സ്വാമിന്‍! ഇങ്ങനെ ചിലര്‍ ചോദിക്കുന്നു:

“നമ്മുടെ പിതാവിന്റെയോ ഗുരുവിന്‍റെയോ മറ്റൊ ഛായ എടുത്തുവെച്ച് അവരുടെ അഭാവത്തില്‍ അതുകണ്ട് സന്തോഷിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. അപ്രകാരം ക്ഷേത്രത്തില്‍ ദൈവത്തിന്‍റെ പ്രതിമ വെച്ചു പൂജിക്കുന്നതാകുന്നു. അങ്ങിനെ ചെയ്തിട്ടില്ലെങ്കില്‍ സ്വല്പബുദ്ധികള്‍ക്കും ബാലന്മാര്‍ക്കും ദൈവം ഉണ്ടെന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണ്?”
ഗുരു: ഹേ ശിഷ്യ! ക്രിസ്ത്യന്മാരും മൊഹമ്മദീയരും മറ്റും കല്ലിനെ നാട്ടിയിട്ടാണോ കുട്ടികള്‍ക്കും സ്വല്പബുദ്ധികള്‍ക്കും ദൈവവിചാരം ഉണ്ടാക്കുന്നത്! അവരുടെ ഇടയില്‍ കല്ലിനെ കഴിച്ചു നാട്ടാത്തതുകൊണ്ട് ദൈവ വിചാരം ഇല്ല , ഭക്തന്മാരും ജ്ഞാനികളും ഇല്ല എന്നു പറയാമോ?

ശിഷ്യന്‍: അവര്‍ക്ക് പള്ളികള്‍ ഉണ്ട്.

ഗുരു: ശരി. അങ്ങനെ നമുക്കും വേണമെങ്കില്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ഭജിപ്പാന്‍ ഭജന സ്ഥലം ഇരുന്നുകൊള്ളട്ടെ. അതിനെ ക്ഷേത്രമെന്നും പറഞ്ഞും കൊള്ളട്ടെ. അവിടെവെച്ചു ദൈവ തത്വത്തെ പ്രസംഗിച്ചു സര്‍വ്വര്‍ക്കും മനസ്സിലാക്കുക…. അങ്ങിനെ ചെയ്യാതെ പലവിധത്തിലുള്ള പ്രതിമകളെ നാട്ടി അസംഖ്യം ദൈവമുണ്ടെന്നും ദൈവം സാപ്പാട്ടു രാമന്മാരെപ്പോലെ പായസാദി നൈവേദ്യം കൊണ്ടും ചില സ്വല്പ ബുദ്ധികളെ പ്പോലെ ചെണ്ട മുതലായ വാദ്യങ്ങള്‍ കൊണ്ടും വെടിമരുന്നു പ്രയോഗങ്ങള്‍ കൊണ്ടും സന്തോഷിക്കുമെന്നും സ്ഥാനമനാഭിമാനികളെ പ്പോലെ വെങ്കൊറ്റക്കുട വെഞ്ചാമരം ആലവട്ടം അകമ്പടി മുതലായവയോട് കൂടി ദൈവത്തെ എഴുന്നള്ളിക്കുന്നത് കൊണ്ട് ദൈവാനുഗ്രഹം ഉണ്ടാകുമെന്നും കൈക്കൂലി കൊണ്ട് ദുര്‍ ജഡ്ജി എന്നപോലെ ദൈവം നേര്‍ച്ചകള്‍ കൊണ്ട് കാര്യം ഗുണപ്പെടുത്തി ക്കൊടുക്കുമെന്നും ഈറന്‍ ഉടുക്കുന്നത് കൊണ്ടും പട്ടിണി കിടക്കുന്നത് കൊണ്ടും പൂണൂല്‍ ധരിക്കുന്നത് കൊണ്ടും തറ്റുടുക്കുന്നത് കൊണ്ടും മറ്റും ദൈവം പ്രസാധിക്കുമെന്നും ബാലന്മാര്‍ക്കും സ്വല്പ ബുദ്ധികള്‍ക്കും തെറ്റിദ്ധരിപ്പാന്‍ സംഗതിവരുന്ന അനേകം ഏര്‍പ്പാടുകളെ ഏര്‍പ്പെടുത്തി ആള്‍നാശവും അര്‍ത്ഥ നാശവും ഉണ്ടാക്കുന്ന അജ്ഞാന പാഠങ്ങളെയാകുന്നു ക്ഷേത്രത്തില്‍ വെച്ചു പഠിപ്പിക്കുന്നത്! പണ്ട് ഉടന്തടിച്ചാട്ടം (ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍തൃ ശവത്തോടുകൂടിഭാര്യയെ ജീവനോടെ ദഹിപ്പിക്കുക) എന്ന അതിനീച കര്‍മ്മത്തെയും നരബലിയെയും അതിയോഗ്യമെന്ന് കൊണ്ടാടിക്കൊണ്ട് കര്‍മ്മ കാണ്ഡരതന്മാരുടെ അനന്തരവന്മാര്‍ ജ്ഞാനക്കണ്ണിനെ കുത്തിപ്പൊട്ടിക്കുന്നത് കഷ്ടമല്ലേ. ..

ഹേ ശിഷ്യ! പിന്നെന്താ പറഞ്ഞത്. പിതാവിന്‍റെയും ഗുരുവിന്‍റെയും മറ്റും ഫോട്ടോ എടുത്തുവെച്ചുകൊണ്ട് സന്തോഷിക്കും പോലെയും വന്ദിക്കും പോലെയും ദൈവത്തിന്‍റെ ഛായ എടുത്തു പൂജിക്കുകയാണെന്നോ? വിശേഷം. പിതാവിനെയും ഗുരുവിനെയും മറ്റും കണ്ടും കൊണ്ടാകുന്നു ഫോട്ടോ എടുക്കുന്നത്. ആ ഛായ യില്‍ അവരുടെ ആകൃതിയും വടിവും ഉണ്ട്. ദൈവത്തിനു ആകൃതിയെ ഇല്ല. പിന്നെങ്ങിനെ ഛായ എടുത്തു?! ബിംബ പണിക്കാരും മറ്റും കല്ലുകളിലും വല്ലതിലും കൊത്തുന്നതും വരക്കുന്നതുമാണോ ദൈവത്തിന്‍റെ ഛായ?!!

ബ്രഹ്മാനന്ദ സ്വാമി ശിവയോഗി/ ആനന്ദ സൂത്രം / 1910

Leave a Reply