിരിക്കും” എന്ന് പ്രസ്താവിക്കുക മാത്രമല്ല, ‘വഴികെട്ടവരും വഴികെടുത്തുന്നവരുമായ’ മുഅതസില, ഫലാസിഫ, ഖദ്രിയ്യത്ത്, ജബരിയ്യത്ത്, ജഹ്മിയ്യത്ത് തുടങ്ങിയ പ്രമുഖ ഉള്പ്പാര്ട്ടികളുടെ ഭീകര വഴികേടുകള്‍ ഓരോന്നും വിസ്തരിക്കുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്. വൈരക്കല്ലും കുപ്പിച്ചില്ലും വകതിരിച്ചറിയാന്‍ അദ്ദേഹം ഉപദേശിക്കുന്നു: “എന്നാല്‍ നവരത്നം എന്ന് പറയുന്ന ചുകപ്പ് പച്ച ബൈരം(=വൈരം) ബൈടൂരി(വൈഡൂര്യം) കോമേദകം (ഗോമേദകം) പച്ച മദിരകം മുത്ത് മുതലായ അസ്വലിയായ കല്കരടു പോലെ ചായക്കല്ല്, കുപ്പിക്കല്ല് മുതലായതും നിറം ഒത്തു കാണുന്നത് കൊണ്ട് ആയതും അസ്വലിയായ കല്കരടുതന്നെ എന്ന് വിചാരിച്ച് നോട്ടം അറിയാത്തവന് അബദ്ധപ്പെടുന്നതുപോലെ അബദ്ധപ്പെട്ടുപോകാതെ അഹ്ലുസ്സുന്നത്തിന്റെ നേരങ്കമായ അഖീദയെന്ന അസ്വലിയായ കല്കരട് ഇന്നതെന്നും അതിന്നുമാറ്റമായിരിക്കുന്ന ചായക്കല്ല്പോലോത്ത തെറ്റിയ അഖീദ ഇന്നതെന്നും അറിഞ്ഞു ഖല്ബില് തരിപ്പിച്ചുകൊണ്ടാല്, ഈ സമാനില് ഉള്ള ചിലര്‍ അഖീദന്റെ കിതാബുകള്‍ ഓതിപ്പടിച്ചറിയാതെ ചിലെ തര്ജ്ജമപ്പാട്ടുകളെ നോക്കി മുറാദ് മനസ്സിലാകാതെ മാറ്റമായഅഖീദനെയും ശരിയായ അഖീദയെന്നുവിചാരിച്ചും പറഞ്ഞും വരുന്നവരെത്തൊട്ടു സലാമത്താകാന്‍ അല്ലാഹു തആലാന്റെ കിര്ഫ (=കൃപ) ഉണ്ടാവാനും പോരും”.
‘മറുജന്മം എന്ന മാറിപ്പിറന്നുവര’ലില്‍ വിശ്വസിക്കുന്നവരെ തിരുത്തുന്ന ഭാഗമാണ് അടുത്തത്. മുസ്ലിംകള്‍ക്കിടയിലും ചില പിഴ സ്വൂഫികള്‍ അപ്രകാരം വിശ്വസിചിരുന്നുവത്രേ. ആ അന്ധവിശ്വാസത്തെ പ്രാമാണികമായി ഖണ്ഡിച്ച ശേഷം, “ചിലെ പാട്ടുകളെ നോക്കി സാരാര്ത്ഥങ്ങളെ അറിയാതെ ഭേദമായ അര്‍ത്ഥത്തിനെ ജനിപ്പിച്ചു ദുന്യാവില് മറുപിറവി ഉണ്ടെന്നു ഊഹിച്ചു മണിച്ചു മതിമയങ്ങി ശക്കുസന്ദേകമെന്ന (=സന്ദേഹം) സമുദ്രത്തില്‍ മുങ്ങുന്നവര്‍ക്ക് ചിലെ പാട്ടുകളെയും” ഉദ്ധരിച്ചു തെറ്റുദ്ധാരണ തിരുത്തുകയാണ് പൂവാര്‍. കീളക്കര തക്ക്യാ സാഹിബ് അവര്‍കളുടെ വരികളില്‍ മനുഷ്യന്ന് ‘ഏള് പിറവി’ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന പ്രയോഗമുണ്ട്. പീര്‍ മുഹമ്മദ് സാഹിബ് അവര്കളുടെയും ചില പാട്ടുകളിലും ഇപ്രകാരം തെറ്റുദ്ധരിപ്പിക്കുന്ന പദങ്ങളുണ്ട്. അവയില്‍ പിടിച്ചുകയറുകയാണ് കപട സ്വൂഫികള്‍. “അല്ലാഹുവില്‍ വാസ്വിലായവര് ഇനി പിറക്കുന്നതല്ല’ എന്ന വാചകം കാണിച്ച് ;അപ്പോള്‍ വാസ്വിലാകാത്തവര് ഇനിയും പിറക്കുമല്ലോ’ എന്നാണ് വ്യാജരുടെ ചോദ്യം.?! ഈ പ്രശനം കീളക്കര മാപ്പിള ലബ്ബാ ആലിം സാഹിബ് അവര്‍കളുടെ സമക്ഷത്തിങ്കല്‍ ഫതവ തേടിയെത്തി. അദ്ദേഹം നല്കിയ മറുപടിയുടെ ചുരുക്കം: അത് ഫലാസഫ വിഭാഗത്തിന്റെ വാദമായിരുന്നു. ‘ആ രാഫിളീ കൂട്ടക്കാരും മറ്റും ഇതുപ്രകാരം ആയത്തുകളുടെ അര്‍ഥങ്ങളെ അവര്‍ക്ക് തിരിയുന്നതുപോലെ മറിച്ചു കളഞ്ഞതിനാലാകുന്നു’ അതപ്പടി പകര്‍ത്തിയ ചില സ്വൂഫികള്‍ക്ക് പിഴച്ചത്. മറുജന്മ വാദികളെ ‘മുടുക്കായ’ ഹദീസുകള്‍ കൊണ്ടും ഖോജാക്കളായ ജ്ഞാനികളുടെ കൂര്‍ത്ത മൊഴികള്‍ കൊണ്ടും തകര്‍ത്തു കളയുന്ന രംഗം ആവേശകരമാണ്.
ദീനുല്‍ ഇസ്ലാമിന്റെ രണ്ടാം തൂണ് സ്ഥാപിക്കുകയാണ് അടുത്ത ബാബില്‍. അഞ്ച് ഇസ്ലാം കാര്യങ്ങളില്‍ ശഹാദത്ത് കലിമകള്‍ മാത്രമേ സവിസ്തരം വിവരിക്കുന്നുള്ളൂ. “ശഹാദത്ത് കലിമ ഹയാത്തില്‍ ഒരുബട്ടം ചൊല്ലുന്നത് ഫര്ളായിരിക്കും”. കണ്ണു കൊണ്ട് കണ്ടതിനെ സാക്ഷി പറയലാണല്ലോ ശഹാദത്ത് എന്ന കര്‍മ്മം. അല്ലാഹുവിനെ കാണാതെ ഇതെങ്ങനെ സാധ്യമാകും?! ഇവിടെ കാഴ്ച്ചയുടെ സാക്ഷിയല്ല ശഹാദത്ത്; അറിഞ്ഞുണ്ടായ ഉറപ്പിന്റെ സാക്ഷിപറച്ചിലാണ്. “ആലമൊക്കെയും അല്ലാഹു തആലാ ഉണ്ടെന്നുള്ള ദലീലും അടയാളവുമായിരിക്കയാല് ആലത്തില്‍ കാണപ്പെട്ടതൊക്കെയും അല്ലാഹുവിന്റെ അസ്മാ സ്വിഫാത്തുകള്‍ വെളിവാകും സ്ഥാനങ്ങള്‍ ആയിരിക്കുന്നതിനാല്‍ കാണുന്നതും കാണപ്പെടുന്നതും അതല്ലാതെ വേറെ അല്ലാത്തതിനാല്‍ നിശ്ചയമായി യഖീനും വിശ്വാസിപ്പും ഉണ്ടാകുന്നതുകൊണ്ട് ശഹാദത്ത് ഉണ്ടായി”. ലാഇലാഹ ഇല്ലല്ലാഹ് യുടെ ശരീഅത്ത്- ത്വരീഖത്ത്-ഹഖീഖത്ത്- മഅരിഫത്ത് എന്നീ ചതുര് തല അര്‍ത്ഥങ്ങള്‍ ഇവിടെ കാണാം. കലിമയുടെ ആറു ശര്ത്വുകള് ഇവയാണ്: അഖ്ല് (സാമാന്യബുദ്ധി/മന്ദബുദ്ധിയോ ഭ്രാന്തോ ഇല്ലാത്ത അവസ്ഥ), ബുലൂഗ് (പ്രായ പക്വത), ഇഖ്തിയാര്‍ (സ്വയം ഇഷ്ടത്തിനായിരിക്കല് അഥവാ നിര്‍ബന്ധിതാവസ്ഥയില്‍ അല്ലാതിരിക്കല്‍), നുത്വുഖ് (സാധിക്കുന്നവന് മൊഴിയണം), തര്‍ത്തീബ് (രണ്ടു ശഹാദത്ത് കലിമകള്‍ ക്രമത്തിലായിരിക്കണം), മുവാലാത്ത്( ഒന്നിന് പിന്നാലെ കാല വിളംബം വരാതെ അടുത്തത്). ഈ ശര്ത്വുകള് പാലിച്ചുകൊണ്ടായിരിക്കണം ശഹാദത്ത്. അറബി കലിമകള്‍ തന്നെ വേണമെന്നില്ല. അര്‍ഥം അറിയുക എന്നതാണ് ബുദ്ധിയുടെ താല്പര്യം. ബഹു ദൈവങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്ന വ്യക്തി ശഹാദക്കൊപ്പം ‘കഫര്ത്തു ബിമാ കുന്തു അശ്രക്തു ബീഹീ’ ( ഞാന്‍ ആരാധ്യനായി ഗണിചിരുന്നവയെ നിഷേധിക്കുന്നു) എന്നുകൂടി പ്രഖ്യാപിക്കണം. പ്രായപക്വത നിബന്ധനയായതിനാല്‍, കുട്ടികളുടെ ശഹാദത്ത് പരിഗണിക്കില്ല. മുസ്ലിം മാതാപിതാക്കളില്‍ പിറന്ന കുട്ടി പ്രത്യേകം ശഹാദത്ത് ചൊല്ലി ഇസ്ലാമില്‍ പ്രവേശിക്കേണ്ട ആവശ്യമില്ല. മാതാപിതാക്കള്‍ അമുസ്ലിമായിരിക്കെ അവരുടെ കുട്ടി ഇസ്ലാമായാല്‍ സ്വഹീഹാകുകയില്ല. പ്രായപൂര്‍ത്തിയാകണം. ആ കുട്ടിയെ വളര്‍ത്തുന്നവര്‍ വുളു നിസ്കാരം നോമ്പ് മുതലായവ പരിശീലിപ്പിക്കണം. പ്രായപൂര്‍ത്തിക്ക് മുമ്പ് മരണപ്പെട്ടാല്‍ കുളിപ്പിക്കാം, മയ്യിത്ത് നിസ്കാരം പാടില്ല. എന്നാല്‍ തുണിയില്‍ പൊതിഞ്ഞു മറവു ചെയ്യല്‍ വാജിബാണ്. കുട്ടിയുടെ പിതാവോ പിതാമഹന്മാരോ മാതാവോ മാതാമഹിമാരോ മുസ്ലിം ആണെങ്കില്‍ മുസ്ലിം കുട്ടിയെപ്പോലെ സംസ്കരണ മുറകള്‍ ചെയ്യണം.
കലിമയ്ക്ക് നാലു ഫര്ലുകളും ഉണ്ട്. അല്ലാഹുവിന്റെ ദാത്ത് സ്ഥിരീകരിക്കുക, അവന്റെ സ്വിഫാത്ത് സ്ഥിരീകരിക്കുക, അവന്റെ പ്രവര്‍ത്തികള്‍ സ്ഥിരീകരിക്കുക, നബി സ്വ യുടെ സത്യാവസ്ഥ സ്ഥിരീകരിക്കുക എന്നിവയാണത്. ഓരോന്നിലും പത്തു സംഗതികള്‍ അടങ്ങിയിട്ടുണ്ട്. അങ്ങനെ മൊത്തം നാല്പത് ‘അടിസ്ഥാനങ്ങള്‍’. തൌഹീദില്‍ മുപ്പതും രിസാലത്തില്‍ പത്തും . ഇതില്‍ ഏതെങ്കിലും ഒരു കാര്യം ഭേദഗതി ചെയ്താല്‍ അതാണ് കലിമയിലെ ബിദ്അത്ത്. ഓരോ അടിസ്ഥാനവും കൃത്യമായി മനസിലാക്കിയാല്‍ സുന്നത്ത് ജമാഅത്ത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സുദൃഡമാകും. ബിദ്അത്തുകാരെ തിരിച്ചറിയാന്‍ എളുപ്പമാകും. സമുദായത്തില്‍ നേരത്തെയും സമകാലിക പശ്ചാത്തലത്തിലും പൊട്ടിത്തെറിച്ച അവന്തരവിഭാഗങ്ങള് വഴുതിപ്പോയ പൊയന്റുകള്‍ തിരിച്ചറിയുന്നതുവഴി കരുത്തുറ്റ സുന്നീ പ്രതിരോധ ശേഷി ആര്‍ജ്ജിക്കാനാവും ..
2
തൗഹീദ് ദീനുല്‍ ഇസ്ലാമിന്റെ മൂന്നാമത്തെ തൂണ്. ‘ഒരുമപ്പാടാക്കല്’= അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കല്‍. തൗഹീദ് നാല് ഭാഗമുണ്ട്. ഒന്ന്, ‘തൌഹീദുല്‍ ഉളൂഹിയ്യ’= ഉടയവന് അല്ലാഹുമാത്രം എന്ന് ബോധ്യമാകല്‍. രണ്ട്, ‘തൌഹീദുല്‍ അഫ്ആല്’= ‘ചേലുകള്‍’ അഥവാ പ്രവൃത്തികള്‍ അല്ലാഹുവില്‍ നിന്നുമാത്രം എന്ന് വിശ്വസിക്കല്‍. മൂന്ന്, ‘തൌഹീദുസ്വിഫാത്ത്’ = പരിശുകള്‍ അഥവാ ഗുണങ്ങളിലെ ഏകത്വം അംഗീകരിക്കല്‍. നാല്, തൌഹീദുദദാത്ത്’ = സത്തയിലെ ഏകത്വം ഉള്കൊള്ളല്.
ഇലാഹുകള്‍ പലതുമുണ്ടല്ലോ മനുഷ്യരുടെ സങ്കല്പത്തില്.. സൂര്യന്, ചന്ദ്രന്, അഗ്നി, ശൈത്വാന് എന്നിത്യാദി മിഥ്യയായ ഇലാഹ് ഉണ്ട്. സത്യമായ ‘ഉടയതമ്പുരാക്ക’ളും ഉണ്ട്. മാതാപിതാക്കള്‍,അധ്യാപകര്‍, രാജാവ് തുടങ്ങിയവര്‍ ആലങ്കാരികമായെങ്കിലും സത്യമായ ‘തമ്പുരാക്കള്ആണ്. അവരെ ആശ്രയിച്ചും വിധേയപ്പെട്ടും ജീവിക്കാന്‍ കടപ്പെട്ടവര്‍ ഉണ്ട്. എന്നാല്‍ ‘നിരുപാധിക ഇലാഹ്’ അല്ലാഹു മാത്രം. യഥാര്‍ത്ഥത്തില്‍ ആരാധ്യന്‍.‘ലാ മുസ്തഹിഖ ലില്‍ ഉലൂഹിയ്യത്തി ഇല്ലല്ലാഹ്’ =തമ്പുരാന് ആയിരിക്കുന്നതിന് അര്‍ഹനായി അല്ലാഹു ഒഴികെ ആരുമില്ല. മറ്റൊരു തമ്പുരാന് ഉണ്ടെന്നു വരികില്‍ ആകാശഭൂമികള്‍ നാശമടയുമെന്ന് വിശുദ്ധ ഖുറാനിലെ സൂക്തം. ഇക്കാര്യത്തില്‍ പിഴച്ചുപോയവര്‍ പലരുമുണ്ട്. ‘സനവിയ്യ’(ദ്വിദൈവവാദികള്) എന്നൊരു കൂട്ടര് പ്രപഞ്ചത്തിന് ഇരു ദൈവങ്ങള്‍ ഉണ്ടെന്നു കരുതുന്നു. ഗുണകരമായവ മാത്രം ചെയ്യാന്‍ ഒരു ദൈവം, ശര്ര് ചെയ്യാനായി മാത്രം മറ്റൊരാളും. തുബാഇയ്യത്ത് എന്ന പ്രകൃതിവാദികള്‍ പറയുന്നു, ഹറാറത്ത്=താപം, ബുറൂദത്ത്= ശീതം, റുത്തൂബത്ത്= ‘പശര്മ’ (ഈര്‍പ്പം),യബൂസത്ത്= വരള്‍ച്ച എന്നിവ ചേര്‍ന്നല്ലാതെ പ്രപഞ്ചത്തില്‍ ഒന്നും ഉണ്ടാകുന്നില്ല. അതിനാല്‍ ഇന്നാലു അവസ്ഥയാണ് ഉടയതമ്പ്രാക്കള്. എന്നാല്‍ ‘അഫ്ലാക്കിയ്യൂന്’= നക്ഷത്രഭക്തര് വിശ്വസിച്ചത് പ്രപഞ്ചത്തിന്റെ പരമാശ്രയ ശക്തികള്‍ എഴാകുന്നുവെന്നാണ്. ഏഴ് നക്ഷത്രങ്ങള്‍. പിന്നെ ‘വസനിയ്യ’= വിഗ്രഹ പൂജകര്. ഇവരുടെ വിശ്വാസപ്രകാരം പരമേശ്വരന് ഒന്നേയുള്ളൂ. പക്ഷേ, ‘ഇബാദത്ത് എന്ന വണക്കത്തിനു’ അര്‍ഹരായവര്‍ പലതുമുണ്ട്. അവയെ ഇബാദത്ത് ചെയ്താല്‍ ‘ഉണ്ടാക്കിയ തമ്പുരാനെക്കൊള്ള എടതേടി അവനെക്കൊള്ള അവരെ അടുപ്പിക്കുമെന്നും കരുതി ഉറപ്പിച്ചു വണക്കം ചെയ്യുന്നവരാകുന്നു’. പൂവാര്‍ എഴുതുന്നു: “അപ്പളോ, മുന്തി ബിവരിച്ച കാഫിരീങ്ങളെക്കാണെ ഈ കൂട്ടര് ഖൈറായ കാഫിരീങ്ങളായിരിക്കും” (പുറം 84). ഇലാഹായിരിക്കാനുള്ള അര്‍ഹത അല്ലാഹുവിനു മാത്രം വകവെച്ചു നല്കാത്തവരാണിവരെല്ലാം.
‘ചേലുകള്‍’ രണ്ടിനമുണ്ട്. അതായത് പ്രവര്ത്തിക്കുന്നവന് രണ്ടുണ്ട്. ഒന്ന് ഫാഇലു മജാസി = പുറം കാഴ്ചയില്‍ കര്‍ത്താവ്. ഉദാ. മനുഷ്യന്. രണ്ട്, ഫാഇലുഹഖീഖി= അകമേ/ യഥാര്‍ത്ഥ കര്‍ത്താവ്. അത് അല്ലാഹു മാത്രം. “നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തികളെയും അല്ലാഹുവാണ് സൃഷ്ടിക്കുന്നത്” (വി ഖു.). സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും പ്രവൃത്തികളെ ക്കുറിച്ച് കൃത്യമായ വകതിരിവ് ആവശ്യമാണ്. “എല്ലാം അല്ലാഹുവിന്റെ പ്രവൃത്തി യെന്നു തിരിച്ചരിഞ്ഞവന് എല്ലാം സുന്ദരമായി അവനനുഭവപ്പെടും, പ്രത്യക്ഷത്തില്‍ വൈരൂപ്യം ഉണ്ടെങ്കില്‍ പോലും” എന്ന് പാടിയ ദൈവ ജ്ഞാനിയെ ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. ഈ ഘട്ടത്തില്‍ ‘ ലാ ഫാഇല ഇല്ലല്ലാഹ്’ എന്ന ആശയത്തിലേക്കുയരുകയായി ഒരു വിശ്വാസി. “ അപ്പളോ, അഗ്നി കരിക്കുന്നതും കത്തി മുറിക്കുന്നതും ഒജീനം പൈപ്പു (= വിശപ്പ്) തീര്‍ക്കുന്നതും കുടിനീര് ദാഹം തീര്‍ക്കുന്നതും മരുന്നുകള്‍ ശിഫാ ആക്കുന്നതും.. ഈ ചേലുകളൊക്കെയും അതുകളുടെ തന് സ്വഭാവം കൊണ്ട് നടത്തുന്നു , പടച്ചവന്റെ ഖുദ്രത്തും ചേലും കൊണ്ടല്ലെന്ന് പറയുന്നവന് കാഫിറായിരിക്കും. ഇനി അതല്ല, ഈ വസ്തുക്കള്‍ക്ക് അല്ലാഹു ഖുദ്രത്ത് കൊടുത്തത് കൊണ്ട് അതുകള്‍ തന്നെ കരിക്കുകയും മുറിക്കുകയും… മറ്റും ചെയ്യുന്നു എന്ന് പറഞ്ഞാല്‍ കാഫിറായിപ്പോകുന്നതല്ലെങ്കിലും ഫാസിഖായിരിക്കും. ഇനി കരിക്കല്‍, മുറിക്കല്‍… ഇതുകളൊക്കെയും പടച്ചവന് തന്നെ ചെയ്തു നടത്തുന്നുവെങ്കിലും കരിക്കാനും മുറിക്കാനും.. മറ്റും അഗ്നിയെന്നും കത്തിയെന്നും .. പറയുന്ന സബബ് കൂടാതെ ശരിയാകയില്ലെന്ന് പറയുന്നവന് ജാഹിലായിരിക്കും. ചിലക്കാല് (=ചിലപ്പോള്‍) ആ വാക്ക് കുഫ്ര് കൊള്ളെ വലിക്കുമെന്നും പറയപ്പെട്ടിരിക്കുന്നു. ഇനി, കരിക്കുന്നതും മുറിക്കുന്നതും .. മറ്റും പടച്ചവന് തന്നെ നടത്തുന്നു, അഗ്നിയെന്നും കത്തിയെന്നും .. പറയുന്ന സബബുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരിയെന്ന് പറയുന്നവര്‍ സലാമത്തുടയ മുഅമിനായിരിക്കും ”.(പുറം 85). അഗ്നിക്ക് കരിക്കാനുള്ള കഴിവ് നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ ഇബ്രാഹീം നബിയെ അത് കരിച്ചു കളയു മായിരുന്നല്ലോ.. എത്രമാത്രം വകതിരിവ് ലഭിക്കുന്ന വിവരണം!
ജബരിയ്യത്ത്/ താന്തോന്നി സൂഫി..കള്ള ജ്ഞാനികള്‍..
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമയുടെ സാരം ‘ ലാ ഹയ്യ, വലാ ആലിമ, വലാ മുരീദ, വലാ ഖാദിറ, വലാ സമീഅ, വലാ ബസ്വീറ, വലാ മുതകല്ലിമ ഇല്ലല്ലാഹ്” എന്ന അര്‍ത്ഥത്തില്‍ ഉള്‍കൊള്ളലാണ് സ്വിഫത്തുകളിലെ തൗഹീദ് എന്ന് പറയുക. ഹയാത്ത് (ജീവന്), ഇല്മു= ജ്ഞാനം, ഇറാദത്ത് = വേണ്ടുകവെക്കല്, ഖുദ്രത്ത്= ശക്തി, സംഉ്= കേള്‍വി , ബസ്വര്= കാഴ്ച, കലാം= സംസാരം എന്നീ സപ്തഗുണങ്ങള്‍ യഥാര്‍ത്തത്തില്‍ ആര്‍ക്കുമില്ല, അല്ലാഹുവിന്നല്ലാതെ. “ഈ സ്വിഫത്തുകളെ അല്ലാഹു തആലാ അടിയാനില്‍ അമാനത്താക്കിയിരിക്കുന്നു”. അമാനത്ത് ഉടമസ്തനിലേക്ക് ചേര്‍ത്തു പറയണം. അല്ല, ഇവ സ്വന്തമാണെന്ന് നിനച്ചാല്‍ അത് വഞ്ചന മാത്രമല്ല, സ്വിഫാത്തില്‍ പങ്കുചേര്ക്കലായിത്തീരുന്നു. സ്വിഫാത്തുകളുടെ സാക്ഷാല്‍ ഉടമത്വം ആര്‍ക്ക് എന്നിടത്താണ് തൌഹീദും ശിര്‍ക്കും വകതിരിയുന്നത്. അല്ലാതെ, സ്വിഫാതുകളുടെ വലുപ്പവും പെരുപ്പവും എണ്ണവും വണ്ണവുമല്ലെന്ന് വ്യക്തം.
“ ഏയ് ലോകരേ, നിങ്ങളെ പടച്ചു ഉടമയാക്കി പോറ്റി വളര്‍ത്തിയ റബ്ബായ തമ്പുരാനെ നിങ്ങള്‍ തൗഹീദ് എന്ന ഒരുമപ്പാടാക്കിക്കൊള്വീന്”. ഖുര്‍ആനിലെ ഈ ‘രാജകല്പന’ യുടെ അടിസ്ഥാനത്തില്‍ തൌഹീദ് ദാത്ത്/ തൌഹീദുല്‍ വുജൂദ് വിവരിക്കുകയാണ് പൂവാര്‍. പ്രപഞ്ച സൃഷ്ടിപ്പ് തന്നെ ഇതിനുവേണ്ടിയത്രേ. എന്നിട്ടും, “തൗഹീദ് അറിയാത്തവന് മൃഗ ജാതിയോടൊക്കും, ബല് ഹും അളല്ല്”.
ഉള്ളത് അവന് മാത്രം. മറ്റൊന്നും ഇല്ല. ലോകം ഉണ്ട്. അത് വാസ്തവം. ഒന്നിലേറെ ഉള്ളതുണ്ടെങ്കില്‍ ശിര്ക്കായില്ലേ?! ഉള്ളത് ഒന്നിലേറെ ഇല്ലായെന്ന് മറുപടി. “ അത് എങ്ങനെ എന്നാല്‍, ആലത്തിനെ നോക്കിയാല്‍ ഉള്ളതായി കാണുന്നെങ്കിലും അകമിയത്തില് വുജൂദ് മുസ്തഖില്ല് എന്ന പ്രത്യേകമായ ഒരു വുജൂദ് അല്ല.” ലോകം അവന്റെ “മള് ഹര്’ മാത്രം. അവന്റെ പ്രകടനങ്ങള്‍. അതിലൂടെ അവന്റെ സ്വിഫത്ത് തിരിച്ചറിയപ്പെടുന്നു; ആ സ്വിഫത്തുകളുടെ ഉടമയായ ദാത്തിന്റെ അസ്തിത്വം ബോധ്യപ്പെടുന്നു. അതായത്, ‘ലാ മൌജൂദ ഇല്ലല്ലാഹ്’ = ‘അല്ലാഹുവല്ലാതെ ഉള്ളതില്ല’ എന്ന തൗഹീദ് ബോദ്ധ്യപ്പെടുന്നു. ഈ നിലവാരത്തില്‍ എത്തുന്നവര്ക്കിടയില് ‘താന്‍ ഉണ്ട്’ എന്ന തോന്നലിനേക്കാള്‍ വലിയ ശിര്‍ക്കില്ല/ പാപമില്ല. ജുനൈദുല്‍ ബഗ്ദാദി റഹി യുടെ ഈരടികള്‍,.‘കാമില്‍ മുകമ്മിലായ ശൈഖ് ഉമര്‍ വലിയ്യുല്ലാ(കീളക്കര) യുടെ ‘മൊജ്ഞാന പുലമ്പല്‍’ എന്ന പാട്ടിലെ’യും തക്ക്യാ സ്വാഹിബ് അവര്‍കളുടെ മഅരിഫത്ത് മാലയിലെയും കായല്‍പട്ടണം മുഹമ്മദ് ലബ്ബൈ സാഹിബിന്റെ ‘കാരണം കാണിന്തോളി’ യെന്ന പാട്ടിലെയും വരികള്‍ വിഷയത്തെ കൂടുതല്‍ മനോഹരമായി പ്രകാശിപ്പിക്കുന്നു.
തൗഹീദ് വളരെ ജാഗ്രത വേണ്ടിവരുന്ന ഒരു നിലപാടാണ്. അത് “ബാളിനേക്കാള്‍ കൂര്മയും മുടിനേക്കാള് നേര്‍മയും ആയിരിക്കും. അറിവില്ലാത്തവന് ഫിത്നയിലായിപ്പോകുമെന്ന് പേടിച് മുന്‍കടന്ന ഖോജാക്കന്മാര്‍” കണിശമായ പരിധികള്‍ വെച്ചേ ഇത് സംബന്ധമായി വിവരിചിട്ടുള്ളൂ. അവിടം വിട്ടു പോകരൂത്. ചില പിടുത്തം വിട്ട സൂഫികള്‍ വല്ലാതെ ചാടിപ്പോകുന്നത് പൂവാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ “ഇത് ഒരു ഉണര്‍ത്തി പറയലായിരിക്കും: തൗഹീദ് മഅരിഫത്തിനെ ഒരുമിച്ചു കൂട്ടി ഉസ്താദിനെ ക്കൊണ്ട് തരിപ്പെടുത്തി അറിയാതെ, ഫലഫലേ ഫാട്ടുകളും നോക്കി ഒന്നിനെ വിട്ടു ഒന്നിനെ അറിയുന്നതിനാല്‍ ഹഖായ അഖീദനെയും വിട്ട് തെറ്റിപ്പോകുന്നതിനെ അറിയാത്ത സംഗതിയാല്‍ ചിലര്‍, ‘ആര്‍ക്ക് ഇബാദത്ത് ചെയ്യുന്നത്?’, ‘എല്ലാം അവനായിരിക്കെ വണങ്ങുന്നവന് ആരാണ്, വണക്കം കയ്യേല്ക്കുന്നവന് ആരാണ്?’ എന്ന് പറഞ്ഞ്, ജഹല് തരമെന്ന മസ്ത് മികച്ചു നിസ്കാരം നോമ്പ് മുതലായ വണക്കങ്ങളെയും നിസ്സാരമാക്കി, ‘കണ്ടുകുടി’ മസ്താന് നൊടിയും പ്രകാരം നൊടിഞ്ഞു നൊടിഞ്ഞു നടക്കാന്‍ സംഗതിയാകുന്നു.” (പുറം 90). തക്ക്യാ സാഹിബിന്റെ വരികള്‍ :
“കൂറു കെട്ടവന് ഗുണം കെട്ടവന്/ഖുദായെ അറിയാതെ ജഹിലവന്//
താറു മാറാകെ നടക്കിരവന്/ തര്‍ക്കം ശണ്ടകള്‍ കൊടുക്കിറവന്//
നാറ് അവനുക്കായിരിക്കുമെണ്ട്/ നബിയ്യുല്ലാഹ് ഹദീസില്‍ മോഴിന്താര്”
ജ്ഞാന രഹിതരായ സ്വൂഫികളില്‍ പലരെയും അദ്വൈതവാദം പിടികൂടിയിരുന്നു. അവരില്‍ ചിലര്‍ ‘ഞാനാണ് റബ്ബ്’ എന്നെല്ലാം പറയാന്‍ തുടങ്ങി. ‘അനല്‍ ഹഖ്’ തെറ്റിദ്ധരിച്ചതായിരിക്കാം. അല്ലാമാ ജീലി ഇന്‍സാനുല്‍ കാമിലില്‍ , ‘അബ്ദു റബ്ബാകുന്നതല്ല; റബ്ബ് അബ്ദാകുന്നതുമല്ല’ എന്നും, ‘ഖുതുബുല്‍ ആലം ഖോജ മുഹ്യിദ്ധീന് ബ്നു അറബി ഖദ്ദസല്ലാഹു സിറ്രഹു തങ്ങള്‍’ ‘എത്തിര മര്‍തബയില്‍ അടിയാന് കര കേറിയാലും അടിയാന് അടിയാന് തന്നെയായിരിക്കും; റബ്ബാകുന്നതല്ല. ഹഖ് തആലാ അവന്റെ തജല്ലിയാത്തിന്റെ എത്തിര മര്‍തബ ഇറങ്ങിയാലും റബ്ബ് റബ്ബ് തന്നെയായിരിക്കും” എന്നും രേഖപ്പെടുത്തിയത് ഉദ്ധരിച്ചാണ് പൂവാര്‍ അവരെ തിരുത്തുന്നത്.
മാപിള സമുദായത്തെ ജ്ഞാനികള്‍ അഭ്യസിപ്പിച്ച തൗഹീദ് എന്തായിരുന്നുവെന്ന തിരിച്ചറിവിന് വേണ്ടിയാണ് ഈ ഭാഗം വെട്ടിച്ചുരുക്കാതെ ഇത്രയും വിവരിച്ചത്. ദീനുല്‍ ഇസ്ലാമിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ജ്ഞാനികള്‍ ‘ആക്ടിവ്’ ആയിരുന്നുവെന്ന് ബോധ്യമാകാനും ഇതുപകരിക്കും. ഇത്ര കണിശമായ തൗഹീദ് ബോധം നിലനിന്നിരുന്ന, പിഴക്കുന്നവരെ കയ്യോടെ പിടികൂടി ‘ചൂരല്‍ പ്രയോഗിക്കാന്‍’ ജ്ഞാനികളുടെ നിതാന്ത കാവല്‍ ഉണ്ടായിരുന്ന മാപ്പിള സമുദായത്തെ ഒന്നടങ്കം എത്ര ലാഘവത്തോടെയാണ് ‘നവോഥാന മുതലാളി’ മാര്‍ ശിര്‍ക്കിലും ഇരുട്ടിലും തള്ളിയത്? അതിനു തുടക്കം കുറിച്ചത് പൂവാറിന്റെ ശിഷ്യനായ വക്കം മൗലവി ആയിരുന്നുവെന്നതാണ് അതിലേറെ അതിശയം.
3
വഴിതെറ്റിയ സ്വൂഫികള്‍
“ഇതാകുന്നത് തെറ്റു പാടായ തൌഹീദിലും ചിലെ പാട്ടിനെ ബിവരിക്കുന്നതിലും തെറ്റു പാടായ അഖീദ ഉടയവരെ ബിവരിക്കുന്നതിലും പറയുന്ന ഫസ്വലായിരിക്കും”. വളഞ്ഞ ചില സ്വൂഫികളെ പിടിച്ചു നിവര്‍ത്താനുള്ള ശ്രമമാണ് ഈ ഉപാദ്ധ്യായത്തില്.
ജബരിയ്യത്ത് എന്നൊരു പിഴവാദമുണ്ട്. റബ്ബ് ‘മുത്ലഖും അടിമ ‘മുഖയ്യദും’ ആണെന്ന തിരിച്ചറിവില്ലാത്തവര്‍. “അടിയാനിക്ക് ചേലുകളില്‍ ഇഖ്തിയാര്‍ എന്ന തിരയലും പെരുമാറ്റവും ഉണ്ടെന്ന്” അറിയാത്തവര്‍. കാറ്റത്ത് പാറുന്ന തൂവല്‍ പോലെയാണ് മനുഷ്യന്; അവന് സ്വാതന്ത്ര്യമോ തെരഞ്ഞെടുപ്പോ ഇല്ല; അതിനാല്‍ ദോഷത്തിന് ശിക്ഷയില്ല, അവര്‍ വാദിച്ചു. ഇത് ചില സ്വൂഫികളെയും ബാധിച്ചു. അങ്ങനെയെങ്കില്‍, “കള്ളന്റെയും കള്ളത്തിയുടെയും കൈകള്‍ വെട്ടുക”, “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുവീന്‍”, “അവന് ചെയ്യുന്നതിനെക്കുറിച്ചു ചോദ്യമില്ല, എന്നാല്‍ അവര്‍ ചോദ്യം ചെയ്യപ്പെടും” എന്നീ സൂക്തങ്ങളുടെ/ നിര്‍ദ്ദേശങ്ങളുടെ ആവശ്യമെന്തെന്ന് പൂവാര്‍/ അഹ്ലുസ്സുന്ന ചോദിക്കുന്നു. അടിമകള്‍ ചെയ്യുന്ന തിന്മകള് അല്ലാഹുവിലേക്ക് ചേര്‍ത്തു പറയുന്നവര്‍ അദബ് കെട്ടവരത്രെ. കീളക്കര തക്ക്യാ സാഹിബ് തമിഴില്‍ പാടിയല്ലോ. “പൊല്ലാ അമല്‍ ചെയ്തു അവനില്‍ ചേര്‍ത്താല്‍/ പൊല്ലാടാനവന് അദബ് കെട്ടോന്”. ചില പാട്ടുകള്‍ തെറ്റായി വായിച്ചു പിഴച്ചു പോവുകയാണ് ജ്ഞാനരഹിത സൂഫികള്‍. ഖബറില്‍ ചോദ്യം ചെയ്യപ്പെടുന്നത് തടിയോടു മാത്രമാണെന്നും റൂഹ് ചോദ്യം ചെയ്യപ്പെടില്ലെന്നും വേറെ ചിലര്‍ തെറ്റായി ധരിച്ചു.
‘തൗഹീദ് പാട്ടു’കളിലെ ചില പരാമര്‍ശങ്ങള്‍, അവയുടെ സ്രോതസ്സുകളായ “അസലു കിതാബിന്റെ പൊരുളറിയാതെ” തെറ്റായി മനസ്സിലാക്കുന്നവര്‍ക്ക് നേര്വഴികാട്ടുകയാണ് പൂവാര്‍.“തൗഹീദിന്റെ പാട്ടുകളുടെ നേരങ്കമായ അര്‍ഥം വെളിയാകണമെങ്കില് നാല് ഇല്മു ആവശ്യമായിരിക്കും”. ഒന്ന്, അഖീദ ജ്ഞാനം . രണ്ട്, ശരീഅത്ത് = നിയമങ്ങള്‍ . മൂന്ന്, ഇല്‍മുല്‍ ഹഖാഇഖ് ., നാല്,സ്വൂഫി സങ്കേതങ്ങള്‍ . ഈ വക അടിസ്ഥാന യോഗ്യതകള്‍ ഇല്ലാതെ “ആരിഫീങ്ങളുടെ ബൈത്ത് പാട്ട് വചനങ്ങള്‍ക്ക് അര്‍ഥം പറയുന്നത് ഹറാമായിരിക്കുമെന്ന് ഇമാമുകളുടെ ഫതവയില്‍ അറിയപ്പെട്ടിരിക്കുന്നു.”
ആരിഫീങ്ങളുടെ വാക്കുകള്‍ മൂന്നുതരം കാണാം. പ്രമാണ ബദ്ധം, പ്രമാണ മുക്തം, പ്രമാണ വിരുദ്ധം. പ്രാമാണികമായി എതിരില്ലാത്ത രണ്ടാമത്തെ ഇനത്തെ ക്കുറിച്ച് മൌനമാണ് അഭികാമ്യം. വിരുദ്ധമായവ എന്തുവേണം? അവയെ പ്രത്യക്ഷാര്‍ത്ഥത്തില്‍ ചുമത്താതിരിക്കുക. അവരില്‍ നിന്നും വരുന്ന കശ്ഫിയ്യായ വചനവും ഹികമത്തായ വാക്കുകളും “നാം ചിക്കി കുത്തി നോക്കുന്നത് വാജിബല്ല”. എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രമാണ വിരുദ്ധമെങ്കില്‍ അതപ്പടി ഏറ്റുപിടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ക്ഷന്തവ്യമല്ല.
ആട് കോഴികളെ അറുത്തു ഭക്ഷിക്കുന്നതും മനുഷ്യന്റെ വിശിഷ്ടാംഗമായ മുഖം നിലത്തുവെച്ച് പ്രണമിക്കുന്നതും ശരിയല്ലെന്ന് പറയുന്ന , സ്ത്രീ- പുരുഷ ലൈംഗിക ബന്ധം സംബന്ധമായ വിഷയത്തില്‍ ‘വ്യഭിചാരം’, വിവാഹം നിഷിദ്ധമായവര്‍’ എന്നിങ്ങനെ പരിധി വെച്ചത് ശരിയായില്ലെന്ന് വീക്ഷണമുള്ള മറ്റുചില പിഴവാദികളെയും പൂവാര്‍ നിശിത പരിശോധന ചെയ്യുന്നുണ്ട്. വേറൊന്ന് ‘ഹുലൂലിയ്യത്ത്’. അല്ലാഹു സര്‍വ്വ വ്യാപിയെന്നു കരുതുന്നവര്‍. മറ്റൊന്ന്, ‘ഇബാഹിയ്യത്ത്’. “മഅരിഫത്ത് കിട്ടിയാല്‍ പിന്നെ ദോഷം ചെയ്യുന്നതില്‍ ഒരു ഇടങ്ങേറും ഇല്ല: എല്ലാം ഹലാല്‍; ഇബാദത്ത് അപ്രസക്തം” എന്ന് പറയുന്നവര്‍. “നിസ്കാരം നോമ്പ് എന്നിത്യാദി വണക്കങ്ങള്‍ നിര്വ്വഹിക്കുകയെന്ന ബാധ്യത മറികടന്ന മര്‍തബയില്‍ താന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു” എന്ന് വാദിക്കുന്നവനെ വധിക്കുന്നത് നൂറു കാഫിറിനെ കൊല്ലുന്നതിനേക്കാള്‍ പുണ്യകര മാണെന്ന് ഇമാം ഗസാലി റഹി പ്രസ്താവിച്ചിരിക്കുന്നു.
ഇത്യാദി പിഴവുകള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും സൂഫികളെ പിടികൂടിയതിന്റെ പശ്ചാത്തല ചരിത്രം പൂവാര്‍ രേഖപ്പെടുത്തുന്നു: “ഈ ദേശങ്ങളില്‍ ഇതുപ്രകാരം ഉള്ള തെറ്റുപാടായ വാക്കുകള്‍ ചിലര്‍ പറയാന്‍ സംഗതിഎന്തെന്നാല്: കായല്‍പ്പട്ടണം മുതലായ ദേശങ്ങളില്‍ മുന്തി ചിലെ ആരിഫീങ്ങള്‍ ഉലമാക്കള്‍ ഉണ്ടായിരുന്നു. ആയവര്‍ ‘ഫുതൂഹാത്തുല്‍ മക്കിയ്യ’ എന്നും ഫുസ്വൂസ് എന്നും ഇന്സാന് കാമില്‍ എന്നും മറ്റും കിതാബുകളില്‍ ഉള്ള, അറ്റമായ കാമിലീങ്ങളുടെ ചിലെ ഹഖീഖത്തുകള് സിര്‍റുകള്‍ എടുത്ത് ഒര(?)യാക്കി തര്‍ജമ ചെയ്ത ‘നഫ്സുറഹ്മാന്’ എന്നും ‘അസ്രാറുസ്വലാത്ത്’ എന്നും ‘ബയാനുല്ലാഹ്’ എന്നും ‘ചത്താവൊര’ എന്നും എനിയും ‘ഹല്ലാജ് ഒര’ എന്നും മറ്റും, ഇപ്രകാരം മഅനയിട്ട് എശുതിയ തര്‍ജമ ഉരയായ കിതാബുകള്‍ നോക്കി, അതിന്റെ മുറാദ് കരുത്തിനെ തിരിച്ചറിയാന്‍ തക്ക ഇല്മില്ലാത്ത സംഗതിയാല്‍, ഒന്നിരിക്കെ ഒന്നിനെ ഖല്ബില് വിചാരിച്ചു മഅനാ വെച്ച് കൊണ്ടതിനാല്‍ ഈ തെറ്റുകള്‍ വന്നത് , അല്ലാതെ മറ്റൊന്നും അല്ല”.
അന്തസ്സത്ത പ്രാപിക്കാത്ത നിസ്കാരം നോമ്പ് മുതലായ വണക്കങ്ങള്‍ ശിര്‍ക്കായി ഗണിക്കപ്പെടും, ‘മുസ്തഗ്രിക്ക്’ ആയ സൂഫി ( ആണ്ടുപോയ സൂഫി) ‘മുശ്തഗിലായ സൂഫി’യെപ്പോലെ ഫര്‍ള് സുന്നത്തുകള്‍ ഇടമുറിയാതെ അനുഷ്ടിച്ചും വിശന്നും ഉറക്കൊഴിച്ചും ദിക്ര് മുറാഖബയില്‍ മുഴുകിയും കാണപ്പെടുകയില്ല, സ്ത്രീ മുരീദുമായി പുരുഷന്മാരെ പോലെ ഇടപഴകാം, ‘അകത്തെ നിസ്കാര’ത്തിലാകുമ്പോള്‍ ‘പുറത്തെ നിസ്കാര’ത്തിന്റെ ആവശ്യമില്ല എന്നെല്ലാം വാദിക്കുകയും ജദ്ബ് ബാധിതനെപോലെ ‘കുഴഞ്ഞു മറിഞ്ഞു’ സംസാരിക്കുകയും ചെയ്യുന്ന സൂഫികളെയും പൂവാര്‍ പിടികൂടുന്നുണ്ട്.
ഇബലീസിന്റെ ചൂണ്ടയില്‍
ഇബ്ലീസ് ഏറ്റെടുത്തിട്ടുള്ള വഴികെടുത്തലിനെക്കുറിച്ച് അടുത്ത ചര്‍ച്ച. ജലാല്‍, ഇരുള്, വഴികേട് എന്നിവയാല്‍ പടക്കപ്പെട്ടവനാണ് ഇബ്ലീസ്. അവന് തൊണ്ണൂറ്റൊമ്പത് വഴിക്ക് പ്രത്യക്ഷപ്പെടും. ഭൗതിക ലോകത്തിന്റെ സുഖവും ഭംഗിയും വശ്യമാക്കുകയാണ് ഇബ്ലീസിന്റെ പ്രഥമ ജോലി. പിന്നെ വിശ്വാസ വൈകല്യങ്ങളിലേക്ക് വലിച്ചിഴക്കയായി. പ്രകൃതി നിയമങ്ങള്‍, നക്ഷത്ര ചലനങ്ങള്‍, അടിസ്ഥാന മൂലകങ്ങള്‍ തുടങ്ങിയവയാണ് എല്ലാം പ്രവര്‍ത്തിക്കുന്നതെന്ന ആശയം മുന്നോട്ടു വെക്കുന്നു. നക്ഷത്രപൂജ, ജ്യോതിഷം, അഗ്നിയാരാധന എന്നിത്യാദി സങ്കല്‍പ്പങ്ങള്‍ ധരിപ്പിക്കുന്നു. അക്കുഴിയില്‍ വീഴുന്നവര്‍ അവിടെത്തന്നെ കിടക്കുന്നു. അവര്‍ക്ക് അതിലപ്പുറം ലോകമില്ല, അന്വേഷണവുമില്ല. വിശ്വാസികളായ മുസ്ലിംകളെ ‘ശരീരസുഖ’ത്തില്‍ തളച്ചിട്ടശേഷമാണ് മറ്റുവഴിക്ക് തെളിക്കുക. ആദ്യം പരലോക സ്മരണ കുറച്ചു കുറച്ചു കൊണ്ടുവരും, പിന്നെ ഇലാഹീ സ്മരണയും.. തുടര്‍ന്ന് പലതിലും ശങ്കകളായി. ക്രമേണ വിശ്വാസ വൈകല്യവും നിഷേധവും. ഭക്തജനങ്ങളെ സമീപിച്ചു തങ്ങളുടെ വണക്കങ്ങള്‍ ‘ഗംഭീര’മാണെന്ന് തോന്നിപ്പിച്ചാണ് ഇബ്ലീസ് പണി തുടങ്ങുക. ‘അകപ്പെരുമ’ മുളച്ചു കഴിഞ്ഞാല്‍ കാര്യം എളുപ്പമായി. പിന്നെ “ഒരു ആലിമിന്റെ നസ്വീഹത്തിനെയും അവര്‍ ഖബൂല്‍ ചെയ്യുകയില്ല”. ക്രമേണ അമലുകള്‍ കുറയും. സ്വയം ‘വീര്‍ത്തുവീര്‍ത്തു’ പൊട്ടും, മറ്റുള്ളവരെല്ലാം ഇവന്റെ മുന്നില്‍ ‘നിസ്സാരര്‍’. ‘അല്ലാഹു ദയാലുവല്ലേ, ശിക്ഷിച്ചിട്ടു അവനെന്തു നേടാനാ?’ എന്ന ചൂണ്ടയില്‍ കുരുങ്ങുന്ന പലരുമുണ്ട്. അവര്‍ വണക്കങ്ങള്‍ വിട്ട് തെമ്മാടിത്തത്തില്‍ അഭിരമിക്കാന്‍ തുടങ്ങും. ‘പ്രപഞ്ചത്തിന്റെ അകപ്പൊരുള്‍ അല്ലേ അല്ലാഹു; താങ്കള്‍ പ്രപഞ്ചത്തിന്റെ ഭാഗമല്ലേ, അപ്പോള്‍ താങ്കളുടെ അകത്തും അല്ലാഹുവുണ്ടാകില്ലേ?’ എന്ന കെണിയില്‍ പെട്ട എത്രയെത്ര സൂഫികളാ! അവര്‍ സ്വയം ദൈവവും ദൈവാവതാരവുമായി പ്രത്യക്ഷപ്പെട്ടു. തക്ക്യാസാഹിബിന്റെ വരികള്‍: “വള്ളലി റസൂലിന് ശരീഅത്തദൈ / വലിപ്പപ്പെടുത്തിയോന് വലിപ്പമുള്ലോന്”. അല്ലാത്തവരെന്തു സൂഫി?!
സൂഫി കുട്ടികളോട് പൂവാറിന്റെ ഉപദേശം ഇതാണ്: “തെങ്ങ് പന മുതലായിട്ടുള്ള വൃച്ചങ്ങളീന്നു എടുക്കുന്ന ഹലാലായ കുടിനീര്, അല്പം നുരഞ്ഞു പുളിക്കുന്നതുകൊണ്ട് ഹറാമായ കള്ളായിപ്പോകുന്നതിനെ അറിയാത്തവന് ഇത് വൃച്ചത്തില് നിന്ന് എടുത്തത് തന്നെല്ലോ എന്ന് ബിചാരിച് കുടിച്ചു മസ്തുടയവനായി പോകുന്നത്പോലെ, നേരങ്കമായ തൌഹീദില്‍ സ്വല്പമായ വ്യത്യാസം ഉള്കലര്ന്നതിനെ അറിയാതെ ഇത് ഹഖായ തൗഹീദ് തന്നെ എന്ന് ബിചാരിച്ചു തെറ്റിപ്പോകരുത്”.(പുറം 123)
പാലൊഴിച്ചു കളഞ്ഞാല്‍ നെയ്യെവിടെന്നു?
ഈ പശ്ചാത്തലത്തില്‍, ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് ചര്‍ച്ച പ്രസക്തമാണ്. ഉപമകള്‍ കൊണ്ടാണിക്കാര്യം വ്യക്തമാവുക. തിരുവരുളുകള്‍ ശരീഅത്ത്, ചേഷ്ടകള്‍ ത്വരീഖത്ത്, അവസ്ഥകള്‍ ഹഖീഖത്ത്, രഹസ്യങ്ങള്‍ മഅരിഫത്ത് എന്ന അര്‍ത്ഥത്തില്‍ ഒരു ഹദീസ് സൂഫികള്‍ ഉദ്ധരിക്കാറുണ്ട്. “ഏകലിനെ എടുത്തു വിലങ്ങലിനെ ഒഷിച്ചു” ജീവിക്കുന്നത് ശരീഅത്ത്. “അമ്മാറത്താകുന്ന നഫ്സിനെ അടക്കണ്ടതിലേക്കുള്ള നടവടികളായ പയിക്കല്, മുളിക്കല്, തനിക്കല്‍,തവക്കല്‍, സ്വബ്ര്‍, സുഹ്ദ്, നല്ലതായ ചീലഗുണം ഇങ്ങനെയുള്ള കാര്യങ്ങളെ ശീലപ്പെടുത്തി ദിക്ര് ഫിക്ര് മുറാഖബ മുതലായ ഖൈരായ കാര്യങ്ങളെ അളവില്‍ നഫ്സിനെ ശീലിപ്പിച്ചു നടത്തുന്നതായിരിക്കും” ത്വരീഖത്ത്. “ഈ പറഞ്ഞ നടവടി വണക്കങ്ങളാല് നഫ്സു ഫനാവായി ഖല്ഖിയ്യായ റൂഹും അശിഞ്ഞു തജല്ലിയാത്തെന്ന പേര് പെറ്റ് അല്ലാഹു തആലാ അവന് തന്നില്‍ വാസ്വില്‍ ആക്കുന്ന” ഘട്ടമാണ് ഹഖീഖത്ത്. ഇതോടെ , എല്ലാം അവന്റെ വുജൂദ് എന്ന തിരിച്ചറിവില്‍ എത്തുമ്പോള്‍ ‘മഅരിഫത്ത്’ സാധ്യായി. പടിപടിയായുള്ള കയറ്റം. ചാടിക്കടക്കാന്‍ സാധ്യമല്ല.
പാല്(=ശരീഅത്ത്) കടഞ്ഞു (=ത്വരീഖത്ത്) വെണ്ണ (ഹഖീഖത്ത്) യാക്കി നെയ്യെടുക്കു(മഅരിഫത്ത്)ന്ന ഈ പ്രക്രിയയില്‍ പാലിനെ ഒഴിച്ചു കളഞ്ഞാല്‍, എന്നിട്ട് നെയ്യ് തേടിയാല്‍/ ലഭിച്ചുവെന്ന് വീമ്പിളക്കിയാല്‍ അവനെ എന്തുപേരിട്ടു വിളിക്കും? പ്രസിദ്ധ ഗുരു നജ്മുദ്ധീനുല്‍ കുബ്രാ റഹി പറഞ്ഞ മേല്‍ ഉപമ മനോഹരം. കപ്പല്‍ കടലിലിറക്കി ആഴങ്ങളില്‍ ഊളിയിട്ടു മുത്തു കണ്ടെത്തുന്ന സാഹസത്തില്‍ കപ്പലേ ഇല്ലെങ്കില്‍ പിന്നെ?! സൈനുദ്ദ്ധീന് മഖ്ദൂം റഹി യുടെ ഈ ഉപമയും ആര്‍ക്കും ബോധ്യമാകും. ആരിഫ് എന്ന മഹാ പദവി ലഭിച്ച മഹാമനുഷ്യന്റെ രണ്ടു റകഅത്ത് അവിടെയെത്താത്ത ഭക്തന്റെ ആയിരത്തെക്കാള്‍ മഹത്തരമായി സ്വീകരിക്കപ്പെടുന്നു.
ശരീഅത്തിലെ വിധിവിലക്കുകള്‍ കണിശമായി പാലിക്കാന്‍ തുടങ്ങുമ്പോള്‍ ഉയര്‍ച്ചയുടെ വിവിധ പടവുകള്‍ കയറുകയായി. കയറുന്തോറും കണിശത മുറുകുന്നുവെന്നല്ലാതെ അഴിയുകയല്ല. ‘തടി’യുള്ള വല്ലതും അകത്തു കടന്നാല്‍ നോമ്പ് മുറിയുന്നതാണ് ഭക്തിയുടെ തുടക്കം. കണിശത ഏറുമ്പോള്‍, അപരനെ ദുഷിച്ചു പറഞ്ഞാല്‍ തന്നെ നോമ്പ് വ്യര്‍ത്ഥമായി ഗണിക്കുന്നു. കുറച്ചു കൂടി മുന്നോട്ടു പോയാല്‍ , അല്ലാഹുവിന്റെ സ്മരണ ഇല്ലാതാവുന്നതോടെ നോമ്പ് അപ്രസക്തമാകുന്നു. നോമ്പ് തന്നെ ഇല്ലാതാകുന്നതല്ല ഉയര്‍ച്ച, നോമ്പ് പൂര്‍ണ്ണത പ്രാപിക്കലാണ് ആത്മീയ വളര്‍ച്ച.ഇത് ഒരുദാഹരണം. ശരീഅത്ത് (=തുടക്കതലം) പ്രകാരം വെള്ളം/ മണ്ണ് കൊണ്ട് അശുദ്ധി നീങ്ങും. ഇഛകളെ മുക്തമാക്കിയാലേ ത്വരീഖത്തില്‍ (=മുന്നോട്ടുള്ള പാത) പരിശുദ്ധനാകൂ. ലക്ഷ്യ പ്രാപ്തി സാധ്യമായാല്‍(ഹഖീഖത്ത്) അല്ലാഹുവല്ലാത്ത നിഖില വസ്തുക്കളും നീങ്ങി വെടിപ്പാകണം ശുദ്ധി നേടിയെന്ന് പറയാന്‍. ഇത് മറ്റൊരുദാഹരണം.
പൂവാര്‍ സൂഫികളെ വിടുന്ന മട്ടില്ല. ‘അകമിയം’ = പൊരുളുകള്‍/ അസ്രാറുകള് അറിയാതെ നിസ്കരിച്ചിട്ടു ഫലമില്ലെന്ന് പ്രചരിപ്പിക്കുന്ന ത്വരീഖത്തുകാരോട് പൂവാര്‍ സ്നേഹപൂര്‍വ്വം ഉപദേശിക്കുന്നു: “ യാ അഖീ, എന്നാല്‍ അറിയണം എന്റെ സ്നേഹിതാ ഉടപ്പിരപ്പേ, അകമിയം അറിഞ്ഞതില്‍ പിന്നെ നിസ്കരിച്ചാല്‍ മതിയെന്നു പറയാന്‍ ഒരിക്കലും പാടുള്ളതല്ല.”. “ആദം പാദം അറിഞ്ഞു നിസ്കരിക്കണം” എന്ന് ഏതോ പാട്ടിലുണ്ടത്രേ. അതിനാല്‍, അവിടെയെത്താത്തവര് നിസ്കരിക്കരുതെന്നാണ് ആ സൂഫിക്കൂട്ടം കണ്ടുപിടിച്ചത്.! എഴുവയസ്സായാല് കുട്ടികളെ നിസ്കരിക്കാന്‍ കല്പിക്കണമെന്നും പത്തു വയസ്സ് തികഞ്ഞിട്ടും നിസ്കരിക്കുന്നില്ലെങ്കില്‍ അടിക്കണം എന്നുമുള്ള തിരുവരുളിന്റെ പ്രസക്തിയെന്തെന്നു പൂവാര്‍ ചോദിക്കുന്നു. ഓരോരുത്തരും താന്‍ എവിടെയെത്തി നില്കുന്നു, അതിനനുസരിച്ച് എന്തു ചെയ്യണം എന്ന് തിരിച്ചറിയാതെ, ഒരുപാട് വളര്‍ന്നവരെ ‘കുഞ്ഞുങ്ങള്‍’അനുകരിക്കാന്‍ ശ്രമിച്ചാല്‍ നടുവൊടിയാതിരിക്കുമോ?
ഇബാദത്തുകള്‍ വ്യത്യസ്ത മൂന്നു മഖാമുകള്ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്നു. നിബന്ധനകളും അനിവാര്യ ഘടകങ്ങളും പൂര്‍ത്തിയാക്കി നിര്‍വ്വഹിക്കുന്നത് ആദ്യഘട്ടം. തുടര്‍ന്ന്, അല്ലാഹു തന്നെ കാണുന്നുവെന്ന ബോധം ആദ്യമന്ത്യം നിലനിര്‍ത്തുന്ന ഘട്ടം. പിന്നെ, അല്ലാഹുവിനെ താന്‍ കാണുന്നുവെന്ന(മുകാശഫ) ഗൗരവബോധം നിറഞ്ഞു നില്ക്കുന്ന ഘട്ടം. “മുകാശഫ യെന്ന കടലില്‍ മുങ്ങിയതായി നിസ്കരിക്കുന്നവര്‍ തന്നെ ‘അമ്മാറ’ത്തെന്ന നഫ്സിനെയും മറ്റും വിട്ടുകടന്നു, ‘മുത്ത്മഇന്ന’ എന്ന മഹാവാസമുടയ പൂന്തോപ്പില്‍ ‘ലാഹൂത്ത്’ എന്ന കോട്ടക്കകത്ത്, ‘മഖ്അദ് സ്വിദ്ഖ്’ എന്ന ഇരുപ്പ് താനത്തില്‍, ‘വുസ്വൂല്‍’ എന്ന വിരിപ്പിന്റെ മേല്‍ , ‘റാളിയത്ത് ‘ എന്ന തുകിലാടയും ഉടുത്ത്, ‘മര്‍ളിയ്യ’ എന്ന ഖമീസും അണിഞ്ഞ്, ‘കാമില’ എന്ന തലേക്കെട്ടും കെട്ടി, മഅരിഫ’ എന്ന പശവും തിന്ന്, ‘മഹബ്ബത്ത്’ എന്ന കുടിനീരും കുടിച്ച്, ‘ഖുര്‍ബ്’ കൊണ്ടും ‘മുനാജാത്ത്’ കൊണ്ടും നേരംപോക്കാക്കുന്ന ‘മുഖര്രബീങ്ങള്’ ആയ ഔലിയാക്കള്‍ ആരിഫീങ്ങള്‍ ആയിരിക്കും.”
വേറെചില സൂഫികളുടെ ദുര്‍ബോധനം ഇങ്ങനെ: “ഇബ്ലീസ് തലവെച്ച സ്ഥലത്ത് ഞങ്ങള്സുജൂദ് ചെയ്യില്ല; അങ്ങനെയൊരു സ്ഥലം ഇല്ലായ്കയാല്‍ ഞങ്ങള്‍ നിസ്കരിക്കുന്നുമില്ല”. പോരേ പൂരം?! ഭൂമി മുഴുവന്‍ സുജൂദ് ചെയ്യാനുള്ള ഇടമാക്കി അല്ലാഹു തിരുദൂതര്‍ക്ക് വിട്ടുകൊടുത്തിട്ടും ‘രാജാവിനേക്കാള്‍ വലിയ രാജഭക്തി’ നടിക്കുകയാണ് ഇവര്‍. ആദം നബി മുതല്‍ അന്ത്യപ്രവാചകര് സ്വ വരെയുള്ള നബിമാരും പരകോടി ഔലിയാക്കളും ചെയ്തുപോയ സുജൂദുകള്‍ മുഴുവനും വ്യര്ഥമായത്രെ?! ഇങ്ങനെ പലവക ദുര്ന്യായങ്ങള് പറഞ്ഞ് ധരിപ്പിച്ചു ഭക്ത ജനങ്ങളുടെ സുജൂദ് തടയുന്ന ഇവര്‍ അബൂ ജഹലിന്റെ ത്വരീഖത്താണ് സ്വീകരിച്ചിരിക്കുന്നത്.
വിവരണങ്ങള്‍ക്കപ്പുറം നില്ക്കുന്ന മഹത്തായ ഒരു ഇബാദത്താണ് നിസ്കാരം. അതിലടങ്ങിയ പൊരുളുകള്‍ അനന്തമാണ്. നേര്‍ക്കുനേര്‍ സാമ്പത്തിക ബന്ധമുള്ളതല്ലാത്ത മറ്റെല്ലാതരം ഇബാദത്തുകളുടെയും സമജ്ഞസമായ സമ്മേളനമാണ് നിസ്കാരം. അതിലെ ഓരോ ശരീരവടിവും അര്‍ത്ഥഗര്‍ഭമാണ്. ഓരോ അനക്കങ്ങളും അടക്കങ്ങളും ഒരുപാട് ആശയങ്ങള്‍ ഉള്ളടങ്ങിയതാണ്. ആത്മികവും സാമൂഹികവുമായ മനുഷ്യാവസ്ഥകള്‍ നിസ്കാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം. ശരീഅത്തില്‍ തുടങ്ങി ഹഖീഖത്തില്‍ ഫിനിഷ് ചെയ്യുന്ന ആദ്ധ്യാമിക യാത്രയാണ് നിസ്കാരം. മൃഗാവസ്ഥ വിട്ടു മനുഷ്യന് മാലാഖയാകുന്ന അഭ്യാസമത്രേ നിസ്കാരം. പ്രാപഞ്ചിക വസ്തുക്കളുടെ പ്രണാമ വടിവുകളെല്ലാം നിസ്കാരത്തില്‍ ഉള്‍പെടുന്നുണ്ട്. ഓരോ ഘട്ടങ്ങളും ഒന്നിനൊന്ന് മികച്ചതാണെങ്കിലും സുജൂദിലെത്തുമ്പോള് ഭക്തന് ആരാധ്യസമക്ഷത്തിലെത്തുന്നു. മുസ്ലിം ജന സാമാന്യത്തെ നിസ്കാരത്തിന്റെ സാകല്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുപകരം, അവരുടെ നിസ്കാരം പോലും ഇല്ലാതാക്കുന്ന കപട സ്വൂഫികളുടെ സാന്നിദ്ധ്യം മഹാ ആപത്തു തന്നെ. പൂവാര്‍ ഗുണകാംക്ഷ വിടാതെ അവരെ കണക്കിന് പറയുന്നുണ്ട്. ‘നാല്പതാണ്ട് കാലം ഇശാ തൊളുത വുളു കൊണ്ട് സ്വുബ്ഹ് തൊളുത’ ജീലാനി തങ്ങളുടെ പേരില്‍ സംഘടിക്കുന്ന സൂഫിക്കെങ്ങനെ നിസ്കാരം ഒഴിക്കാന്‍ സാധിക്കുന്നുവെന്നാണ് പൂവാര്‍ അത്ഭുതപ്പെടുന്നത്.
നിസ്കാരത്തിന് പകരം അതാതു സമയത്ത് ദിക്ര് ചെയ്താല്‍ മതി എന്നും ചില സൂഫികള്‍ പറഞ്ഞിരുന്നു. ഉമര്‍ ഖാസി റഹി യുടെ നഫാഇസില് നിന്നുള്ള ഈരടികള്‍ പൂവാര്‍ ഉദ്ധരിക്കുന്നു. “ദാഇമായ ദിക്രോ നീളമേറിയ ഫിക്രോ ഫര്‍ദു നിസ്കാരങ്ങള്‍ക്ക് പകരമാകില്ല”. നിന്ന് നിസ്കരിക്കാന്‍ ശേഷിയില്ലത്തവന് ഇരുന്നും അതിനു കഴിയാത്തവര്‍ കിടന്നും നിസ്കരിക്കണമെന്ന നിര്‍ദ്ദേശം, യുദ്ധ സന്ദര്‍ഭത്തിലെ നിസ്കാര രൂപം ഖുറാനില്‍ വിവരിച്ചത് എല്ലാം എന്തിന്, ദിക്ര് ചെയ്താല്‍ മതിയെങ്കില്‍?! ഇബ്ലീസിന്റെ മുഖ്യ വേല “ ദിക്രില്‍ നിന്നും നിസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുക”യാണെന്ന് അള്ളാഹു ഉണര്‍ത്തുന്നത് ഈ ഇബ്ലീസിന്റെ കൂട്ടളികളോട് എടുത്തു പറയേണ്ടത് തന്നെ. സൂഫി പ്രമുഖരുടെ കിതാബുകള്‍ നിരത്തിയാണ് പൂവാര്‍ സൂഫി കപടരെ തുരത്തുന്നത്.
4
ശൈഖിനെ തുടരല്‍, സില്‍സിലകള്‍
ഒരിക്കല്‍ നബി സ്വ തന്റെ സന്നിധിയിലുള്ള ശിഷ്യന്മാരോട് “നിങ്ങളുടെയിടെയില് അന്യരായി ആരുമില്ലല്ലോ?” എന്നന്വേഷിച്ചു ഇല്ലെന്നുറപ്പുവരുത്തിയ ശേഷം പറഞ്ഞു: “നിങ്ങള്‍ കൈകള്‍ ഉയര്‍ത്തി ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുവീന്” അവരങ്ങനെ ആവേശത്തോടെ പറഞ്ഞു. അപ്പോള്‍ നബി സ്വ അവരുടെ കൈകള്‍ക്ക് മേല്‍ തന്റെ തിരുകരം വെച്ച് പ്രാര്‍ഥിച്ചു : “അല്‍ഹംദ്ലില്ലാഹ്, അല്ലാഹുവേ ഈ വിശുദ്ധ വചനവുമായി നീയാണ് എന്നെ അയച്ചത്; അത് സ്വീകരിക്കുന്നവര്‍ക്ക് നീ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. നീ വാക്ക് ലംഘിക്കുന്നവനല്ല”. എന്നിട്ട് ശിഷ്യരോട് പറഞ്ഞു: “ നിങ്ങള്‍ സന്തോഷിച്ചു കൊള്‍ക; അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തിരിക്കുന്നു”. പിന്നീട് സ്വഹാബികള്‍ പിന്‍ഗാമികള്‍ക്ക് ഇപ്രകാരം സന്ദേശം പകര്‍ന്നു. അവര്‍ അവരുടെ പിന്ഗാമികള്ക്കും. അങ്ങനെ “ഗുരു” ശ്രുംഖലയിലൂടെ ആ വിശുദ്ധ കലിമ അതിന്റെ ചൈതന്യത്തോടെ, ചാരുതയോടെ കൈമാറ്റം ചെയ്യപ്പെട്ട് ഇന്നുവരെ നിലനിന്നു.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിശുദ്ധ കലിമ ചൊല്ലിത്തരാന്‍ ഒരു ‘പ്രതിനിധി’ വേണം. മാതാപിതാക്കള്‍, ഉസ്താദുമാര്‍ വളര്‍ച്ചയുടെ അതാതുഘട്ടത്തില്‍ പകര്‍ന്നു തന്ന മഹിത വചനം, ‘ഐനുല്‍ യഖീനിലെക്കും ഹഖുല്‍ യഖീനിലേക്കും പറക്കാന്‍ ഒരുങ്ങുന്ന ജ്ഞാനിയായ സാധകന് ഒരു ശൈഖില്‍ നിന്നും ഏറ്റു ചൊല്ലണം. തിരു വചനത്തിന്റെ തിളക്കം വര്ദ്ധിപ്പിക്കനാവശ്യമായ പരിശീലനമുറകളും അദ്ദേഹം നിര്‍ദ്ദേശിക്കും. അവരാണ് “അവനിലേക്കുള്ള വസീല തേടുവീന്‍” എന്ന് ഖുറാന് കല്പിച്ച വസീല. ‘വസ്വലത്തു സ്സാലികീന്‍’ എന്ന കിത്താബില്‍ അപ്രകാരം വ്യാഖ്യാനിച്ചതായി പൂവാര്‍ പറയുന്നു. ‘ഗുരുവില്ലാത്തവന്റെ ഗുരു പിശാചായിരിക്കു’മെന്ന അബൂ യസീദില്‍ ബിസ്ത്വാമിയുടെ പ്രസ്താവന തത്വത്തില്‍ വാസ്തവമാണ്. “തനിക്ക് താന്‍ മതിയെന്ന് കരുതുകയും തന്റെ പക്കലുള്ള അറിവില്‍ വഞ്ചിതനാവുകയും ചെയ്യുന്നവന് പിശാചിന്റെ വഴികെടുത്തലിനു തന്നെ വിട്ടുകൊടുക്കുകയാണ്”എന്നാണല്ലോ. “അല്ലാഹുവിനെ ലക്ഷ്യം വെച്ചവന്നു അനുഗമിക്കാന്‍ കൊള്ളുന്ന ഒരു ഗുരു/ ഉസ്താദ് ഇല്ലാതിരിക്കുക വയ്യെ’ന്ന് ഇമാം ഗസാലി റഹി പ്രസ്താവിച്ചതും അതുതന്നെ. ഗുരുവില്ലാത്തവന് വഴിയില്‍ കണ്ടുകിട്ടിയ പിതാവില്ലാത്ത കുഞ്ഞിനെപ്പോലെയെന്നും പറയാറുണ്ട്. “ഖല്‍ബിന്റെ കിലശങ്ങളെയും അതിന്റെ മരുന്നുകളെയും അറിഞ്ഞു, തൌഹീദില്‍ തരിപ്പെടുന്നത് വാജിബാകയാലും , ആയത് ഉസ്താദിനെ ക്കൊണ്ട് സാധിക്കണ്ട കാര്യമാകയാലും, ആയതിനെ അറിഞ്ഞു കൊടുക്കുന്ന ശൈഖിനെ തുടരുന്നത് വാജിബായിരിക്കുമെന്ന് ഖുതുബ് ശഅരാനി എന്ന ഖോജാ ‘അന് വാറുല്‍ ഖുദ്സിയ്യ’ എന്ന കിത്താബില്‍ പറഞ്ഞതിനാല്‍ അറിയപ്പെടുന്നു”. നിപുണനായ ഒരു വൈദ്യനെ കണ്ട് രോഗം മാറ്റാന്‍’ നിര്‍ദേശിക്കുന്ന അല്ലഫല്‍ അലിഫിലെ വരികള്‍ പ്രസ്താവ്യമാണ്.
ആരാണ് ശൈഖ്? നബി സ്വ യുടെ ‘പ്രതിനിധി’ യെന്നു ഒറ്റവാക്കില്‍ പറയാം. സംസ്കരണ പ്രക്രിയയില്‍ ഈ പ്രാതിനിധ്യം നിര്‍വഹിക്കാന്‍ കൊള്ളാവുന്ന ബഹുമുഖ മഹത്വം ‘ശൈഖിനു അനിവാര്യമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മുരീദിനോട് ശൈഖിനു പദേശിക്കാനുള്ള പ്രഥമവും പ്രധാനവുമായ കാര്യം, “ബിദ്അത്തുകള്‍ ഒഴിച്ച് ഖുര്‍ആന്‍ ഹദീസിന് പടി അമല്‍ ചെയ്യുക” എന്നുതന്നെ. എന്നാല്‍ എത്ര വേഗത്തിലാ പലരും ബിസ്താനിയും ഹല്ലാജും ശൈഖുല്‍ അക്ബറുമൊക്കെ ആയി നടിക്കുന്നതെന്ന് പൂവാര്‍ അതിശയിക്കുന്നു.
ഇരുപത് പ്രധാന സൂഫി മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുകയാണ് അടുത്ത ഭാഗത്ത്. ഓരോ ത്വരീഖത്തിന്റെയും അടിസ്ഥാന തത്വങ്ങളും പരിശീലനങ്ങളും വിവരിക്കുന്ന കിതാബുകളുടെ പേരുകള്‍ വിവരിച്ചത് വളരെ ഉപകാരപ്രദമായി. എല്ലാ വഴികളും, മഖ്ദൂം അവ്വല്‍ പാടിയപോലെ, ഖുര്‍ആന്‍ ഹദീസിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയവയാണ്. ഏതു വഴിയും സ്വാഗതാര്‍ഹം. ആര്‍ക്കും ഇക്കാര്യത്തില്‍ “സംഘടനാ” വാശിയും വീറും ഇല്ല. ഒന്നിലേറെ, അല്ല ഒരേസമയം ഒട്ടേറെ വഴികളില്‍ പാസ് എടുത്തവരായിരുന്നു മിക്ക ഗുരുക്കളും. തമിഴ്നാട്ടിലെ ഷാഹുല്‍ ഹമീദ് നാഗൂരി റഹി അവരുടെ ശൈഖ് മുഹമ്മദ് ഗൌസ് റഹി യില്‍ നിന്നും ചിശ്തിയ്യ, ഖാദിരിയ്യ, ത്വബഖാത്തിയ്യ, സുഹ്രവര്ദിയ്യ, ശത്വാരിയ്യ എന്നീ അഞ്ചു വഴികളിലേക്കുള്ള സമ്മതം വാങ്ങിയിട്ടുണ്ട്. “സയ്യിദുനാ അശൈഖ് ജിഫ്രി എന്ന ശൈശൈഖ് കോയാ തങ്ങള്‍ അവര്‍കള്‍ ഖാദിരിയ്യ, നഖ്ഷബന്ദിയ്യ മുതലായ ത്വരീഖുകളില്‍ അവരെ ശൈഖ് സയ്യിദ് മുഹമ്മദ് ബ്നു ഹാമിദ് എന്ന വലിയ സീതിക്കോയ തങ്ങള്‍ അവര്‍കളെ തൊട്ട് തുടര്ച്ചഉടയവരായിരുന്നു” എന്ന വെളിപ്പെടുത്തല്‍ പല ചരിത്ര സത്യങ്ങളിലേക്കുമുള്ള സൂചനയാണ്. നഖ്ഷബന്ദി പാത ‘സിദ്ധ്വീഖി’യാണെന്ന കാര്യം സുവിദിതമാണല്ലോ. യോഗ്യനായ ശൈഖിനെ കണ്ടുപിടിക്കുന്ന കാലമത്രയും ഖുറാന് ഹദീസ് പ്രകാരം ജീവിക്കുവാന്‍ മഹാഗുരു അബ്ദുല്ലാഹില്‍ യാഫിഈ റഹി ഉപദേശിക്കുന്നു.
സില്സിലകളെ കുറിച്ചും അവ അറിഞ്ഞിരിക്കേണ്ട ആവശ്യത്തെ സംബന്ധിച്ചും പൂവാര്‍ വിവരണം തുടരുന്നു. ഒരു ത്വരീഖില്‍ പ്രവേശിച്ച യാത്രികന് താന്‍ ആരുടെ ചങ്ങലയിലാണ് പിടിച്ചിട്ടുള്ളതെന്ന അറിവ് നേടല്‍ നല്ലതാണ്. ആത്മീയ ഭാഷയില്‍ അവര്‍ അയാളുടെ പിതാവും പിതാമാഹന്മാരുമാണ്. അങ്ങനെ ആത്മീയ കുല പിതാവ് തിരുനബിയുമായി തനിക്ക് ആത്മ ബന്ധം ഉറപ്പിക്കാന്‍ കഴിയുന്നു. ഖാദിരീ, ശാദുലീ, നക്ഷ്ബന്ദി സില്‍സിലകള്‍ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.
ത്വരീഖത്ത് പാതയില്‍ നല്കുന്ന പാഠങ്ങളില്‍ പ്രധാനം ദികൃല്ലാഹിയത്രെ. ദിക്രിന്റെ മഹത്വം പറയുന്ന ഭാഗത്താണ് നാമിത് വായിക്കുന്നത്. എല്ലാ ഇബാദത്ത്കള്‍ക്കും സമയം, രൂപം, നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ദിക്രിനതില്ല. സമയമില്ല, പരിധിയില്ല, നിബന്ധനയില്ല, ഇരുന്നും നിന്നും കിടന്നും ദിക്ര് ചെയ്യാം. ബുദ്ധിസ്ഥിരത ഉള്ളപ്പോഴെല്ലാം ദിക്ര് സാധിക്കും. ഒറ്റ അനുബന്ധമേ ദിക്രിനോടൊപ്പം പറയാനുള്ളൂ. ‘കസീറന്‍’= ധാരാളമായി ദിക്ര് ചെയ്യുക എന്നത്രെ അത്. ഹല്‍ഖയായി കൂട്ടം കൂടി ദിക്ര് ചെയ്യുന്നതിന്റെ ഫലവും മഹത്വവും ഏറെയാണ്. ദിക്രിന്റെ ഇനത്തില്‍ വമ്പന്‍ ‘അന്‍ഫാസിന്റെ ദിക്ര്’ എന്ന് വിളിക്കപ്പെടുന്ന ഇനമാണ്. നിനവ് കൊണ്ടും ശ്വാസംകൊണ്ടും ചെയ്യുന്ന ദിക്ര്. അതിന് പ്രത്യേക പരിശീലനം നേടണം. പല ഗുരുക്കന്മാരും വിവിധ ദിക്ര് രൂപങ്ങളും പതിവുകളുമാണ് നിര്‍ദ്ദേശിക്കുക. ആത്മീയ വളര്ച്ചയ്ക്കനുസൃതമായും ദിക്റുകള്‍ അവര്‍ ‘മാറ്റി എഴുതും’. എന്നാല്‍,ദിക്രുപേക്ഷിക്കുന്നവന്റെ കാര്യം മഹാ അപകടം. ജപം മാത്രമല്ല ദിക്ര്. പ്രാര്‍ത്ഥന ദിക്രാണ്. സ്വലാത്തും ഇസ്തിഗ്ഫാരും ദിക്രിന്റെ വകഭേദങ്ങളാണ്. അവന്റെ വിധിവിലക്കുകള്‍ പറയുന്നതും പാലിക്കുന്നതും ദിക്ര് തന്നെ. അവന്റെ ഇഷ്ടവ്യക്തിത്വങ്ങളെ അനുസ്മരിക്കുന്നതും ദിക്രാണ്. ജ്ഞാന സംബന്ധമായ സംസാര ആലോചനകള്‍ ദിക്രാണ്. അല്ലാമാ ഇബ്നു അത്വാഇല്ലാഹി റഹി യുടെ മിഫ്താഹുല്‍ ഫലാഹ് ഉദ്ധരിച്ചു പൂവാര്‍ വിശദീകരിക്കുന്നു. ഹലാലായ പ്രവൃത്തികളില്‍ മുഴുകുമ്പോള്‍ ഉദ്ദേശ്യ ശുദ്ധിയുണ്ടെങ്കില്‍ അതും ദിക്രായി മാറുന്നതാണ്.
തുടര്‍ന്ന് , മുറാഖബ മുശാഹദ എന്നീ അവസ്ഥകളെകുറിച്ചാണ് വിവരണം. “അല്ലാഹ് എന്നു പറയുക: പിന്നെ അവരെ അവഗണിക്കുക” എന്ന വിശുദ്ധ കല്പനയില് നിന്നും പൊരുള്‍ ഉള്‍ക്കൊണ്ട്, അല്ലാഹ് എന്ന പരിശുദ്ധ ഇസ്മിനെ ഖല്ബില് ‘ഇറക്കി’ അവിടെ അല്ലാഹുവിനെ ദര്‍ശിക്കുന്ന മുശാഹദയുണ്ട്. “നിന്റെ കിതാബ് വായിച്ചുനോക്ക; ഇന്നേദിനം നിനക്ക് നീ തന്നെ മതി വിചാരണക്ക്” എന്ന ഉല്‍ബോധനം ഉള്‍ക്കൊണ്ട്, തന്റെ അവസ്ഥയെ കണ്കൊണ്ട് കാണുക. അങ്ങനെയും ഒരു മുശാഹദ. “പറയുക: നിങ്ങള്‍ അല്ലാഹുവിനെ പിരിശം വെക്കുന്നെങ്കില്‍ എന്നെ നിങ്ങള്‍ അനുഗമിക്ക: അവന് നിങ്ങളോടും പിരിശപ്പെടും” എന്ന സൂക്തത്തിലെ ആഹ്വാനം മനസ്സിലാക്കിയുള്ള മുശാഹദയാണ് അടുത്ത ഇനം. ഇതിന്റെ രൂപം കാമിലായ ശൈഖില്‍ നിന്നും പഠിക്കാനാണ് പൂവാറിന്റെ ഉപദേശം. എന്നെ നഫീ(=ഇല്ലെന്ന് ധരിക്ക) ചെയ്ത് അവനെ സുബൂത്ത് ആക്കുന്ന അവസ്ഥയാണ് മുറാഖബ. മുറാഖബയില്‍ നിന്നും മുശാഹദയിലേക്ക് കുതിക്കുക. “അവനെ കാണുന്ന പ്രകാരം നീ അവനെ വണങ്ങ; നീ അവനെ നഗ്ന ദൃഷ്ട്യാ കാണുന്നില്ലെങ്കിലും അവന് നിന്നെ സദാ കാണുന്നുവല്ലോ”, ഈ തിരുവരുള്‍ തന്നെയാണ് ഇവയുടെയെല്ലാം ഊര്‍ജ്ജം. ശൈഖ് ജുനൈദുല്‍ ബഗ്ദാദി റഹി യുടെ മുറാഖബയിലെ ഗുരു ഒരു പൂച്ചയായിരുന്നു. വഴിയില്‍ ഒരുപൂച്ചയെ കണ്ടു. മാളത്തില്‍ ഒളിഞ്ഞിരിക്കുന്ന എലി പുറത്തു ചാടുന്നതും നോക്കി പൂച്ച പതിഞ്ഞിരിപ്പാണ്. നിശബ്ദം, സാകൂതം, നിശ്ചലം. രോമം പോലും ഇളകുന്നില്ല; ശ്വാസ ശബ്ദമില്ല. ഗുരു പറയുന്നു: രംഗം വീക്ഷിച്ച എന്റെ ഉള്ളിലൊരു സന്ദേശം മണിയടിച്ചു: “പൂച്ചയുടെ ജാഗ്രത കണ്ടോ?”
ഹൃദയത്തില്‍ വിശുദ്ധി വരുത്തണമെങ്കില്‍ ആദ്യം അതിന്റെ പ്രകൃതവും വികൃതികളും അറിയണം. അതിനാല്‍ ഹൃദയ രഹസ്യങ്ങളിലേക്കാണ് പൂവാര്‍ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഖല്ബിന് ഏഴു തലങ്ങളുണ്ട്.ഒന്ന് ദിക്രിനുള്ളത്. രണ്ട്, ഇഷ്ഖ് = പ്രേമിക്കാനുള്ളത്. മൂന്ന്, മഹബ്ബത്= സ്നേഹമിരിക്കുന്ന ഇടം. നാല്, സിര്ര് എന്നറിയപ്പെടും. അഞ്ച്, റൂഹ് അധിവസിക്കുന്ന കേന്ദ്രം. ആറു, മഅരിഫത്ത് ശേഖരിക്കുന്ന ഭാഗം. ഏഴ്, ഫഖ്ര്= ദൈവശ്രയമെന്ന അവസ്ഥയുടെ സ്ഥാനം. ഇപ്രകാരം നഫ്സുകള്‍ ഏഴാണ്. അമ്മാറ, ലവ്വാമ, മുല്‍ഹിമ, മുത്ത്മഇന്ന, റാളിയ, മര്‍ളിയ്യ, കാമില എന്നിവ. ഇവയുടെ തനി പ്രകൃതവും ചികിത്സാ വഴികളും വിവരിക്കിന്നത് തുടര്‍ന്ന് വായിക്കാം. അന്തര്‍ജ്ഞാനങ്ങളെ ക്കുറിച്ച് പറയുമ്പോള്‍ പൂവാര്‍ വീണ്ടും വഴികെട്ട സൂഫികളെ തിരുത്തുകയാണ്. തൗഹീദ് പാട്ടുകള്‍ അതിന്റെ മൂല സ്രോതസ്സുകള്‍ പരിശോധിക്കാതെ അര്‍ഥം കല്പിക്കുന്നതില് അവര്‍ക്ക് സംഭവിക്കുന്ന പിഴവാണ് ഇവിടെയും വിഷയം. ‘ഹല്ലാജെ കൊല്ലുന്ന അന്നു ഞാനുണ്ടെങ്കില്/ അപ്പോള്‍ അവര്‍ കൈ പിടിപ്പാന്‍ ഞാനെന്നോവര്’ എന്ന മുഹ്യിധീന് മാലയിലെ വരികളെ അര്‍ഥം തെറ്റിച്ച് , ഹല്ലാജിനെ വധിക്കുന്നവരുടെ കൈ പിടിച്ചു തടയുമെന്നാണ് ശൈഖ് പറയുന്നത്, വധ ശിക്ഷ വിധിച്ചവര്ക്കത്രേ പിഴച്ചത് എന്നെല്ലാം വ്യാഖ്യാനിക്കുന്ന സൂഫികള്‍ ഹല്ലാജിനെപ്പോലെ വിഹരിക്കാന്‍ ന്യായം കണ്ടെത്തുകയായിരുന്നു. അത് മൂല സ്രോതസ്സിന് വിരുദ്ധമായ അര്ത്ഥകല്പനയാകുന്നു. ബൈബിളിലെ ‘പിതാവിനെ’ ജനകന് എന്ന അര്‍ത്ഥത്തിലുള്ള പിതാവായി തെറ്റുദ്ധരിക്കുകയും അങ്ങനെ ഈസാ നബിയെ പിതാവിന്റെ പുത്രനാക്കുകയും ചെയ്ത ക്രിസ്ത്യാനിക്ക് സംഭവിച്ചതും ഇതുതന്നെ.
അര്‍ത്ഥ വ്യതിയാനത്തില്‍ ‘കാടും മലയും കയറുന്ന’ സൂഫികളെ കുറിച്ചു പറയവേ, ബുഖാറയില്‍ കോയക്കുട്ടി തങ്ങള്‍ പ്രസിദ്ധമായ ‘വൈതുല്യ’ത്തില്‍, അപകട ധ്വനിയുള്ള സൂഫി പാട്ടുകള്‍ പാടുന്നത് വിലക്കിയ കാര്യം പൂവാര്‍ ഉണര്‍ത്തുന്നു.
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന മഹാ വചനത്തിന്റെ പോരിശകള്‍ വിവരിക്കുകയാണ് അടുത്ത അദ്ധ്യായത്തില്‍. ആശയപ്പോരുളുകള് ക്കൊപ്പം അക്ഷരങ്ങളുടെയും പദങ്ങളുടെയും എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ‘രഹസ്യങ്ങ’ളും വെളിപ്പെടുത്തുന്നു. അല്ലാഹ് എന്ന ജലാലത്തിന്റെ ഇസ്മുച്ചരിക്കൊമ്പോള് ലാ കനപ്പിക്കുന്നതിനു പകരം ളാദ്/ ളാ ആയിപ്പോകരൂത്. ‘മഹാ നാമം ‘ അല്ലാഹ് തന്നെയാകുന്നു. അതിനുള്ള ഒട്ടേറെ ന്യായങ്ങളും ജ്ഞാനികളുടെ പ്രസ്താവനകളും നിരത്തുന്നു. തുടര്‍ന്ന് , സ്വലാത്തിന്റെ മഹത്വങ്ങളെ ക്കുറിച്ച് വിവരിക്കുന്നു. “ആദരവായ നബി സ്വ യുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നത് “ആഹ്ലുസ്സുന്നിയാ എന്ന സലാമത്ത് പെറ്റെ കൂട്ടക്കാരുടെ അടയാളമായിരിക്കു”മെന്ന് സൈനുല്‍ ആബിദീന്‍ എന്ന ഖോജാ പറയുന്നു. സ്വലാത്ത് എന്ന അമല്‍ ഖബൂല്‍ ചെയ്യപ്പെടാതിരിക്കില്ല. “ഇനി ലോകമാന്യത്തെ കരുതിയാലും സ്വലാതിനു സവാബുണ്ടാകുമെന്ന് ഇമാം ശാതബി എന്നവരും ഇമാം സനൂസി എന്നവരും പറഞ്ഞതായി ഇര്‍ഷാദുല്‍ മുരീദ് എന്ന കിത്താബില്‍ പറഞ്ഞിരിക്കുന്നു”.
ആദരവായ നബി തങ്ങളുടെ മഹത്വം അനുസ്മരിക്കുകയാണ് പിന്നീട്. ആദ്യ സൃഷ്ടി പരിശുദ്ധ നബി യുടെ പ്രകാശംആകുന്നു. എല്ലാ പ്രാപഞ്ചിക രഹസ്യങ്ങളുടെയും മൂല കേന്ദ്രമാണ് അവിടുന്ന്. തിരുനബി സൂര്യനാണ്; പൌര്‍ണ്ണമിയാണ്. അവിടുത്തെ ഖസാഇസുകള്‍ ധാരാളമുണ്ട്; മറ്റാര്‍ക്കും ലഭിക്കാത്ത ആദരവുകള്‍. അവിടുത്തെ പിരിശം വെക്കുന്നത് ഫര്ലാകുന്നു/ “ തങ്ങളെ പിരിശം വെച്ചതിന് മുഖ്യമായ അടയാളം തങ്ങളോടു തുടരുന്നതും തങ്ങളെ വഴിയില്‍ നടക്കുന്നതുമായിരിക്കും”. സംഗതി ശരിതന്നെ. “എന്നാല്‍ അറിയണം: ഹഖ് തആലാനെ പിരിശം വെക്കുന്നത് മുന്തിക്കപ്പെട്ട ഫര്ലായിരിക്കും”. ചിത്രത്തില്‍ നിന്നും അല്ലാഹുവേ മായ്ച്ചുകളയുന്ന വിധത്തിലുള്ള ‘പ്രവാചക സ്നേഹ’ പ്രകടനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് മേല്‍ പ്രസ്താവന പ്രാധാന്യ മര്‍ഹിക്കുന്നു.
ഔലിയാക്കളെയും പിരിശം വെക്കണം. അവരെ നിഷേധിക്കരുത്. അവര്‍ മരണപ്പെട്ടാലും ആ നിലപാട് തുടരണം. കാരണം, “ഔലിയാക്കള്‍ മരിക്കുന്നില്ല; ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്കുള്ള നീക്കം” മാത്രമാണ് അവര്‍ക്ക് മരണം. “മൌത്തിന്റെ പിറകെയും ഔലിയാക്കളുടെ കഷ്ഫ് കരാമത്ത് നടക്കുന്നതും അവരെക്കൊള്ളേ കരുതി ചെന്ന് സിയാറത്ത് ചെയ്യുന്നവര്‍ക്ക് ഉതക്കം ചെയ്യുന്നതും റൂഹിയ്യായ തുടര്‍ച്ച കൊണ്ട് ചിലരെ മുരീദാക്കുന്നതും” സംഭവ്യമാണ്. ഔലിയാക്കളില്‍ പ്രമുഖനായ ശൈഖ് ഇബ്നു അറബി തങ്ങള്‍ പലരാലും വിമര്‍ശിക്കപ്പെട്ടത് കൊണ്ടായിരിക്കാം, അദ്ദേഹത്തെ പ്രത്യേകം ‘വിലയിരുത്തു’ന്നുണ്ട് പൂവാര്‍. ഇമാം ദമീരി ഇബ്നു അറബിയെയും ഇബ്നു സബ്ഈനെയും അഫീഫുദ്ധീന്‍ എന്നവരെയും ഖൂനവിയെയും ജാഹിലാക്കിയത്, സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള ന്ജ്ഞാനികളുടെ അടവുനയങ്ങളില്‍ പെട്ടതാണ്. പരസ്പരം ഉള്ളത്തില്‍ ബഹുമാനിക്കുന്ന പല ജ്ഞാനികളും ഇത്തരത്തിലുള്ള ‘കുഫ്ര്-ബിദ്അത്ത് ആരോപണ നാടകം’ നടത്താറുണ്ട്.
ഇമാമുറബ്ബാനി അഹ്മദ് സര്ഹിന്തിയെ ആക്ഷേപിച്ചവരുണ്ട്. ധാരണ തിരുത്താന്‍ പൂവാര്‍ സര്ഹിന്തിയെക്കുറിച്ച് പ്രത്യേകം അപഗ്രഥിക്കുന്നു. ഒരു പക്ഷേ സര്ഹിന്തിയെ ഇത്ര ബഹുമാനത്തോടെ അറബി മലയാളത്തില്‍ മറ്റാരും പരിചയപ്പെടുത്തിയിട്ടില്ല. വംശം കൊണ്ട് ഫാറൂഖിയായ അദ്ദേഹം ആത്മീയ പാതയില്‍ സ്വിദ്ധീഖിയാണ്. സര്ഹിന്തിയുടെ വംശപരമ്പര ‘ബഹ്ജത്തു സനിയ്യ’യില്‍ നിന്നും പൂവാര്‍ പകര്‍ത്തുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പ്രതികരണമായി എഴുതപ്പെട്ട കിതാബുകള്‍ പരിചയപ്പെടുത്തുന്നു. “അദ്ദേഹത്തെ ഭക്തനായ സത്യവിശ്വാസിയല്ലാതെ സ്നേഹിക്കുന്നില്ല; പരാജിതനായ കപടനല്ലാതെ അദ്ദേഹത്തെ വെറുക്കുന്നുമില്ല” എന്ന ശാഹ് വലിയ്യുല്ലാഹ് യുടെ പ്രഖ്യാപനം പോരേ കാര്യം തിരിയാന്‍?ബഹുമാന്യനായ ശൈഖ് ജിഫ്രിതങ്ങളുടെ നഖ്ശബന്തി സില്‍സില, പൂവാറിന്റെ ഫത്ഹുസ്വമദിലാണ് ആദ്യമായി കാണുന്നത്.
ഔലിയാക്കളെ നിഷേധിക്കുന്നതിന്റെ അപകടം വിവരിക്കുമ്പോള്‍, അതിന്റെ അപ്പോസ്തലന്മാരായ വഹാബികളെ സ്മരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ആദ്യം ഇബ്നു അബ്ദുല്‍ വഹാബിനെ ക്കുറിച്ചു തന്നെ ആകട്ടെ വിവരണം. അല്ലാമാ സൈനി ദഹ്ലാന് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്നാണ് ഉദ്ധരണം. പിന്നെ, വഹാബി ആദര്‍ശം പരിശോധിക്കുകയായി. മദ്രാസിലെ അല്ലാമാ ഗുലാം ഖാദിര്‍ മൗലവി സാഹിബ് എഴുതിയ ‘തഫ്ഹീമുല്‍ മുഗ്തര്രീന്’ എന്ന കൃതി അവലംബിക്കുന്നു. വഹാബികളുടെ ഇരുപത്തേഴ് പിഴ വിശ്വാസങ്ങള്‍ അതില്‍ നിന്നും പകര്‍ത്തുന്നു. വഹാബികളെ തകര്‍ക്കുന്ന പത്തിരുപത് പ്രൌഡ രചനകളുടെ പേര് വിവരം തരുന്നു. തുടര്‍ന്ന്, വഹാബികളുടെ മുഖ്യ പ്രമേയമായ ഇസ്തിഗാസ വിശകലനം ചെയ്യുന്നു.തിരു നബിയോട് ശഫാഅത്ത് തേടുന്നത് ശിര്‍ക്കാക്കിയ, സിയാറത്ത് കരുതി പുറപ്പെടുന്നത് വിലക്കിയ വഹാബി വാദങ്ങളെയും കശാപ്പ് ചെയ്യുന്നുണ്ട്. മൌലിദ് നിഷേധികളായ വഹാബികളെ ഖണ്ടിക്കവേ, മൌലിദിന്റെ പോരിശയും ആദാബുകളും കടന്നുവരുന്നു. “ അബ്ദുല്‍ വഹാബിന്റെ മകന് മുഹമ്മദ് എന്ന് പേരുള്ള വഹാബിന്റെ അഭിപ്രായ ഏര്‍പ്പാടില്‍ കുടുങ്ങി പ്പോകാതിരിപ്പാനുള്ള നസ്വീഹത്ത്” ഇതിനു പിന്നാലെയുണ്ട്. തെളിവ് തിരയുന്ന വഹാബിയോട് പൂവാര്‍ പറയുന്നു: “ അകമിയം പുറമിയം (= ഉള്ളും പുറവും ) ബെളിവായ കശ്ഫ് കരാമത്തുടയ ഇമാമുകള്‍ ഔലിയാക്കള്‍ ചെയ്തും ചെയ്യിച്ചും വന്ന നടപ്പുകള്‍ക്ക് ബേറെ ദലീല് നോക്കണമെന്നില്ല.”. അവര്‍ തന്നെയാണ് ദലീല്; അവരാണ് ദലീല് എത്തിച്ചതും അപ്രകാരം ജീവിച്ചു കാണിച്ചതും.
സമുദായത്തെ ഗ്രസിച്ച സൂഫി- വഹാബി വ്യാധികളെ ഒതുക്കാനാവശ്യമായ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കുശേഷം, വിശുദ്ധ ഖുരാന് പഠന- പാരായണ മഹത്വം വിവരിച്ചു കൊണ്ട് രചനയുടെ ഗതി മാറ്റുകയാണ് പൂവാര്‍. ഫാതിഹാ സൂറത്തിന്റെ അര്‍ത്ഥവും രഹസ്യങ്ങളും അനാവരണം ചെയ്യുന്നു. ബിസ്മി മുതല്‍ ഒടുക്കം വരെ ഒറ്റ ശ്വാസത്തില്‍ ഫാത്തിഹ ഓതുന്നതിന്റെ പോരിശ പറയാനും വിട്ടുപോയില്ല. അങ്ങനെ പാരായണം ചെയ്യുന്നവന്റെ ദോഷങ്ങള്‍ പൊറുക്കുന്നു’ നന്മകള് ഖബൂല്‍ ചെയ്യുന്നു, അവന്റെ നാക്ക് തീ കൊണ്ട് കരിക്കുന്നതല്ല, ഖബറില്‍ ശിക്ഷ ഒഴിയും, നരകത്തില്‍ കടക്കില്ല, അന്ത്യനാളിന്റെ ഭീകരതയില്‍ രക്ഷയനുഭവിക്കും. ഇക്കാര്യം വിളംബരപെടുത്തുന്നത് ശൈഖുല്‍ അക്ബര്‍. തന്റെ കഷ്ഫ് വഴി പ്രഖ്യാപിക്കുകയല്ല; തന്റെ ഗുരു പരമ്പരയിലൂടെ നബി സ്വ യിലേക്ക് എത്തുന്ന കൃത്യമായ സനദുണ്ട്. ആ സനദില്‍ ശ്രദ്ധേയമായ ഒരു കൗതുകം അടങ്ങിയിട്ടുണ്ട്. അലി റ ഇക്കാര്യം അബൂബകര്‍ റ വില്‍ നിന്നാകുന്നു മനസ്സിലാക്കിയത്. ഇബ്നു അറബിയെ ശീഇസത്തിലേക്ക് തള്ളിയിടുന്നവരും തട്ടിയെടുക്കുന്നവരും ശീഈസത്തിന്റെ അമരത്ത് അലി റ യെ പ്രതിഷ്ടിക്കുന്നവരും ഈ സനദ് കാണുമ്പോള്‍ ചമ്മിപ്പോകും. വിവിധ സൂക്തങ്ങളുടെ മഹത്വം വര്‍ണ്ണിച്ച ശേഷം ഗ്രന്ഥത്തില്‍ ലത്തീഫ് എന്ന ഇസ്മിനെ കുറിച്ചും അതുരുവിടുന്ന ക്രമത്തെക്കുരിച്ചും പറയുന്നു. ഈമാന്‍ സംരക്ഷിതമാകാനുള്ള മന്ത്രങ്ങളാണ് ഇനി പറയുന്നത്. പശ്ചാത്തപിച്ചു പാപങ്ങള്‍ കഴുകണം. സ്വര്ഗ്ഗീയനുഗ്രഹങ്ങള് അറിയണം. , അവിടത്തെ മഹത്തായ തിരു ലിഖാ യും. ഇതോടെ “ഈ കിതാബിനെ തീര്വടിയാക്കുന്നു”.
ഗ്രന്ഥത്തിന്റെ ഒടുവില്‍ വിലപ്പെട്ട ഏതാനും അനുബന്ധങ്ങള്‍ കാണുന്നു. അബുല്‍ ഹസന് ശാദുലി തങ്ങളുടെ ഹിസ്ബുല്‍ ബര്ര്, ബദവി തങ്ങളുണ്ടാക്കിയ സ്വലാത്ത്, മനപ്രയാസം നേരിടുമ്പോള്‍ ചൊല്ലാനുള്ള പദ്യം, വ്യത്യസ്ത ഈണത്തിലും പ്രാസത്തിലുമുള്ള പ്രാര്‍ഥനാ ഗീതികള്‍, ഭാഷയില്‍ അഭ്യാസം കാണിച്ചു കൊണ്ടുള്ള അഞ്ചു പത്തു നബി മദുഹ് അറബി ഗാനങ്ങള്‍,ഫരീദ് ഔലിയയെ സ്മരിക്കുന്ന കാവ്യം, തക്കല പീര്‍ മുഹമ്മദ് സാഹിബ് അവര്‍കളെ സ്മരിക്കുന്ന പദ്യം.. ഇതിനെല്ലാം പുറമേ, ഭക്ഷിക്കല്‍ ഹലാല്‍/ഹറാം ആയ ജീവികളെ പരാമര്‍ശിക്കുന്ന ‘ഭോജ്യ മാല”, അറവു നിയമങ്ങള്‍ പ്രതിപാദിക്കുന്ന ‘അറഫു മാല’ എന്നിവ ഫത്ഹു സ്വമദിനു ചന്തത്തിനുമേല് ചന്തം നല്കുന്നു.
ഒരു പത്തു നൂറു കിതാബുകള്‍ വായിച്ചു തീര്‍ത്ത പ്രതീതി. ഗൌരവ മര്‍ഹിക്കുന്ന ജ്ഞാന വിശകലനങ്ങള്‍ മാത്രം. നായ്യം വീട്ടില്‍ കോയാലി ഹാജിയുടെ മേല്‍നോട്ടത്തില്‍ ഹിജ്ര 1298ല്‍ തലശ്ശേരിയില്‍ ഫത്ഹുസ്വമദിന്റെ ആദ്യപതിപ്പ് പുറത്തുവന്നു . പൊന്നാനി മൂര്സിങ്ങാന്ടകത്ത് മുടിക്കല്‍ ഹൈദ്രോസ് കുട്ടി മൂപ്പര് ഹിജ്ര 1306 ല്‍ രണ്ടാം പതിപ്പും 1347/ 1928 july 28 നു മമ്പഉല്‍ ഹുദാ പ്രസ്സില്‍ നിന്നും മൂന്നാം പതിപ്പും (കോപ്പി ആയിരം) പുറത്തിറക്കി. പൊന്നാനിയിലെയും തിരൂരങ്ങാടിയിലെയും പ്രസാധകര് പിന്നെയും പതിപ്പുകള്‍ ഇറക്കിയതായി കാണുന്നു. മേല്‍ സൂചിപ്പിച്ച മൂന്നാം പതിപ്പും, 1963 dec 15 നു പൊന്നാനി ഹാജി യൂ എം അബ്ദുല്ലാഹ് കമ്പനി പുറത്തിറക്കിയ (ഒരു പക്ഷേ അവസാന)പതിപ്പും ഇതെഴുതുമ്പോള്‍ മുന്നിലുണ്ട്. രസിക പാട്ടുകള്‍ മാത്രമല്ല, ജ്ഞാന ഗ്രന്ഥങ്ങളും ഭാഗ്യം ചെയ്ത പഴയ തലമുറ നന്നായി വായിച്ചു തീര്ത്തിട്ടുണ്ടെന്നു ഫത്ഹു സ്വമദിന്റെ വിവിധ പതിപ്പുകള്‍ സാക്ഷി.