
ഖസ്ദു സ്സബീല്/ വൈസുല്ല്യം=വൈതുല്യം
സയ്യിദ് ഫഖ്റുദ്ധീന്‍ അല്‍ ബുഖാരി എന്ന പാടൂര്‍ കോയക്കുട്ടി തങ്ങള്‍
നവോത്ഥാന കാലത്ത് അറബി മലയാളത്തില്‍ ഇറങ്ങിയ വൈജ്ഞാനിക രചനകളില്‍ വളരെ പ്രസിദ്ധമാണ് വൈതുല്യം. ജ്ഞാന വൈഭവം കൊണ്ടും രചനാ പാടവം കൊണ്ടും കേരളീയ മുസ്ലിം ചരിതത്തില്‍ ഉന്നത സ്ഥാനത്ത് വാഴുന്ന ബുഖാരി സാദാത്തുക്കളില്‍ പ്രമുഖനായ പാടൂര്‍ കോയക്കുട്ടി എന്ന ഫഖ്രുദ്ധീന്‍ തങ്ങളുടെതാണ് ഈ കൃതി. പണ്ഡിതന്മാരും മുസ്ലിം പൊതുജനങ്ങളും ഒരുപോലെ വാഴ്ത്തുകയും ഏറ്റെടുക്കുകയും ചെയ്ത വൈതുല്യം, സാധാരണക്കാരുടെ വിശിഷ്യാ സ്ത്രീകളുടെ ഇസ്ലാമിക പാഠപുസ്തകമായിരുന്നു. ഇസ്ലാമിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ പാഠങ്ങള്‍ പഠിപ്പിക്കുക എന്ന മഹത് ലക്ഷ്യം തന്നെയായിരുന്നു വൈതുല്യം രചനയുടെ പ്രേരകം. മലബാറില്‍ പലയിടത്തുനിന്നായി പല പ്രാവശ്യം വൈതുല്യം അച്ചടിക്കപ്പെട്ടതും അതുകൊണ്ടുതന്നെയാണെന്ന് വിശ്വസിക്കാം. മദ്രസകള്‍ വ്യാപകമായതിനു ശേഷം, ഇത്തരം കൃതികള്‍ ക്രമേണ ‘സ്വസ്ത'(പെന്ഷന്) മാകുകയായിരുന്നല്ലോ.
മുസ്ലിം സമൂഹം, ഇസ്ലാമിക മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് പണിതുയര്‍ത്തിയ നവോത്ഥാന മുന്നേറ്റങ്ങളെ തട്ടിമാറ്റി പടിഞ്ഞാറന്‍ കാറ്റ് മലബാറില്‍ ആഞ്ഞടിച്ചതിനു ശേഷം കോലപ്പെട്ട രണ്ടാംതലമുറയിലും വൈതുല്യം വിസ്മൃതമായില്ലെന്നത് കൌതുകകരമായ സംഗതിയാണ്.. സമുദായത്തിന് ആ പുസ്തകം അപ്പടി വായിക്കാന്‍ വിട്ടുകൊടുത്തില്ലെങ്കിലും പാരമ്പര്യത്തിനെതിരെ പാര പണിയാനുള്ള ഉപകരണമായി വൈതുല്യത്തെ ചില കേന്ദ്രങ്ങള്‍ കൊണ്ടുനടന്നു. അതിപ്പോഴും തുടരുന്നുണ്ട്. ഗ്രന്ഥകര്‍ത്താവ് മഹാജ്ഞാനി കോയക്കുട്ടി തങ്ങളുടെ മേല്‍ ‘മൌളൂആ’യ ഒരു ‘ഖൌല്’ തിരുകിക്കയറ്റിയായിരുന്നു പാരമ്പര്യ വിരോധികള്‍ ഇന്നും ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തുന്നത്! ഗ്രന്ഥം വിഭാവന ചെയ്യുന്ന ശക്തവും വ്യക്തവുമായ അഹ്ലുസ്സുന്നയുടെ ‘മധ്യമ മാര്‍ഗ്ഗ’ത്തെ, അശ്അരീ- ശാഫിഈ- ജുനൈദീ ത്രിതലങ്ങളെ ആരും വായിച്ചു പോകരുതെന്ന കണിശ താല്പര്യമായിരിക്കാം അവരെ നിയന്ത്രിക്കുന്നത്.
സംഗതി ഇതാണ്: പാടൂര്‍ കോയക്കുട്ടി തങ്ങള്‍ തന്റെ വൈതുല്യത്തില്‍, കോഴിക്കോട്ടെ ഖാസി മുഹമ്മദ് എഴുതിയ മുഹ്യിദ്ധീന് മാല പാടരുതെന്നും അത് അഹ്ലുസ്സുന്നത്തിനു വിരുദ്ധമാണെന്നും പ്രസ്താവിച്ചിട്ടുണ്ട് എന്ന കുപ്രചരണം. സി എന്‍ അഹ്മദ് മൗലവിയെ കൂടെ നിര്‍ത്തി കെ കെ മുഹമ്മദ് അബ്ദുല്‍ കരീം ഒപ്പിച്ച ഒരു സലഫി കയ്യേറ്റമായിരുന്നു അത്. കരീം മാഷ് എഴുതിയത് അപ്പാടെ പകര്‍ത്തുന്ന അദ്ദേഹത്തിന്റെ ഭക്ത മുഖല്ലിദ്കളായ മാന്യന്മാര് ഈ കൃത്രിമപ്രസ്താവന ഗവേഷണ പ്രബന്ധങ്ങളിലും വിജ്ഞാന കോശങ്ങളിലും ആവര്‍ത്തിച്ചു കൊത്തിവെച്ചു. ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യ’ മെന്ന കൃതിയെ സമീപിക്കേണ്ട ഒരു ‘സാമാന്യപക്വത’ അതിനെ വായിച്ച പലരും പ്രാപിച്ചിട്ടില്ലായിരുന്നു എന്ന സത്യവും പ്രസ്താവ്യമാണ്.
പ്രസ്തുത (വി)കൃതിയില്‍ ഒരിടത്ത് ഇങ്ങനെ തള്ളുന്നതു കാണാം: ”മുഹ്യിദ്ധീന് മാലയിലെ ഒരു വരിയാണിത്. ഇസ്ലാമിന്റെ അടിത്തറയായ ഏക ദൈവ സിദ്ധാന്തത്തിനും പരിശുദ്ധ ഖുര്‍ആന്റെ മൗലിക സിദ്ധാന്തങ്ങള്‍ക്കും കടക വിരുദ്ധമായ ഒരാശയമാണ് ഈ വരി ഉള്‍ക്കൊള്ളുന്നത്. അതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെയാണ് പഴയ കാലത്ത് ജീവിച്ച പാടൂര്‍ കോയക്കുട്ടി തങ്ങള്‍ തന്നെയും ഈ മാലയെ എതിര്‍ത്തത്..” (പാരമ്പര്യം/154). വൈതുല്യത്തെ പരിചയപ്പെടുത്തവേ, ‘പാരമ്പര്യ’ത്തിന്റെ ‘മഹത്തായ ചരിത്ര നിര്‍മ്മാണം’ ഇങ്ങനെ : ‘ തന്റെ ജീവിതകാലത്തെ വ്യാജ ത്വരീഖത്ത് പ്രസ്ഥാനങ്ങളെയും തമിഴിലെയും അറബി മലയാളത്തിലെയും ഭക്തി ഗാനങ്ങളേയും വിമര്‍ശിക്കാനും പണ്ഡിതനായ ഗ്രന്ഥകാരന് മറന്നില്ല. ഖുറാനിനും സുന്നത്തിനും വിരുദ്ധമായ ത്വരീഖത്തുകളും മാലപ്പാട്ടുകളും തെറ്റാണെന്ന് വിധിയെഴുതാന്‍ അക്കാലത്ത് വലിയ ധീരത തന്നെവേണം. അദ്ദേഹം എഴുതുന്നു: ‘ഇതുപോലെ തന്നെ ഇപ്പോള്‍ ‘വേദപുരാണ’മെന്നും ‘യെനും തിരണ്ട് നീതം’ എന്നും ‘മുഹ്യിദ്ധീന് മാല ‘ എന്നും മറ്റും ചില പാട്ടുകള്‍ അഹ്ലുസ്സുന്നിയാക്കളെ അഖീദക്ക് മാറായിട്ട് പെരുത്ത് കാര്യങ്ങളെ അതില്‍ പറയുന്നതായിട്ട് നടന്ന് വരുന്നുണ്ട്. ആയതിനെ പെരുമാറുന്നതും ജായിസ് അല്ല” (പാരമ്പര്യം/ 214).
മുഹ്യിദ്ധീന് മാലയെ ജയിലില്‍ തള്ളാനുള്ള കുത്സിത ശ്രമമായിരുന്നു ഇത്. ഗ്രന്ഥകാരന് മരണപ്പെട്ട് അരനൂറ്റാണ്ടിന് ശേഷം തിരൂരങ്ങാടിയിലെ ആമിറുല്‍ ഇസ്ലാം വൈതുല്യം അച്ചടിച്ചപ്പോള്‍ പിന്നെയും പരിഷ്കരണം ഉണ്ടായി. അതിലിങ്ങനെ വായിക്കാം: ‘ ഇപ്രകാരം തന്നെ നമ്മളിലിപ്പോള് കണ്ടുവരുന്ന ‘ബേദപുരാണ’ മെന്നും ‘തിര്നിര്നിത’ മെന്നും മുഹ്യിദ്ധീന് മാലയെന്നും പേര് പറയുന്ന ചില പാട്ടുകള്‍ അഹ്ലുസ്സുന്നിയാക്കളെ അഖീദക്ക് മാറായിട്ട് പെരുത്ത് കാര്യങ്ങളെ അതില്‍ പറയുന്നതായിട്ട് നടന്ന് വരുന്നുണ്ട്. ആയതിനെ ഉപയോഗിക്കല്‍ ജാഇസ് അല്ല”. ഈ വരികള്‍ യുവതുര്‍ക്കികള്‍ കൊണ്ടാടി.
എന്നാല്‍, സാക്ഷാല്‍ വൈതുല്യത്തില്‍ എന്താണുള്ളത്? പരിശോധിക്കാം. ഗ്രന്ഥകാരന്റെ പ്രഥമ കയ്യെഴുത്തു കോപ്പി സൂക്ഷിക്കുന്ന സ്വകാര്യ കേന്ദ്രമുണ്ട്. അവിടെപ്പോയി എല്ലാവര്ക്കും പരിശോധിക്കുക സാധ്യമല്ലാത്തതിനാല്‍ മറ്റു കോപ്പികളെ പരിചയപ്പെടുത്താം.
വൈതുല്യത്തിന്റെ പ്രഥമ പതിപ്പ് ഇറങ്ങുന്നത് ഹി 1279 റമദാനില്‍ കണ്ണൂര്‍ വളപ്പട്ടണത്താണ്. കോയക്കുട്ടിത്തങ്ങളുടെ അടുത്ത മുരീദും ധനികനുമായിരുന്ന വളപ്പട്ടണത്തുകാരന് ഹംസ ബിന്‍ അഹ്മദ് എന്ന്പേരുള്ള മാന്യവ്യക്തിയാണ് പ്രസാധകന്. മൂലകയ്യെഴുത്തുപ്രതിയില് നിന്നും അദ്ദേഹം പകര്‍ത്തിയ കയ്യെഴുത്തു കോപ്പി ഇപ്പോഴും ലഭ്യമാണ്. ചെമ്മാട് ദാറുല്‍ ഹുദയില്‍ ഈ കോപ്പി സൂക്ഷിക്കുന്നു. അതിന് ശേഷം ഒട്ടേറെ പതിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. അസ്സല് കയ്യെഴുത്തു കോപ്പിയും പഴയ ചില പതിപ്പുകളും പരിശോധിച്ച്, 1982 ല്‍ പുത്തന്‍പള്ളി കെ കുഞ്ഞു മുസ്ല്യാര്‍ ഫൈസി പ്രശ്നത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയതിയിട്ടുണ്ടായിരുന്നു. ബുഖാറയില്‍ കോയക്കുട്ടി തങ്ങള്‍ നിര്‍മ്മിച്ച ‘മസ്ജിദുല്‍ വുസ്ത്വാ’ യില്‍ ദീര്‍ഘകാലം മുദരിസായിരുന്നു ഫൈസി.1346 റബീഉല്‍ അവ്വല്‍ 12 (1927 ഒക്ടോബര്‍ 9) ന് പള്ളിപ്പുറം പോസ്റ്റ് ഇരിമ്പിളിയം ദേശത്ത് പള്ളിക്കര തോട്ടത്തില്‍ ഹൈദരിയ്യ പ്രസ്സില്‍ അടിച്ച പതിപ്പാണ് ഈ കുറിപ്പുകാരന് പരിശോധിച്ച മറ്റൊരു കോപ്പി. ഇതിപ്പോഴും ചാവക്കാട് ബുഖാറയില്‍ ലഭ്യമാണ്. ഇവയില്‍ കാണുന്നതും പില്ക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടതും തമ്മിലുള്ള ഗുരുതരമായ വ്യത്യാസം ഇതാണ്: ‘നമ്മളില്‍’ കണ്ടുവരുന്ന എന്നതിനു പകരം ‘തമിളില്’ എന്നാണുള്ളത്. ഇതോടെ പരാമര്‍ശിത മുഹ്യിദ്ധീന് മാല യുടെ സംസ്ഥാനം മാറി, ഭാഷ മാറി. തമിഴില്‍ ഇറങ്ങിയ ചില മുഹ്യിദ്ദീന് മാലകളെ ഉലമാക്കള്‍ പലരും നിരൂപിചിട്ടുണ്ട്, ആക്ഷേപിചിട്ടുണ്ട്. അതിനെ കുറിച്ചാണ് കോയക്കുട്ടി തങ്ങളും ഇവിടെ പറയുന്നത്. ആ മുഹ്യിദ്ധീന് മാലക്ക് ബേദ പുരാണം എന്നും തിര്നിര്നീതം എന്നുമൊക്കെ പേരുണ്ട്. മലബാറില്‍ അറബി മലയാളത്തില്‍ ഉള്ള മുഹ്യിദ്ധീന് മാലക്ക് അങ്ങനെയുള്ള അപരനാമങ്ങള്‍ കേട്ടിട്ടില്ല.
തമിഴനെഴുതിയ മുഹ്യിദ്ധീന് മാലയെ വിമര്‍ശിച്ച വരികളെ , കോഴിക്കോട്ടെ തുറ യിലെ ഖാസി യായിരുന്ന പ്രഗല്ഭ പണ്ഡിതനെഴുതിയ മുഹ്യിദ്ധീന് മാലയെ ആക്ഷേപിച്ചതാക്കാന്, താല്പര കക്ഷികള്‍ ചെയ്ത കൈക്രിയ വളരെ സിമ്പിള്‍ ആയിരുന്നു. ‘തമിളില്’ എന്നതിനെ ‘നമ്മളില്‍’ എന്നാക്കി. അറബി മലയാള ലിപി യില്‍ വരുത്തിയ മഹത്തായ ഈ ‘ഇസ്വലാഹീ'(പരിഷ്കരണ/ നവോഥാന) പ്രവര്‍ത്തനം എത്രമാത്രം അഭിനന്ദനീയമാണ്! അതില്‍ തൂങ്ങിപിടിച്ചായിരുന്നു മുഹ്യിദ്ധീന് മാലക്കെതിരെയുള്ള തങ്ങളുടെ ആക്ഷേപ സിദ്ധാന്തങ്ങളുടെ ജീവന് നിലനിര്‍ത്തിയത്.
അഖീദ, ഫിഖ്ഹ്, തസവുഫ്, സീറ തുടങ്ങിയ സുപ്രധാന തലങ്ങളിലൂടെ സമഗ്രമായ ഇസ്ലാമിക ജീവിതത്തിനുള്ള ആധികാരിക ജ്ഞാന സ്രോതസ്സായിട്ടാണ് വൈതുല്യം കേരള മുസ്ലിംകള്ക്കിടയില് ഇടം പിടിച്ചത്. അഹ്ലുസ്സുന്നയുടെ അഖീദ ആദ്യം സമര്‍ഥമായി വിവരിക്കുന്നു. അഹ്ലുസ്സുന്നയുടെ അങ്ങകലെ നില്ക്കുന്ന ഏതു തരം വഴികേടുകളെയും വിവേചിച്ചറിയാനുള്ള ത്രാണി വായനക്കാരന് തീര്‍ച്ചയായും ലഭിക്കും. മുഅതസിലി, റാഫിളീ പിഴവാദങ്ങളെ പ്രതിരോധിച്ചു കൊണ്ടാണ് മുന്നോട്ടുള്ള ഗതി. ”സൃഷ്ടികളില്‍ ആരും അവന് അറിയിച്ചു കൊടുത്തതല്ലാതെ ഒന്നും അറിയുകയില്ല, ആര്‍ക്കും ഒരു കാര്യത്തിനും മുന്‍കൂട്ടി കഴിവ് നല്‍കിയിട്ടില്ല, എല്ലാം അപ്പപ്പോള്‍ നല്‍കുകയാണ്”. ”ആരോടും അല്ലാഹു അനീതി പ്രവര്‍ത്തിക്കുകയില്ല, ശിര്‍ക്കല്ലാത്ത പാപങ്ങള്‍ ചെയ്യുന്നവരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് കൊണ്ടോ, പാപം ചെയ്യാത്തവരെ നരകത്തിലിടുന്നത് കൊണ്ടോ അവന് അടിമകളോട് അക്രമം ചെയ്തു എന്ന് പറഞ്ഞുകൂടാ. ഒരാളുടെ അധീനതയിലുള്ള സാധനത്തില്‍ അവന്റെ അനുമതിയില്ലാതെ മറ്റൊരാള്‍ ക്രയ വിക്രയം ചെയ്യുന്നതാണ് അക്രമം. സര്‍വ്വ ചരാചരങ്ങളുടെയും അധിപതി അല്ലഹുവയിരിക്കെ അവന്റെ ഏതു പ്രവര്‍ത്തിയും അക്രമാകില്ല. അവന്റെ അവകാശവും അര്‍ഹതയുമാണ്, അവന് ചെയ്യല്‍ നിര്‍ബന്ധമായ ഒരു കാര്യവുമില്ല…” തുടങ്ങിയ വരികള്‍ ശീഇകളുടെയും മുഅതസിലികളുടെയും കഴുത്തിലാണ് കത്തിവെക്കുന്നത്. അഹ്ലുബൈത്ത് നേതാക്കളുടെ നിറ സാന്നിദ്ധ്യം കൊണ്ട്, കേരള മുസ്ലിംകളുടെ കഴിഞ്ഞ കാലം ശിഈസമായിരുന്നു എന്നാരോപിക്കുന്ന/ അവകാശപ്പെടുന്നവരുടെ കണങ്കാല് തല്ലിയൊടിക്കുകയാണ് മേല്‍ വരികള്‍.
അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുകയും അവന് നിന്ദിച്ചതിനെ നിന്ദ്യമായി കാണുകയും വേണം. പ്രവാചകന്മാര്ക്കു ശേഷം മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ടന്മാര് നബി സ്വ യുടെ സ്വഹാബികള്‍ ആകുന്നു. അവരില്‍ ഉത്തമന്മാര് ആദ്യ നാല് ഖലീഫമാര്‍ ആണെന്ന് വിശ്വസിക്കണം. അവര്‍ക്ക് ശേഷം സഅദ്, സഈദ്, സുബൈര്‍, ത്വല്‍ഹത്ത്, അബൂ ഉബൈദത്ത്, ഇബ്നു ഔഫ് (റ)എന്നിവരാണ് മുന്‍ഗണന അര്‍ഹിക്കുന്നത്. സ്വഹാബി വനിതകളില്‍ ഫാത്തിമ, ഖദീജ, ആഇഷ (റ) എന്നീ ക്രമത്തില്‍ മഹത്വം വിശ്വസിക്കണം. ആഇഷ, ഫാത്തിമ എന്നിവരെ സംബന്ധിച്ച് വ്യഭിചാരാരോപണം നടത്തുന്നതും , അബൂബകര്‍, ഉമര്‍ എന്നിവരുടെ ഖലീഫാ യോഗ്യത നിഷേധിക്കുന്നതും മത ഭ്രഷ്ടിനു കാരണമാകും. അമ്പിയാക്കള്‍ അല്ലാത്തവരെ സംബന്ധിച്ച് – അവര്‍ അഹ്ലുല്‍ ബൈത്ത് ആയാല്‍ പോലും- പാപ വിമുക്തരാണെന്ന് പറയാന്‍ പാടില്ല. അഹ്ലുല്‍ ബൈത്ത് പരിശുദ്ധരാണെന്ന് പറയാം. അഹ്ലുസ്സുന്നയുടെ ഇത്യാദി വിശ്വാസ നിലപാടുകള്‍ കൂടുതല്‍ അറിയാന്‍ ശറഹ് ആമന്തു ബില്ലാഹ് പരിശോധിച്ചോളൂ..” എന്നിങ്ങനെ ഉജ്ജ്വലമായി അഹ്ലുസ്സുന്നയെ അരക്കിട്ടുറപ്പിക്കുന്ന ഗ്രന്ഥകാരന്, ശാഫിഈ, ഹമ്പലീ, ഹനഫീ, മാലികീ മദ് ഹബുകളില്‍ നിന്നും വ്യതിചലിക്കരുതെന്ന് താക്കീത് ചെയ്യുന്നു.
‘വൈതുല്യം’ എന്നാല്‍ വഴിതുല്യം അഥവാ മധ്യമ മാര്‍ഗ്ഗം എന്നായിരിക്കണം അര്‍ത്ഥം. അഹ്ലുസ്സുന്നയെന്ന ‘,മധ്യമമാര്ഗ്ഗ’ത്തെക്കുറിച്ച് പഠിപ്പിക്കുകയാണ് ഗ്രന്ഥരചനയുടെ ഉന്നം. ഏറ്റപ്പറ്റില്ലാത്ത ഋജുവായ വഴിക്കാര് പഠിപ്പിക്കുന്ന വിശ്വാസ സത്യങ്ങള്‍ വിവരിച്ച ശേഷം, ഇസ്ലാമിക വൃത്തത്തില്‍ നിന്നും പുറത്തുപോകുന്ന ”ദീന്വര്ജ്ജന’ത്തിന്റെ =രിദ്ദത്തിന്റെ കാരണങ്ങള്‍ വിവരിക്കുകയായി തുടര്‍ന്ന്. ”സുന്നത്താണെന്നോ അനുവദനീയമാണെന്നോ ഹറാമാണെന്നോ ജ്ഞാനികള്‍ ഏകകണ്ഠം അഭിപ്രായപ്പെട്ടതും ദീനില്‍ പരസ്യമായി അറിയപ്പെട്ടതുമായ ചെറുതും വലുതുമായ ഏതൊരു കാര്യത്തെ നിഷേധിച്ചുവോ അയാള്‍ മുര്ത്തദദായി. യഹൂദികളും ക്രിസ്ത്യാനികളും കാഫിറാണോ ന്ന് സംശയിക്കുന്നത്, ബിംബങ്ങള്‍/ സൂര്യന് മുതലായവയ്ക്ക് സുജൂദ് ചെയ്യുന്നത്, ക്രിസ്തീയ വേഷത്തില്‍ അവരോടോന്നിച്ച് കനീസകളില്‍ പോകുന്നത് ഇസ്ലാമില്‍ നിന്ന് സ്വയം പുറത്തു പോകുന്ന ഏര്‍പ്പാടുകളാണ്. ബ്രിട്ടീഷ് ഭരണ സ്വാധീനത്താല്‍ ക്രൈസ്തവ വല്ക്കരിക്കപ്പെട്ടു കൊണ്ടിരുന്ന അക്കാലത്ത് മുസ്ലിം സമുദായാംഗങ്ങളുടെ ഇസ്തിഖാമത്ത് സംരക്ഷിക്കാന്‍ ഇത്തരം ഉണര്‍ത്തലുകള്‍ ഏറെ സഹായകമായിവര്ത്തിച്ചു. തിരു പ്രവാചകരുടെ പ്രഥമ ശിഷ്യന്മാരായ ഹസ്രത്ത് സിദ്ധീഖ് (റ), ഹസ്രത്ത് ഉമര്‍ (റ) എന്നിവരെ അസഭ്യം പറയുന്ന ശിയാക്കളുടെ നടപടിയും രിദ്ദത്തിന്റെ കാരണങ്ങളില്‍ എണ്ണാന്‍ കോയക്കുട്ടി തങ്ങള്‍ വിട്ടുപോയില്ല.
ചരിത്രപാഠം
മതത്തിന്റെ ത്രിതലങ്ങളില്‍ ഊന്നിയുള്ള സുപ്രധാന ചര്‍ച്ചകള്‍ക്കൊപ്പം അനുവാചകരില്‍ ഇസ്ലാമിക ചരിത്ര ബോധം ഉണ്ടാക്കുകയെന്ന ദൌത്യവും വൈതുല്യ രചനയില്‍ അടങ്ങിയിട്ടുണ്ട്. നബി സ്വ യുടെ ജീവിത ചരിത്രം വര്‍ഷ ക്രമത്തില്‍ വിവരിക്കുന്നത് വൈതുല്യത്തില്‍ വായിക്കാം. നബി തങ്ങളുടെ കുടുംബബന്ധുക്കളെ പരിചയപ്പെടുത്തുവാന്‍ പ്രത്യേക അദ്ധ്യായം തന്നെ കാണുന്നു.
മൌലൂദ് കഴിക്കല്‍
തിരുനബിയുടെ ജന്മ വിശേഷങ്ങള്‍ ഓര്‍ക്കുന്നതിനിടെ ‘തങ്ങളളവില് മൌലിദ് കഴിക്കുന്നതിന്റെ കൂലി സവാബിലും മറ്റും പറയുന്ന’ പ്രത്യേക ഉപാദ്ധ്യായം തുറന്ന് മൌലിദ് കഴിക്കലിനെ കുറിച്ചു വിസ്തരിച്ചു പറയുന്നുണ്ട്. ”വീതിയായിട്ടുള്ള ഗുണപ്പാടാലും (= അന്യര്‍ക്ക് ധാരാളം ഗുണം ചെയ്തുകൊണ്ട്) മറ്റും ചെയ്ത് മൌലൂദ് കയിച്ചു വരുന്നത് നല്ലതായ ബിദ്അത്താലായിരിക്കും എന്ന് ഇമാം നവവി തങ്ങളെ ശൈഖ് അബൂശാമ” പറയുന്നു. ”ഇങ്ങനെ മൌലൂദ് കയിക്കുന്നത് മുഅ്മിനായവര്ക്ക് സന്തോഷവും ശൈത്വാനിക്ക് സങ്കടവും ഉള്ളതായിരിക്കുന്നതിനാല് അത് തന്നെ കൂലിയാല്‍ മതിയെന്നും..” ഉല്‍ഘോഷിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും ആധികാരികമായ സ്രോതസ്സുകള്‍ വെച്ചുകൊണ്ടാണ് തങ്ങള്‍ നടത്തിയിട്ടുള്ളത്. ”തങ്ങളെ പെറ്റ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തങ്ങളോടുള്ള ഫിരിശത്തിലും അദബിലും ഏറ്റമായ ജനങ്ങള്‍ നിക്കുന്നത് നടപ്പായിട്ടു വന്നിരിക്കുന്നു, തങ്ങളെ വന്ദിച്ചും ആദരിച്ചും നിക്കുന്നത് മുസ്തഹബ്ബായ ബിദ്അത്ത് എന്ന് ശൈഖുനാ പറഞ്ഞിരിക്കുന്നു എന്നും, ഇമാമു സ്സുബ്കി തങ്ങളും തങ്ങളെ സദസ്സില്‍ ഉള്ളവര്‍ എല്ലവരും ഇങ്ങനെ കേട്ട സമയം നിന്നിരിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു”.
‘സ്ത്രീകളുടെ ഏരിയ’
തുടര്‍ന്ന്, സാധാരണ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ക്രമത്തില്‍ ശുദ്ധീകരണം മുതല്‍ ഹജ്ജ് വരെയുള്ള മുഖ്യ കര്‍മ്മങ്ങളുടെ നിയമങ്ങള്‍ വിവരിക്കുകയാണെങ്കിലും, വൈതുല്യത്തിന് തനതായ ശൈലീ വ്യത്യാസം കാണാം. ആര്‍ത്തവം, പ്രസവം തുടങ്ങിയ ‘സ്ത്രീകളുടെ ഏരിയ’ വിവരിച്ചയുടനെ, ‘സ്ത്രീ ജനങ്ങളറിയാന്‍’ ഒരു നീണ്ട അദ്ധ്യായം തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീ അറിവുകളുടെ പ്രാധാന്യം വിശദമാക്കിയ ശേഷം, ”നിര്‍ബന്ധമില്ലാത്ത സംഗതികള്‍ പഠിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം കൂടാതെ മതപ്രസംഗമോ മറ്റോ കേള്‍ക്കാന്‍ പോകല്‍ പാടില്ലാത്തതാണ്” എന്ന ഉണര്‍ത്തല്‍ വളരെ ശ്രദ്ധേയം തന്നെ. എന്നാല്‍, ഹിജാമ പോലുള്ള ചികിത്സാ മുറകള്‍ ‘സ്ത്രീകളില്‍ ചിലരെങ്കിലും പഠിക്കേണ്ടതനിവാര്യമാകുന്നു’ എന്ന ആഹ്വാനം അതിലേറെ ശ്രദ്ധേയമായി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കുതിപ്പ് ഏതു ദിശയില്‍ ആയിരിക്കണമെന്ന് ചൂണ്ടി ക്കാണിക്കുന്ന മേല്‍ വരികള്‍ ഒരു നൂറ്റാണ്ടിന് ശേഷവും പ്രസക്തമാണ്. സ്ത്രീ പുരുഷ സമ്പര്‍ക്ക നിയമങ്ങള്‍ സാമാന്യം വിശദമായി വിവരിക്കുന്നുണ്ട് വൈതുല്യം.
അന്യരായ പുരുഷന് സ്ത്രീയെ എന്നപോലെ സ്ത്രീ പുരുഷനെയും കാണല്‍ നിഷിദ്ധമാണ്. സ്ത്രീകളുടെ നോട്ടം നിയന്ത്രിക്കേണ്ടി വരുമ്പോള്‍ ആവശ്യമെങ്കില്‍ വീടിന്റെ ജനല്‍ പഴുതുകള്‍ വരെ അടയ്ക്കണം. സ്വഹാബികളുടെ കാലഘട്ടത്തില്‍ അപ്രകാരം ചെയ്യുകയുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആവശ്യമില്ലാത്ത എഴുത്ത് പഠിപ്പിക്കരുതെന്ന വീക്ഷണമായിരുന്നു പ്രഗല്ഭ മതിയായ കോയക്കുട്ടി തങ്ങള്‍ക്ക്. ”ഒരു സ്ത്രീ ഭര്‍ത്താവല്ലാത്ത അന്യ പുരുഷനെ മനസ്സുനിറയെ നോക്കിയാല്‍, അതില്‍ പശ്ചാതപിക്കാത്ത പക്ഷം, അവളുടെ ഇരു കണ്ണുകളില്‍ നരകാഗ്നി നിറക്കപ്പെടുന്നതാണെന്നും , അന്യനോട് ശ്രുംഗരിച്ചാല് ഓരോ വാക്കുകള്‍ക്കും നരകത്തിന്റെ തെല്ലില്‍ കുറെ കാലം നിര്‍ത്തുമെന്നും താക്കീത് ചെയ്യുന്ന ഹദീസ് ഉദ്ധരിക്കുന്നുണ്ട്. സ്ത്രീകള്‍ അനിവാര്യ ഘട്ടത്തില്‍ പുറത്തു പോകുമ്പോള്‍ അതിനും ഗൗരവതരമായ നിയമങ്ങളും മര്യാദകളും ഉണ്ട്.
സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചു സമുദായത്തെയും സ്ത്രീകളെ തന്നെയും ബോധാവനാക്കുവാന് ഗ്രന്ഥകാരന് വേണ്ടതുപോലെ ശ്രമിച്ചു കാണുന്നു. സ്ത്രീയെ വിവാഹം കഴിച്ചു കൊടുക്കുമ്പോള്‍ , അവള്‍ക്കു വേണ്ടി തെരഞ്ഞെടുക്കുന്ന ഭര്‍ത്താവിന്റെ കാര്യത്തില്‍ പലതും ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചേ പറ്റൂ. അവന്റെ സ്വഭാവ ശുദ്ധി, സൗന്ദര്യം, ദീന് കാര്യത്തിലുള്ള ശ്രദ്ധ, സാമൂഹ്യ നിലവാരത്തില്‍ അവളോടുള്ള യോജിപ്പ് എന്നിവ അവയില്‍ സുപ്രധാനമാണ്. ഇക്കാര്യം മമ്പുറം ഫള്ല് തങ്ങളുടെ തഹ്ദീറുല്‍ അഖ്യാറി’ല്‍ വിശദമാക്കുന്നുണ്ട്.
അച്ചടക്കം പാലിച്ചു ജീവിക്കുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരലോക ക്ഷേമത്തെ വളരെ നന്നായി വിവരിക്കുന്നു വൈതുല്യം. ഭര്‍ത്താവിന് വഴിപ്പെടുന്നവള്ക്ക്, അവനില്‍ നിന്നും ഗര്‍ഭം ധരിക്കുന്നവള്ക്ക്, കുഞ്ഞിനു പാലൂട്ടുന്നവള്ക്ക് ലഭിക്കാനുള്ള മഹത്തായ പ്രതിഫലത്തിന്റെ വലിപ്പം നബി സ്വ പറഞ്ഞു കൊടുത്തപ്പോള്‍ അസ്മാഅ് എന്ന വനിതക്കുണ്ടായ സന്തോഷം, ആ മഹതി മറ്റു സ്ത്രീകള്‍ക്ക് ആ വിവരം എത്തിച്ചപ്പോള്‍ അവര്‍ക്കുണ്ടായ ആഹ്ലാദം, മറ്റൊരവസരത്തിലും ഉണ്ടായിട്ടില്ല. ഗര്‍ഭിണി പ്രസവിക്കുന്നതുവരെ, ആ പ്രസവത്തില്‍ അവള് വീരമൃത്യു വരിച്ചാല്‍, പ്രസവ വേദന കടിച്ചമര്‍ത്തുമ്പോള്‍, പാലു വലിച്ചു കുടിക്കുന്ന കുഞ്ഞിന്റെ ഓരോ ഈമ്പലിനും വാഗ്ദാനം ചെയ്തിട്ടുള്ള ഇലാഹിന്റെ സന്തോഷ സമ്മാനങ്ങള്‍ എത്രയെത്രയാണ്! പാല് കുടി മാറ്റിയാല്‍ ‘ നിന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു” എന്ന് മാലാഖ അവളുടെ ചുമലില്‍ തട്ടി ആശിര്‍വദിക്കും.
ദമ്പതികള്‍ തമ്മിലുള്ള സ്നേഹമസൃണമായ ജീവിതത്തിന്റെ ഇസ്ലാമിക രീതി വൈതുല്യം വിവരിക്കുന്നത് വായിച്ചുപോയ നമ്മുടെ ഉമ്മൂമമാര് ഭാഗ്യം ചെയ്തവരാണ്. ദമ്പതികള്‍ ഹൃദയപൂര്‍വം മുഖാമുഖം നോക്കിയാല്‍ അല്ലാഹു അവരെ കൃപയോടെ നോക്കുന്നു. അവന് അവളുടെ കൈവിരലുകള്‍ കോര്ത്തുപിടിക്കുമ്പോള് അറിയാതെ വന്നുപോയ അസംഖ്യം ദോഷങ്ങള്‍ കൊഴിഞ്ഞുപോകുന്നു. അവര്‍ സംഗത്തിലേര്പ്പെട്ടാല് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു രക്തസാക്ഷിയാകുന്നവന് നല്കുന്ന മഹത്വമുണ്ട്. സംഗം കഴിഞ്ഞ് കുളിക്കുമ്പോള്‍ പിന്നെയും ഒരുപാട് സമ്മാനങ്ങള്‍..
പരസ്പര കടമകള്‍ നിര്‍വഹിച്ചു സ്നേഹത്തോടെ ജീവിച്ച ദമ്പതികളെ അന്ത്യനാളില്‍ വിളിച്ചു, പ്രകാശം ചൊരിയുന്ന പീഠങ്ങളില്‍ ഇരുത്തുന്നു. ഭാര്യ ഭര്‍ത്താവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറയും. അത് കഴിഞ്ഞ് ഭര്‍ത്താവ് ഭാര്യയുടെതും. അവരെ കസ്തൂരി കാറ്റിന്റെ ശീതള പരിമളത്തില്‍ സ്വര്ഗ്ഗതിലേക്കെടുക്കുന്നു. ഇനിയങ്ങോട്ട് ഇത്തരം സ്വര്‍ഗ്ഗീയ സന്തോഷങ്ങളുടെ വിവരണങ്ങള്‍ തന്നെ. ഒപ്പം പരസ്പര കടമകള്‍ വിസ്മരിക്കുന്നവര്‍ക്കുള്ള കനത്ത താക്കീതുകളും. ഭാര്യയുടെ ആദരവ്, വൃത്തിയും സുഗന്ധവും, വിശുദ്ധി, പെരുമാറ്റ സൗന്ദര്യം ഇത്യാദി മൂല്യങ്ങള്‍ ഉണര്‍ത്തുന്നതോടൊപ്പം, അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സ്നേഹം, പരിരക്ഷ, ജീവിത സുഖം തുടങ്ങിയ പ്രതീക്ഷകളെ കുറിച്ചു ബോധവതിയാക്കുന്നുണ്ട്. ഇവിടെയെല്ലാം മമ്പുറം ഫള്ല് തങ്ങളുടെ തഹ്ദീര്‍ പ്രധാന അവലംബമാക്കിയിരിക്കുന്നു.
കര്‍മ്മശാസ്ത്രം ..
വുളുവും കുളിയും മാലിന്യ ശുദ്ധിയും ഉറപ്പായാല്‍ പിന്നെ നിസ്കാരം. നിസ്കാരം ഫര്‍ളും സുന്നത്തുമുണ്ട്. അഞ്ചു നേരത്തെ ഫര്‍ള് നിസ്കാരം. അത് സംഘടിതമാകുന്നത് വളരെ പുണ്യകരം. എന്നാല്‍ വെള്ളിയാഴ്ചയിലെ ജുമുഅ സംഘമായി തന്നെ നിര്‍വഹിക്കണം. സുന്നത്ത് നിസ്കാരങ്ങള്‍ സംഘമായി നിസ്കരിക്കല്‍ പുണ്യകരമായതും സംഘ സ്വഭാവമില്ലാത്തതും ഉണ്ട്. സംഘമായി നിസ്കരിക്കുന്ന റമദാനിലെ തറാവീഹ് ഇരുപത് റക്അത്ത്. മഗ്രിബിന് ശേഷം അവ്വാബീന്‍ നിസ്കാരം. ഫര്‍ള് നിസ്കാരങ്ങളുടെ മുമ്പും ശേഷവുമായി നിര്‍വ്വഹിക്കുന്ന രവാതീബ് തറാവീഹിനേക്കാള്‍ ശ്രേഷ്ഠകരമാണ്. നിസ്കാരത്തിന്റെ ഫര്‍ളും സുന്നത്തുകളും വളരെ ലളിതമായി വിവരിക്കുന്നു. നിസ്കാരം ബാതിലാകുന്ന കാര്യങ്ങള്‍, ജമാഅത്ത് നിസ്കാരത്തിന്റെ നിയമങ്ങള്‍, പെരുന്നാള്‍ നിസ്കാരം, ഗ്രഹണ നിസ്കാരം .. അങ്ങനെ എല്ലാവിധ നിസ്കാരങ്ങളും ചര്‍ച്ചയില്‍ വരുന്നു. പെരുന്നാള്‍ ദിനത്തിലെ പുതു വസ്ത്രത്തെ കുറിച്ചു പറയുമ്പോള്‍ , മുസ്ലിമിന്റെ വസ്ത്ര മര്യാദകള്‍ കടന്നുവരുന്നു.
മയ്യിത്ത് പരിപാലനം, മയ്യിത്ത് നിസ്കാരം എന്നിവ മുസ്ലിം സാമാന്യ ജനം പഠിക്കേണ്ട പ്രധാന കാര്യങ്ങളാണ്. മയ്യിത്ത് കുളിപ്പിക്കണം, അതിന്റെ രൂപം പഠിക്കണം. ഖബറടക്കം കഴിഞ്ഞാല്‍ പച്ചപ്പുള്ള മരക്കമ്പ് നാട്ടുന്നതു സുന്നത്ത്, അത് ഉണങ്ങും മുമ്പ് പറിച്ചു കളയുന്നത് ഹറാം. പ്രായപൂര്‍ത്തിയായ വ്യക്തിയാണെങ്കില്‍ ‘തല്ഖീന്’ ചൊല്ലിക്കൊടുക്കല്‍ സുന്നത്താണ്. രക്ത സാക്ഷിയാണെങ്കില്‍ പോലും. ഖബറടക്കം പൂര്‍ത്തിയായാല്‍ കൂടി നില്ക്കുന്നവര് ‘സബ്ബത്തക്ക ല്ലാഹു ബില്‍ ഖൌലിസ്സാബിത്ത്’ എന്ന് തസ്ബീത്ത് പ്രാര്‍ഥിച്ചു അവിടെ നില്ക്കല് സുന്നത്ത്. മരിച്ചതിലുള്ള സങ്കടം കാണിക്കാന്‍ കരയാന്‍ വേണ്ടി ആളെ തയ്യാര്‍ ചെയ്യുന്നതും അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി ക്കൊടുക്കുന്നതും ഹറാം .മറവു ചെയ്ത ഉടനെ സദ്യ ഒരുക്കുന്നത് ബിദ്അത്ത്. ഖബ്ര്‍ സിയാറത്ത് പുരുഷന്മാര്ക്ക് സുന്നത്ത്. സലാം പറഞ്ഞു കഴിഞ്ഞാല്‍ ഖുര്‍ആനില്‍ നിന്നും സാധ്യമാകുന്നത് ഓതി ദുആ ചെയ്യുന്നത് സുന്നത്ത്. മഹാന്മാരുടെ മസാറിനു സമീപം കൂടുതല്‍ നേരം നില്ക്കല് സുന്നത്ത്. മരിച്ചത് മുതല്‍ ഏഴു ദിവസം വരെ ഖബ്രിങ്കല് ഇടമുറിയാതെ ഖുര്‍ആന്‍ ഓത്ത് , മയ്യിത്തിനു പ്രതിഫലം ലഭിക്കാന്‍ ആ എഴുനാളുകളില് അന്നദാനം സുന്നത്ത് തന്നെ. ‘(പരിഷ്)കരണം മറിച്ചില്‍’ സംഭവിക്കുന്നതുവരെയും മുസ്ലിംകളുടെ നടപടികള്ഇങ്ങനെയൊക്കെയായിരുന്നു.
സകാത്തിന്റെ നിയമങ്ങള്‍ വിവരിക്കുന്നിടത്താണ് സ്ത്രീ പുരുഷന്മാര് വെള്ളി, സ്വര്‍ണ്ണം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരുന്നത്. പുരുഷന്മാര് ഒരു വെള്ളി മോതിരം വലത്തെ കയ്യിലെ ചെറുവിരലില്‍ ധരിക്കുന്നത് സുന്നത്ത്. അഹല് ബൈത്തിനു സകാത്തില്ല. എന്നാല്‍ , ഇക്കാലത്ത് മറ്റു ധനപരമായ ആനുകൂല്യങ്ങള്‍ തടയപ്പെട്ടതിനാല്‍, സകാത്ത് കൊടുക്കാമെന്ന് ബഹു ഫഖ്റുദ്ധീന്‍ റാസി ഫതവാ ചെയ്തിട്ടുണ്ട്. എങ്കിലും അവര്‍ അത് വാങ്ങാതിരിക്കലാണ് ഉത്തമം. ദിവസവും കഴിയുന്നത്ര എന്തെങ്കിലും ദാനം ചെയ്യുന്നത് ഗുണ മോഹികള്‍ക്ക് നന്ന്. അത് രഹസ്യമായാല്‍ ഭേഷായി.
റമദാന് നോമ്പും സുന്നത്ത് നോമ്പുകളും ഇഅ്തികാഫും വിവരിക്കുന്ന ഭാഗമാണ് അടുത്തത്. ലൈലത്തുല്‍ ഖദ്രിനെ കാര്യമായി പരിചയപ്പെടുത്തുന്നുണ്ട്. അത് ലോകാവസാനം വരെ ശേഷിക്കുന്ന ഒരു പുണ്യ സമയമാണ്. ഹജ്ജും ഉംറയും വിവരിക്കുന്നതോടെ കര്‍മ്മ കാണ്ഡം അവസാനിക്കുന്നു. ഇനിയങ്ങോട്ട് തസ്വവ്വുഫ് പാഠങ്ങളാണ്.
ഹൃദയ വിശുദ്ധി കാത്തു സൂക്ഷിക്കുക
പഞ്ചസ്തംഭങ്ങള്‍ നിര്‍ബന്ധമായ പോലെ, ശരീരത്തിലെ പ്രധാന ഏഴ് അവയവങ്ങള്‍ ദോഷ ബാധയേല്‍ക്കാതെ സൂക്ഷിക്കേണ്ടതും ഹൃദയത്തെ ദുഷ്ട ചിന്തകള്‍ ഭരിക്കാതെ നോക്കേണ്ടതും ഓരോ മുസ്ലിം സ്ത്രീ പുരുഷന്മാര്ക്കും നിര്‍ബന്ധമായ കാര്യമാണ്. സുന്നത്ത് ജമാഅത്തിലായി മരിപ്പിക്കണേ എന്ന ഗ്രന്ഥകാരന്റെ പ്രാര്‍ത്ഥന ഇവിടെ കാണാം. സ്നേഹമാണ് ഹൃദയത്തിന്റെ അമലുകളില്‍ പ്രധാനം. അല്ലാഹുവിനോട്, അവന്റെ ഹബീബായ നബി തങ്ങളോട്, അവിടുത്തെ അനുയായികളായ സ്വഹാബികളോട്, അവിടുത്തെ അഹ്ലുല്‍ ബൈത്തായ ഭാര്യാ സന്തതികളോട്, ഫാത്തിമാ ബീവിയുടെ മക്കളായ സയ്യിദ്മാരോട്, താബിഈങ്ങളോട്, മുഴുവന്‍ സജ്ജനങ്ങളോട് സ്നേഹം വേണം. നന്ദിയാണ് മറ്റൊരു ഹൃദയ കര്‍മ്മം. കണ്ണിന്റെ ദോഷങ്ങളില്‍ പെട്ടതാണ് അനുവാദമില്ലാതെ മറ്റൊരാളുടെ ഗ്രന്ഥം നോക്കുക എന്നത്.
വ്യാജ ത്വരീഖത്തുകാര്‍ക്കെതിരെ
അന്യ സ്ത്രീകളെ ഹസ്തദാനം ചെയ്യുന്നത് നിഷിദ്ധം തന്നെ. ആര്‍ക്കും ഇതില്‍ ഇളവില്ല. അവരെ ചുംബിക്കുന്നതിന്റെയും വിധി ഇതുതന്നെ. ഇത്തരം ദുര്‍നടപടികള്‍ അനുവര്‍ത്തിക്കുകയും നിസ്കാര നോമ്പാദി ബാധ്യതകള്‍ വര്‍ജ്ജിക്കുകയും കള്ളും കഞ്ചാവും ഉപയോഗിക്കുകയും മുരീദ്മാരെ ക്കൊണ്ട് തന്റെ കാലില്‍ സുജൂദ് ചെയ്യിപ്പിക്കുകയും എനി സ്ത്രീകളെ തനിച്ച് കൊണ്ടുപോയി രഹസ്യ റൂമില്‍ വെച്ച് ത്വരീഖത്തിന്റെ ‘അകമിയം’ ചൊല്ലിക്കൊടുക്കാന്‍’ എന്ന പേരില്‍ ശൈഖിന്റെ ‘പരമ രഹസ്യം’ സ്ത്രീയിലേക്ക് ഇറക്കിവെക്കുകയും ചെയ്യുന്ന ചില ശൈഖന്മാര് പ്രത്യക്ഷപ്പെട്ട കാലമാണ്. അവരെ പിന്തുടരരുതെന്ന് ഉണര്‍ത്താന്‍ ബഹു കോയക്കുട്ടി തങ്ങള്‍ ആര്‍ജ്ജവം കാണിച്ചു. (പുറം 113) ഇത്തരം നീച്ച പ്രവൃത്തികള്‍ അനുവദനീയമാണെന്നു കരുതുന്നവര്‍ ആരായാലും മുര്ത്തദ്ധു തന്നെ. വ്യാജ ശൈഖന്മാരുടെ ഇത്തരം ലൈംഗിക ശിക്ഷണം നിമിത്തമാണ് ‘നമ്മുടെ മലബാറില്‍ സ്ത്രീകള്‍ ഹിജാബ് കൂടാതെ പുരുഷന്മാര്ക്കിടയില് നിസ്സങ്കോചം നാല്കാലികളെ പോലെ നടക്കാന്‍ ഇടയായത്, കോയക്കുട്ടി തങ്ങള്‍ നിരീക്ഷിക്കുന്നു. ശൈഖിന്റെ യോഗ്യതകള്‍ ഇവിടെ വെച്ചു ചര്‍ച്ചയില്‍ വരുന്നു. ശൈഖ് അബ്ദുറഹ്മാന് ദഹ്ലവി ഖൌലുല്‍ ജമീലില്‍ പറയുന്ന അഞ്ച് നിബന്ധനകള്‍ വൈതുല്യത്തില്‍ പകര്‍ത്തിയിട്ടുണ്ട്.ഇബ്നു അറബി തങ്ങള്‍ കപട സൂഫികളെ കുറിച്ചു താക്കീത് ചെയ്തിട്ടുണ്ട്, തന്റെ മവാഖിഉന്നുജൂമില്. ഇബ്നു അറബി തങ്ങളുടെ പല പ്രസ്താവനകളേയും വ്യാജന്മാര് ദുരൂപയോഗം ചെയ്യുന്നുണ്ട് എന്ന സംഗതി സൂചിപ്പിക്കവെയാണ് ‘തമിളിലെ മുഹ്യിദ്ധീന് മാല’ പരാമര്‍ശിക്കുന്നത്.
പ്രഭാത പ്രദോഷങ്ങളില്‍ പതിവാക്കാനുള്ള ദിക്ര് ദുആകള്‍ പഠിപ്പിക്കുന്ന അധ്യായത്തോടെ വൈതുല്യം അവസാനിക്കുന്നു. ശാന്ത ഗംഭീരമായ ജ്ഞാന പ്പെരുമഴയുടെ ഒടുവില്‍ ആര്‍ദ്രമായ മനസ്സില്‍ നിന്നുള്ള പ്രാര്‍ഥനയോടെ വൈതുല്യം ഇങ്ങനെ സമാപിക്കുന്നു.: ‘.. ഈ കിതാബിനെ നോക്കുന്നവര്‍ക്കും എശുതുന്നവര്ക്കും കേള്‍ക്കുന്നവര്‍ക്കും, എന്റെ ഉപ്പ ബാപ്പ ശൈഖന്മാര് തുടര്‍ന്നവര്‍ക്കും, മക്കള്‍ ബീഡര് (= വീടര് = വീട് നോക്കുന്നവള്‍) ചാര്‍ച്ച അയല്ഭാഗക്കാര് എല്ലാ മുസ്ലിമീങ്ങള്‍ക്കും നിന്റെ പൊറുക്കല്‍ എന്നയും റഹ്മത്ത് എന്നയും കോളര്കുട (?) ചെയ്യണ്ടതിന്നും… ഇതിനെ നീ ഖബൂല്‍ ചെയ്ത് കൃഫ ചെയ്യണ്ടതിന്നും, നിന്റെ മുസ്വതഫായ നബിന്റെ തൃക്കല്യാണത്തിനയും നിന്റെ തൃക്കായ്ച്ചനെയും കാട്ടിത്തരണ്ടതിന്നും … ഞങ്ങള്‍ അപേക്ഷിക്കുന്നു.
mahmood
says:നന്നായി പറഞ്ഞു.