ചില ഗ്രന്ഥങ്ങളെ സൂക്ഷിക്കണം; വ്യക്തികളെയും..
============================
അറിയപ്പെട്ട വ്യക്തികളാകാം; ധാരാളമായി അവലംബിക്കുന്ന ഗ്രന്ഥങ്ങളും ആകാം. പക്ഷേ, അവരുടെ/ അവയുടെ “നിലപാട് തറ” ഏതാണെന്നു അറിയാതിരുന്നാല്‍ വലിയ അബദ്ധങ്ങളില്‍ ചെന്നുവീഴാം. പല പ്രമുഖരും അങ്ങനെ വീണുപോയിട്ടുണ്ട്..

അലി റ ന്‍റെ ശിഷ്യനായിരുന്നു അബുല്‍ അസ് വദ് അദ്ദുവലി. അറബി വ്യാകരണം വ്യവസ്ഥാപിതമാക്കി ക്രോഡീകരിച്ച പ്രഗല്ഭമതി. അദ്ദേഹം നിലപാടില്‍ ” മുഫള്ളില:” എന്ന ശിഈ വിഭാഗമായിരുന്നു. ” ശീഅതു അലി” എന്നറിയപ്പെടുന്ന ആദ്യഘട്ടത്തിലെ ആത്മാര്തരായ അലി പക്ഷക്കാര്‍ക്കിടയില്‍ ഹിജ്ര 37 മുതല്‍ ആരംഭിച്ച ആദ്യ വ്യതിയാന ചിന്തയാണ് “മുഫള്ളില”. അബൂബകര്‍, ഉമര്‍, ഉസ്മാന്‍ റ തുടങ്ങിയ ഇതര സ്വഹാബികളെക്കാള്‍ അലി (റ) നു മികവുണ്ടെന്ന് അവര്‍ വിശ്വസിച്ചു. താബിഈ പ്രമുഖനായിരുന്ന അബൂ സഈദു യഹ് യബിന്‍ യഅ്മൂര്‍ , അസ്സയ്യിദ് മുഹമ്മദ്‌അല്‍ ബാഖിര്‍+ അസ്സയ്യിദ് ജഅഫര്‍ സ്വാദിഖ് എന്നിവരില്‍നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുള്ള സാലിം ബിന്‍അബീ ഹഫ്സ്വ , മുസ്വന്നഫ് കര്‍ത്താവ് പ്രസിദ്ധ മുഹദ്ദിസ് അബ്ദുറസാഖ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ ഉള്‍പെടുന്നു.അഹ്ലുസ്സുന്നയുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന പ്രഗല്‍ഭരായ പല സ്വൂഫികളെയും ഈ വാദം സ്വാധീനിചിട്ടുണ്ട്. കഷ്ഷാഫ്‌ എന്ന പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥമെഴുതിയ അല്ലാമാ സമഖ്ശരി മുഅതസിലി മാത്രമല്ല, മുഫള്ളില: കൂടി ആയിരുന്നു.

ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ലഘുവായ പിഴവാദം മുഫള്ളില: യുടെതാണ്. ദീനിന്‍റെ അടിസ്ഥാനങ്ങളെ ബാധിക്കാത്തതിനാല്‍ ഇമാം സുയൂത്വി അവരുടെ അഖീദ:യെ ആക്ഷേപിക്കാതെ തന്നെ അവരില്‍ പലരെയും ഉദ്ധരിച്ചിട്ടുണ്ട്. (അശ്ശറഫുല്‍ മുഅബ്ബദ്/ യൂസുഫുന്നബ് ഹാനി)

അല്‍അഖ്ത്വബ് അല്‍ ഖുവാറസ്മി സൈദീ തീവ്രവാദിയാണ്. ഇദ്ദേഹത്തെ സുന്നിയായി ചിലരെങ്കിലും തെറ്റുദ്ധരിച്ചതായി കാണാം. ഹുസൈന്‍ റ ന്‍റെ പുത്രന്‍ അലിയുടെ പുത്രനാണ് സൈദ്‌. സ്വഹാബികളെ പഴി പറയാന്‍ അദ്ദേഹം അനുവദിക്കാതിരുന്നപ്പോള്‍, അദ്ദേഹത്തെ യുദ്ധവഴിയില്‍ ഉപേക്ഷിച്ചു പിണങ്ങിപ്പോയവരാണല്ലോ “റാഫിളികള്‍” എന്ന വ്യതിയാനസംഘം. അദ്ദേഹത്തിന്റെ മരണ ശേഷം ഇമാമത്ത് അവകാശ വാദവുമായി ബന്ധപ്പെട്ട് ഹിജ്ര 112 മുതല്‍ ആരംഭിച്ച ശിഈ വ്യതിയാനമാണ് സൈദിയ്യ: . അവര്‍ ആദ്യകാലങ്ങളില്‍ അറബുനാടുകളില്‍ വ്യാപകമായിരുന്നു. പ്രഗല്‍ഭരായ ചില ഹസനി സാദാത്തുക്കള്‍ സൈദികള്‍ ആയിരുന്നു. സൈദികള്‍ പിന്നീട് യമനില്‍ ആധിപത്യംനേടി. ഇപ്പോഴും അതാണ്‌ സ്ഥിതി. യമന്‍ തീരങ്ങളില്‍ അവര്‍ വ്യക്തമായ മേല്‍ക്കൈ നേടി. അവിടെ ശാഫിഈ മദ് ഹബ് കാര്‍ ധാരാളമുണ്ടായിരുന്നു. സൈദികളെ ഭയന്ന് അവര്‍ വിവിധ നാടുകളിലേക്ക് കുടിയേറുകയായിരുന്നു. കേരളത്തില്‍ യമനി സാദാത്തുക്കള്‍ വരുന്നതിന്‍റെ പശ്ചാത്തലം അതായിരുന്നു.. നൈലുല്‍ ഔത്വാര്‍ ഉടമ അല്ലാമ ശൌകാനി സൈദിയ്യ പക്ഷക്കാരനാണ്.

സുന്നി ചരിത്രകാരന്മാര്‍ എന്ന വ്യാജേന ശിഈകള്‍ ധാരാളമായി ഉദ്ധരിക്കാറുള്ള ഹിശാമുല്‍ കല്‍ബി, മസ്ഊദി, വാഖിദി, അഗാനിയുടെ കര്‍ത്താവ് അബുല്‍ ഫറജ് അല്‍ഇസ്ഫാഹാനി തുടങ്ങിയവര്‍ യഥാര്‍ത്ഥത്തില്‍ ശിഈ പക്ഷപാതികള്‍ ആണ്. ഇബ്നുല്‍ അസീര്‍ ശിഈ ചായ്‌വ് പ്രകടിപ്പിച്ച മറ്റൊരു ചരിത്രകാരനാകുന്നു.

പ്രഗല്‍ഭ ചരിത്ര സംശോധകനായ അല്ലാമാ ഇബ്നുഅറബി അല്‍മാലികി (ഹി 468- 543) തന്‍റെ അല്‍ അവാസ്വിമില്‍ പറയുന്നു: ” ഇവിടെ ഞാനിതു നിങ്ങളോട് പറയുന്നത് ചിലയാളുകളുടെ രചനകളെ നിങ്ങള്‍ ജാഗ്രതയോടെ കാണാന്‍ വേണ്ടിയാണ്. വിശിഷ്യാ, ഹദീസ്- ചരിത്ര പരിശോധന അറിയാത്ത ചില മുഫസ്സിറുകള്‍, ചരിത്രകാരന്മാര്‍, സാഹിത്യകാരന്മാര്‍ എന്നിവരില്‍നിന്നും. തീര്‍ച്ചയായും അവര്‍ മതത്തിന്‍റെ പവിത്രതകളെക്കുറിച്ച് അറിയാത്തവരോ അല്ലെങ്കില്‍ അവരുടെ ബിദ് അത്തില്‍ നിലയുറപ്പിച്ചു മുന്നേറുന്നവരാണ്. അതിനാല്‍, അവര്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ നിങ്ങള്‍ പരിഗണിക്കരുത്. ഹദീസ് മേഖലയിലെ മാതൃകാ ഗുരുക്കന്മാരെയല്ലാതെ നിങ്ങള്‍ സ്വീകരിക്കരുത്. ത്വബരിയെ അല്ലാതെ ഒരൊറ്റ ചരിത്രാകാരനെയും നിങ്ങള്‍ കേള്‍ക്കരുത്. ചരിത്രത്തില്‍ അതെല്ലാത്തതെല്ലാം “ചുവന്ന മരണം” ആകുന്നു, ഭീകര വ്യാധിയാകുന്നു. അവര്‍ സ്വഹാബതിനെയും മുന്ഗാമികളെയും അവമതിക്കുന്ന വര്‍ത്താനങ്ങള്‍ പരത്തുകയാണ്. മഹത്തുക്കളുടെ വാക്കുകളും പ്രവര്‍ത്തികളും തെറ്റുദ്ധരിപ്പിക്കുകയാണ്. നിങ്ങള്‍ ആ വ്യാജന്മാരെ വര്‍ജ്ജിച്ച് നീതിമാന്മാരായ ചരിത്ര സമാഹര്‍ത്താക്കളെ അവലംബിക്കുന്നതില്‍ മതിയാക്കുക, എന്നാല്‍, അവരുടെ ഈ കെണിവലകളില്‍ നിന്നുംനിങ്ങള്‍രക്ഷപ്പെടും. “
താരീഖുത്വബരി : എങ്ങനെ അവലംബിക്കാം?
=========================================

ത്വബരിയുടെതാരീഖു റുസുലി വല്‍ മുലൂക്” സര്‍വ്വരാലും പ്രശംസിക്കപ്പെട്ട ഒരു ആധികാരിക ഇസ്ലാമിക ചരിത്ര ഗ്രന്ഥമാണ്. ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ട് ആധികാരികതയും അവലംബ യോഗ്യതയും നഷ്ടപ്പെട്ട മറ്റൊരു ചരിത്ര ഗ്രന്ഥം ഇല്ല എന്നും പറയാം. അതിനാല്‍ തന്നെ, പില്‍കാലത്ത് ത്വബ്രിയെ അടിസ്ഥാനമാക്കി ചരിത്രത്തിലും , ചരിത്രത്തെ നോക്കി ഇസ്ലാമിക രാഷ്ട്രീയ ദര്‍ശനത്തിലും പുനരന്വേഷണം ചെയ്ത സയ്യിദ് മൌദൂദി അടക്കമുള്ളവര്‍ക്ക് ഭീമാബദ്ധം സംഭവിക്കുകയും ചെയ്തു.

ഹി 224ല്‍ ത്വബ്രിസ്ഥാനില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ ജരീര്‍ബിന്‍ യസീദ് ഖാരിഅ് , മുഫസ്സിര്‍, മുഹദ്ദിസ്, ഫഖീഹ്, ചരിത്രകാരന്‍ തുടങ്ങിയ മേഖലകളില്‍ ഉന്നത സ്ഥാനവും അംഗീകാരവും ആര്‍ജ്ജിച്ചു. ശാഫിഈ പാതയില്‍ ആയിരുന്ന ത്വബരി ഇമാം പിന്നീട് സ്വതന്ത്ര മദ് ഹബ് ആവിഷ്കരിച്ചു. ഹിജ്രഅഞ്ചാം നൂറ്റാണ്ടുവരെ അത് നിലനിന്നുള്ളൂ. ഹിജ്ര 303ല്‍ രചന പൂര്‍ത്തിയാകുന്നത് വരെയുള്ള മുസ്ലിം ലോകത്തെ സംഭവ വികാസങ്ങളാണ് തന്‍റെ താരീഖില്‍ ഉള്‍പെട്ടിട്ടുള്ളത്.

ഹദീസ് പണ്ഡിതന്‍ കൂടിയായ ത്വബരിയുടെചരിത്ര രചനയില്‍ ഒരു തരം ഹദീസ് നിവേദന സ്പര്‍ശം ഉണ്ടായത് സ്വാഭാവികം. (ഇതേ രീതിയാണ് പിന്നീട് അല്ലാമാ ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായയില്‍ സ്വീകരിച്ചത്). സനദ് വ്യക്തമാക്കാതെ ഒരൊറ്റ സംഭവവും അദ്ദേഹം ഉദ്ധരിച്ചില്ല. സ്വീകാര്യരായവരോ അല്ലാത്തവരോ ആയ ചരിത്ര സ്രോതസ്സുകളില്‍ നിന്നും അദ്ദേഹം സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു വെങ്കിലും അവയുടെ സനദ് വ്യക്തമാക്കുന്നതിനാല്‍ അനുവാചകന് അവയെ വകതിരിവോടെ സമീപിക്കാന്‍ കഴിയും. തബ്രിയെ അല്ലാതെ മറ്റു ചരിത്രകാരന്മാരെ ആരെയും സ്വീകരിക്കരുത്എന്ന് അല്ലാമാ ഇബ്നു അറബി അല്‍മാലികി (മ. 543) ഉണര്‍ത്തിയത് അത് കൊണ്ടായിരിക്കണം.

പിന്നെ , ത്വബ്രിക്കെന്തു പറ്റി?

സ്വഹാബികള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ , രാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് വേണ്ടി ദുര്‍വ്യാഖ്യാനിച്ചു ഉദയം കൊണ്ട ശിഈ വ്യതിയാന സംഘങ്ങള്‍ക്ക് ഇമാം ത്വബ്രിയുടെ ചരിത്ര സംശോധന കനത്ത ആഘാതം സൃഷ്ടിച്ചു. ത്വബ്രിയെ ത്വബരി കൊണ്ട് നേരിടുക എന്ന തന്ത്രം അവര്‍ പ്രയോഗിച്ചു. അത് ഫലിക്കുകയും ചെയ്തു. വോള്യങ്ങള്‍ ദൈര്‍ഘ്യമുള്ള കൃതി കൂടുതല്‍ പേര് പകര്‍ത്തി വെക്കില്ലെന്ന തിരിച്ചറിവ് അവരെ ആവേശിതരാക്കി. അവര്‍ ആദ്യം ത്വബ്രിക്ക് അപരനെ രംഗത്തിറക്കി. പിതാമഹന്റെ നാമം റുസ്തം ആയിട്ടുള്ള മുഹമ്മദ്‌ ബിന്‍ ജരീര്‍ ത്വബ്രിയാണ് ഇസ്നാ അശരി ശിയാക്കള്‍ അവതരിപ്പിച്ച അപരന്‍. ( മീസാന്‍/ ദഹബി, ലിസാന്‍/ അസ്ഖലാനി)

അപരന്‍ തബ്രിയുടെ പേര് വെച്ച താരീഖ് പുറത്തു വന്നു. അതുപോലെ ഇമാം തബ്രിയുടെ ഈളാഹുല്‍ മുസ്തര്‍ശിദിന്‍റെയും ബിശാരത്തുല്‍ മുസ്തഫയുടെയും വ്യാജ പതിപ്പ് അപരന്റെ പേരില്‍ പ്രസിദ്ധം ചെയ്തു. ഒരുപാട് കൈ കടത്തലുകള്‍ക്കു വിധേയമായ താരീഖും ഈളാഹും ബിശാറയും വ്യാപകമായി. ഫാത്വിമി ഭരണാധികാരികള്‍ ഈജിപ്തില്‍ ഈ കിതാബുകള്‍ ധാരാളമായി പ്രചരിപ്പിച്ചു. 365/ 975 മുതല്‍ 386/ 996കാലഘട്ടത്തില്‍ ഭരിച്ചിരുന്ന അസീസ്‌ ബില്ലാഹിയുടെ ഗ്രന്ഥപ്പുരയില്‍ താരീഖുത്വബരി ഇരുപതിലേറെ പ്രതികള്‍ സൂക്ഷിച്ചിരുന്നുവെന്നു അല്ലാമാ മഖ്രീസി കുറിക്കുന്നുണ്ട്. ഇമാം ത്വബരിയെ പില്‍ക്കാലത്ത് പല പ്രമുഖരും തെറ്റുദ്ധരിക്കാന്‍ ഇത് കാരണമായി. പ്രസിദ്ധ മുഫസ്സിര്‍ ആയ ഇബ്നു ഹയ്യാന്‍ ഇമാം ത്വബ്രിയെ തെറ്റുദ്ധരിച്ച പ്രമുഖരില്‍ ഒരാള്‍ മാത്രം.

ഇതോടൊപ്പം ഇമാം ത്വബരി ശിഈ ആണെന്നും തഖിയആചരിച്ച് സുന്നി ലോകത്ത് കഴിയുകയായിരുന്നെന്നും ശിഈ ചരിത്രകാരന്മാര്‍(?) കഥയുണ്ടാക്കി.

അതിലും അപകടകരമായ മറ്റൊരു തരം ആക്രമണം കൂടി ശിയാക്കള്‍ നടത്തുകയുണ്ടായി. താരീഖു ത്വബരിയുടെ സംഗ്രഹം ഇറക്കുകയായിരുന്നു അത്. ആദ്യം അറബിയില്‍ അബുല്‍ ഹസന്‍ ശിമ്ശാത്വി(/സിംസാത്വി) ഇതു ചെയ്തു( 377/987ല്‍). സനദ്കള്‍ ഒഴിവാക്കിയും അപകടകരമായപരാമര്‍ശങ്ങള്‍ ഒഴിവാക്കിയും തെറ്റുദ്ധരിപ്പിക്കാന്‍ കൊള്ളുന്നവ കൂട്ടിച്ചേര്‍ത്തും ഇറക്കിയ ഈ മുഖ്തസര്‍ ത്വബരിഉണ്ടാക്കിയ അപകടം ചെറുതൊന്നുമല്ല. ഒറിജിനല്‍ പ്രതി വ്യാപകമല്ലാത്തതിനാല്‍, ( وهذا التاريخ الكبير أعز الوجود ولم يتيسر في الزمن السابق نسخة منه إلا لبعض ) പരിശോധകര്‍ വ്യാപകമായി തെറ്റില്‍ പതിച്ചു. ചരിത്ര പകര്‍പ്പുകാര്‍ ഒന്നിന് പിറകെ മറ്റൊരാള്‍ വ്യാജ കഥകള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അവ സംശോധകരെ സംഭ്രമത്തിലാക്കി. വായനക്കാരെ ളലാലത്തിലാക്കി. സിംസ്വാത്തിയുടെ സംഗ്രഹം ആണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. അവര്‍ ഇത് തന്നെയാണ് താരീഖു ത്വബരി എന്ന് കരുതിപ്പോയി. وقد اشتهر هذا المختصر وراج لسهولة عبارته وكثرت نسخه قائلين بأن هذه الروايات ثابتة في تاريخ الطبري ولا أثر ولا اسم من تلك الروايات في كتاب الأصل وهذا المختصر قد أضل كثيرا من مؤرخي أهل السنة فإنهم كلما عاينوه فيه نسبوه إلى الأصل

ഈ സംഗ്രഹം പിന്നീട് ഫാരിസീ ഭാഷയിലേക്ക് പലരും വിവര്‍ത്തനം ചെയ്തു?! കൂനിന്മേല്‍ കുരുക്കള്‍ മുളച്ചു. വിവര്‍ത്തകര്‍ മിക്കതും ശിഈകള്‍ ആയിരുന്നു. സനദ് ഇല്ലാതെയും കൈക്രിയകളോടെയും അവ പ്രചരിച്ചു. ഫലത്തില്‍, കാലാന്തരത്തില്‍ താരീഖു ത്വബരിഇല്ലാതായി. (فدخل فيه تحريف بعد تحريف فلم يبق على حاله كأنه مسخ).

തുര്‍ക്കിയിലേക്കും ഫ്രഞ്ചിലേക്കും മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കും ഫാരിസിയില്‍ നിന്നാണ് താരീഖ് ത്വബരി മൊഴി മാറ്റിയതെന്നോര്‍ക്കണം. അറബിയില്‍ ആദ്യമായി പ്രിന്റു ചെയ്യുന്നത്, ഒരിയന്റലിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ 1879ല്‍ ഹോളണ്ടില്‍. അതില്‍ മുഴുവന്‍ ഭാഗം ഇല്ലെന്നു മാത്രമല്ല, അവലംബിച്ച കയ്യെഴുത്തു പ്രതികള്‍ ഒര്‍ജിനല്‍ ആയിരുന്നില്ല. ഒരിയന്റലിസ്റ്റുകളും അഹ്ലുല്‍ ഖുര്‍ആന്‍ വാദികളും ശിഈകളും ഇതാണ്മു പ്രചരിപ്പിക്കുന്നതും അവലംബമാക്കുന്നതും.. മുഹമ്മദ്‌ അബുല്‍ ഫദല്‍ ഇബ്രാഹീം , ഇന്ത്യയിലെ ഖുദാ ബഖ്ഷ് ലൈബ്രറിയില്‍ നിന്നും മറ്റും കണ്ടെടുത്ത വേറെ ചില കയ്യെഴുത്തു പ്രതികള്‍ അവലംബമാക്കി പഠനക്കുറിപ്പുകളോടെ തയ്യാറാക്കിയ താരീഖു ത്വബരി, ഈജിപ്തിലെ ദാറുല്‍ മആരിഫ് 1967 ല്‍ പുറത്തിറക്കിയതാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്..

1973ല്‍ ഇറാനിലെ മുഅസ്സസുസ്സഖാഫ പുറത്തിറക്കിയ പുതിയ പേര്‍ഷ്യന്‍ വിവര്‍ത്തനത്തില്‍ “താരീഖു ത്വബരി” എത്രമാത്രം ഉണ്ടെന്ന് ആര്‍ക്കറിയാം?!

ത്വബ്രിയെ അല്ലാതെ മറ്റു ചരിത്രകാരന്മാരെ അവലംബിക്കരുതെന്നു ഇബ്നു അറബി മാലികിയും , “ഏറ്റവും ആധികാരികമായത്എന്ന് ഇബ്നു ഖല്ദൂന്‍ വിശേഷിപ്പിച്ചതുമായ താരീഖു ത്വബരി എവിടുന്ന് ലഭിക്കും എന്നതാണ് പ്രശ്നം..

ഇബ്നു ഖുതൈബ:, സുദ്ധി: അപരന്മാരെ സൂക്ഷിക്കുക
=================================================
പേര് ഒത്തുവരുന്നവരെ ഉപയോഗപ്പെടുത്തി , അഹ്ലുസ്സുന്ന ഉലമാക്കള്‍ക്ക് അപരന്മാരെ ഇറക്കുമതി ചെയ്യുന്നഒരു ചതിപ്രയോഗം ശിയാക്കള്‍ പ്രയോഗിക്കാറുള്ളതാണ്. ശിഈ ആയവന്റെ ഹദീസ്/ ചരിത്ര രിവായതുകള്‍ സുന്നിയുടെ ഗ്രന്ഥത്തില്‍ തിരുകുകയോ അതേ പേരില്‍ മറ്റൊരു ഗ്രന്ഥം ഇറക്കുകയോ ചെയ്യുകയാണ് തന്ത്രം.. പിന്നെ രണ്ടിനെയും വകതിരിച്ചറിയുക എളുപ്പമാകില്ല. അഹല്സ്സുന്നയുടെ നിലപാട് ദൃഡമായി മനസ്സിലാക്കാത്തവന്‍ തെറ്റിദ്ധരിക്കുന്നു..

ഉദാ: സുദ്ധി. സുദ്ധി രണ്ടുപേരുണ്ട്. ഒന്ന് വലിയ സുദ്ധി. മറ്റൊന്ന് ചെറിയ സുദ്ധി. വലിയ സുദ്ധി സ്വീകാര്യനും അഹല്സ്സുന്നയിലെ വിശ്വസ്തരില്‍ പെട്ടയാളുമാണ്. എന്നാല്‍ ചെറിയ സുദ്ധി കള്ളനും കൃത്രിമവിദഗ്ദ്ധനുമാണ്. തികഞ്ഞ തീവ്ര റാഫിളിയുമാണയാള്‍…”(ശാഹ് അബ്ദുല്‍അസീസ്‌ ദഹ് ലവി / തുഹ്ഫ)

ശാഹ് അബ്ദുല്‍ അസീസ്‌ ദഹ് ലവി തുടരുന്നു: ഇതുപോലൊരാള്‍ കൂടിയുണ്ട്. ഇബ്നു ഖുതൈബ: ഇപ്പേരില്‍  മൂന്നു പേരുണ്ട്. ഇബ്രാഹീം  ബിന്‍  ഖുതൈബ. ഇദ്ദേഹം തീവ്ര ശിഈ ആണ്. അബ്ദുല്ലാഹി ബിന്‍ ഖുതൈബ തന്നെ രണ്ടുണ്ട്. ഒരാള്‍ തീവ്ര വാദിയായ  റാഫിളി. അടുത്ത ആള്‍  അഹ്ലുസ്സുന്ന. ഇരുവര്‍ക്കുമുണ്ട് “അല്‍ മആരിഫ്” ?! രണ്ടും  തിരിച്ചറിയുക ദുഷ്കരം.”
അപരനെ രംഗത്തിറക്കി ചതിക്കുന്ന ശിഈകള്‍  സുന്നിയായ ഇബ്നു ഖുതൈബ: യുടെ “അല്‍ ഇമാമത്ത് വസ്സിയാസ:” യ്ക്ക് വ്യാജ പതിപ്പ് ഇറക്കുകയായിരുന്നു.    അങ്ങനെ ഇബ്നു ഖുതൈബ: പലരെയും വെട്ടില്‍ വീഴ്ത്തിയിട്ടുണ്ട്. ചരിത്ര നിവേദനങ്ങള്‍ അടിസ്ഥാനമാക്കി  ഇസ്ലാമിക ഖിലാഫത്തിനെ ക്കുറിച്ച് പഠിക്കാന്‍ ഒരുമ്പെട്ട അബുല്‍ അഅലാ മൌദൂദി ഉദാഹരണമായി കാണാം. കേരളത്തില്‍ ചേകനൂര്‍ മൌലവി ഇബ്നു ഖുതൈബയുടെ പ്രധാന പ്രയോജകന്‍ ആയിരുന്നു. ഒരുപാട് വികല ചരിത്രങ്ങള്‍ക്ക് ടിയാന്‍ ഇബ്നു ഖുതൈബയെ ആശ്രയിക്കുന്നു.   “ഇബ്നു ഖുതൈബ” യെ മൌദൂദി വല്ലാതെ വിശ്വസിച്ചു പോയി . അദ്ദേഹം എഴുതുന്നു: “ഇബ്നു ഖുതൈബ: ശിഈ ആയിരുന്നുവെന്ന ധാരണ തീര്‍ത്തും അടിസ്ഥാന രഹിതമാണ്… അദ്ദേഹത്തിന്‍റെ “അല്‍ ഇമാമത്ത് വസ്സിയാസ:” എന്ന ഗ്രന്ഥം എടുക്കുക. ഈ ഗ്രന്ഥം ഇബ്നു ഖുതൈബ:യുടെതല്ലെന്നു ഖണ്ഡിതമായി പറയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പലരും സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ..” ( ഖിലാഫത്ത്/ പുറം 259)

ചരിത്ര  സംശോധകര്‍ സംശയം പ്രകടിപ്പിച്ച ഒരു സ്രോതസ്സ് ഉപയോഗിച്ചാണ് മൌദൂദി  സ്വഹാബതിന്റെ നിലപാടുകള്‍ നിരൂപിക്കാന്‍ ഒരുമ്പെട്ടത്?! എന്നാല്‍, അല്ലാമ ഇബ്നു അറബി അല്മാലികി വളരെ ശക്തമായ മുന്നറിയിപ് നേരത്തെ തന്നിരുന്നു. അദ്ദേഹം പറയുന്നു: “ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാര്യം ഒന്ന് “ബുദ്ധിമാനായ പടുവിഡ്ഡി “ യും മറ്റൊന്ന് “ ചതിയനായ പുത്തന്‍ വാദി” യുമാകുന്നു. പടുവിഡ്ഡി ആരാണെന്നോ? അത് ഇബ്നു ഖുതൈബ: തന്നെ. അയാളുടെ “അല്‍ ഇമാമ: യില്‍ കാണുന്ന സ്വഹാബത്തിനെ പഴിക്കുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം അയാള്‍ എഴുതിയത് തന്നെയാണെങ്കില്‍..” (അല്‍ അവാസ്വിം)
അല്‍ അവാസ്വിമിലെ ഒരു ഭാഗം പുറത്തിറക്കുമ്പോള്‍( ഹി 1371) അടിക്കുറിപ്പുകള്‍ നല്‍കിയ സലഫിയായ മുഹിബ്ബുദ്ധീനില്‍ ഖത്വീബ് ( മരണം ഹി. 1389) എഴുതുന്നു: “ ഇബ്നുല്‍ അറബി പറഞ്ഞ പോലെ , സ്വഹാബത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉള്‍കൊള്ളുന്ന അല്‍ ഇമാമ; യിലെ പരാമര്‍ശങ്ങള്‍ അഹല് സ്സുന്നയുടെ ആധികാരിക വക്താവായി അറിയപ്പെട്ട  ഇബ്നു ഖുതൈബയുടെത് തന്നെയാണെങ്കില്‍ അദ്ദേഹത്തെ മേല്‍ പറഞ്ഞ പോലെ പടുവിഡ്ഡിഎന്ന് തന്നെ വിളിക്കണം. പക്ഷേ, ആ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെതല്ല എന്നതാണ് സത്യം. കാല്‍ നൂറ്റാണ്ട് മുമ്പ് ഞാന്‍ ഇബ്നു ഖുതൈബയുടെ അല്‍ മുയസ്സിര്‍” പുറത്തിറക്കുമ്പോള്‍ ആമുഖത്തില്‍ നല്‍കിയ ജീവചരിത്രത്തില്‍ “അല്‍ ഇമാമ” യെ കുറിച്ചുള്ള ഉലമാ നിലപാടുകള്‍ വിശദമാകിയിട്ടുണ്ട്. ആ ഗ്രന്ഥം അദ്ദേഹത്തിന്റെതല്ല എന്നതിനുള്ള ഉലമാക്കളുടെ തെളിവുകളും വിസ്തരിച്ചിട്ടുണ്ട്‌.”അല്‍ ഇമാമ: യില്‍ ഗ്രന്ഥകാരന്‍ രണ്ട് ഈജിപ്തുകാരെയാണ് ധാരാളമായി ഉദ്ധരിക്കുന്നത്. സത്യത്തില്‍ അവരില്‍ നിന്നും ഇബ്നു ഖുതൈബ: ചരിത്രം പകര്‍ത്തുകയോ ഈജിപ്തില്‍ കടക്കുകയോ പോലും ഉണ്ടായിട്ടില്ല. ഇക്കാര്യം മതി, ആ ഗ്രന്ഥം ഇബ്നു ഖുതൈബയുടെ മേല്‍ വെച്ചു കെട്ടിയതാണെന്ന് മനസ്സിലാക്കാന്‍”. മൌദൂദി ഇത്തരം ഉണര്‍ത്തലുകള്‍ കാണാതെയാണ് ഇബ്നു ഖുതൈബയെ നിശ്ശങ്കം ഉദ്ധരിക്കുന്നത്..

മസ്ഊദിയെ തിരിച്ചറിയുക..

സ്വഹാബതിനെ നിരൂപിക്കാന്‍ ഒരുമ്പെട്ട അബുല്‍ അഅലാമൌദൂദി തനിക്ക് അനുകൂലമായ ചരിത്ര ശകലങ്ങള്‍ കണ്ടെത്താന്‍ ആരെയും അവലംബിക്കാന്‍ മടിച്ചില്ല. തന്‍റെ പ്രധാന സ്രോതസ്സായ മസ്ഊദി യെ ക്കുറിച്ച് അദ്ദേഹം എഴുതുന്നു: “ അല്‍ മസ്ഊദി മുഅതസിലിയായിരുന്നുവെന്നത് നേരാണ്. പക്ഷേ, അദ്ദേഹം തീവ്ര വാദിയായ ശിയാ ആയിരുന്നുവെന്ന് പറയുന്നത് ശരിയല്ല…” (ഖിലാഫത്ത്/ പുറം 260)
മൌദൂദിയുടെ ചരിത്ര ജ്ഞാനം അളക്കാന്‍ ഇതുതന്നെ ധാരാളം. അബൂബകര്‍, ഉമര്‍ റ) എന്നിവരെ മസ്ഊദി മുറൂജില്‍ അനുസ്മരിക്കുന്നുവെന്നത് അദ്ദേഹം ശിയാ പക്ഷപാതി അല്ലെന്നതിനു തെളിവാകില്ല. അബൂബകര്‍ റ) ന്‍റെ ഖിലാഫത്ത് കുറഞ്ഞ വാക്കുകളില്‍ ഒതുക്കിയ അദ്ദേഹം അലി റ) ന്‍റെ ഖിലാഫത്ത് എണ്‍പതോളം പേജുകളില്‍ സവിസ്തരം എഴുതുന്നു. ഉമറും ഉസ്മാനും മസ്ഊദിടെ ഭാഷയില്‍ കൊല്ലപ്പെട്ടതായിരുന്നെങ്കില്‍ അലി രക്തസാക്ഷിയാവുകയായിരുന്നു?!! ശിഈ രചനകളില്‍,  മുറൂജുദ്ദഹബ് രചിച്ച മസ്ഊദിയെ തികഞ്ഞ ശിഈ സംഭാവനയായാണ് പരിചയപ്പെടുത്തുന്നത്. സയ്യിദ് ബഹ്രുല്‍ഉലൂം “അല്‍ ഫവാഇദ് രിജാലിയ്യ” യിലും നജ്ജാശി തന്‍റെ രിജാലിലും ഇത് തുറന്നെഴുതുന്നുണ്ട്. ശിഈ ഷെയിഖന്മാരുടെ കൂട്ടത്തില്‍ പില്കാലത്തുള്ളവര്‍ മസ്ഊദിയെ എണ്ണുന്നു. . ശിയാ അവകാശ വാദങ്ങള്‍ പലപ്പോഴും വ്യാജമാകും. അതിനാല്‍ അത് അവഗണിക്കാം. എന്നാല്‍, മസ്ഊദിയുടെ മറ്റു ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അറിയാം അദ്ദേഹം എത്രമാത്രം തീവ്ര ശിഈ ആണെന്ന്. പുറമേ,  ചരിത്ര സംശോധകരായ  ഖാസി അബൂബക്ര്‍ ഇബ്നുല്‍ അറബി അല്മാലികി “അല്‍ അവാസ്വിമി”ലും ഇബ്നു ഖല്ദൂന്‍ “മുഖദ്ധിമ”യിലും ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി  “ ലിസാനുല്‍ മീസാനി” ലും മസ്ഊദിയെ  എവിടെ നിര്‍ത്തിയിരിക്കുന്നു എന്ന കാര്യം സുവിധിതമാണ്. ഇബ്നുല്‍ അറബിപറയുന്നു: “ …. കുതന്ത്രനായ പുത്തന്‍ വാദി മസ്ഊദിയാകുന്നു..സ്വഹാബതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചിട്ടുള്ളത് മതനിഷേധ പരിധിക്ക് തൊട്ടുരുമ്മി നില്കുന്നു!! അയാളിലെ ബിദ്അത് സംശയാതീതമായ കാര്യമാണ്.” കേവല മുഅതസലിക്ക് സ്വഹാബികളെ പഴിക്കേണ്ട കാര്യമില്ല എന്നോര്‍ക്കുക.

അല്ലാമാ ഇബ്നുല്‍ അറബി  റഹി) ഉപദേശിക്കുന്നു: “ മിഥ്യയും അവാസ്തവവുമായ ചരിത്രങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നതില്‍ നിന്നും നിങ്ങളുടെ കാതും കണ്ണും സംരക്ഷിക്കുന്നപക്ഷം, വല്ല ഖലീഫമാരെ ക്കുറിച്ചും ഉദ്ധരിക്കാന്‍ അനുവാദമില്ലാത്തവ  എടുത്തുപറയുന്ന, അഭികാമ്യം അല്ലാത്തവ ചേര്‍ത്തുദ്ധരിക്കുന്നവരെ നിങ്ങള്‍ കേള്‍ക്കാതിരിക്കുന്ന പക്ഷം നിങ്ങള്‍ സലഫു സ്സ്വാലിഹുകളുടെ ശുദ്ധ പാതയില്‍ സഞ്ചരിക്കുന്നവര്‍ ആയിത്തീരും, അസത്യ മാര്‍ഗ്ഗത്തില്‍ നിന്നും ഒഴിഞ്ഞുനിന്നവര്‍  ആയിക്കൊള്ളും..” 

ഫിരിഷ്തയും അബുല്‍ ഫദ് ലും
==============================
ഇന്ത്യന്‍ ചരിത്ര പണ്ഡിതനായി എണ്ണപ്പെടാറുള്ള ഫിരിഷ്ത ഒരു ശിഈ പക്ഷക്കാരന്‍ ആണെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ശിഈ കുടുംബത്തില്‍ പിറന്ന്‍, ശിഈ ആയി വളര്‍ന്ന മുഹമ്മദ്‌ ഖാസിം ഹി. 998ല്‍ ബീജാപൂരിലെ ഇബ്രാഹീം ആദില്‍ ഷാഹിയുമായി ബന്ധം പുലര്‍ത്തുകയും സുല്ത്താന് “ ബുഗല്‍സാര്‍ ഇബ്രാഹീമി” എന്ന പേരില്‍ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളെ കുറിച് നല്ലൊരു ചരിത്ര കൃതി രചിച്ചു കൊടുക്കുകയും ചെയ്തു. ഈ ഗ്രന്ഥം പിന്നീട് ഫിരിശ്തയുടെ ചരിത്രം” എന്നറിയപ്പെട്ടു.  വിശാല / അരാജക  മതവാദിയായിരുന്ന  അക്ബറിന്റെ കാലത്ത്  അറിയപ്പെട്ട പണ്ഡിതനാണ് അബുല്‍ ഫദല്‍ ഫൈസി എന്ന ഫൈള്ല്ലാഹി ബിന്‍ അല്മുബാറക് അല്‍ അക്ബറാബാദി (ഹി 954) . പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ടെഴുതിയ “സവാത്വിഉല്‍ ഇല്‍ഹാം” പോലുള്ള ജ്ഞാനഅഭ്യാസങ്ങള്‍  കാണിച്ച ഫൈസി പക്ഷേ തികഞ്ഞ ശിയാ അരാജകത്വ വാദിയായിരുന്നു. താടി വടിക്കുന്നത് ഹലാല്‍ എന്ന് വാദിച്ചുതുടങ്ങിയ അദ്ദേഹം പിന്നീട്  പട്ടും സ്വര്‍ണ്ണവും മദ്യവും ഹലാല്‍ ആണെന്ന് വാദിച്ചു.

ചരിത്ര സംശോധന അറിയാതെ, ചരിത്ര ഗ്രന്ഥങ്ങളെ അന്ധമായി പകര്‍ത്തിയാല്‍ ഭാവിയുടെ വെളിച്ചം കെടുത്താന്‍ അതുമതി ധാരാളം..  

Leave a Reply