ഇമാം ബാഖില്ലാനി യുടെ സംവാദ രംഗങ്ങള്‍…
ക്രിസ്ത്യന്‍ പണ്ഡിതന്മാരുമായി സ്നേഹ സംവാദത്തിന് റോമിലേക്ക് പുറപ്പെടാന്‍ നില്ക്കവേ, ഇമാം ഖാസി ബാഖില്ലാനി റ യോട് ബുവൈഹീ ഖലീഫ അളുദുദ്ദൌല യുടെ പ്രഗല്ഭനായ മന്ത്രി അബുല്‍ ഖാസിം പറഞ്ഞു: “വരട്ടെ, താങ്കള്‍ പുറപ്പെടുന്നത് ശുഭമോ അശുഭമോ എന്ന് പരിശോധിക്കാന്‍ ഞാന്‍ ജ്യോത്സ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്”.
ഇമാം ബാഖില്ലാനിക്ക് അത് തീരെ പിടിച്ചില്ല. ഇസ്ലാമിലെന്ത് ജ്യോത്സ്യം?! നക്ഷത്ര പരിശോധന ?!! അല്ലാഹു എടുക്കുന്ന തീരുമാനങ്ങളില്‍ നക്ഷത്രങ്ങള്ക്കെന്തു പങ്ക്?!! ഇമാമവര്‍കളുടെ ധാര്‍മിക രോഷം കണ്ടപ്പോള്‍, മന്ത്രി , ജ്യോത്സ്യം സംബന്ധമായി സംസാരിക്കാന്‍ കഴിയുന്ന ഇബ്നു സ്വൂഫി എന്ന കൊട്ടാര ജ്യോത്സ്യനെ വിളിപ്പിച്ചു, ഇമാമുമായി സംവദിക്കാന്‍. പക്ഷേ, ‘സൂഫി ക്കുട്ടി’ തടി കേടാക്കാന്‍ നിന്നില്ല. “സംവാദം എനിക്ക് വഴങ്ങില്ല, കുറച്ചു നക്ഷത്രഫലം മനപ്പാഠം ചൊല്ലാന്‍ കിട്ടുമെന്നല്ലാതെ. സംവാദത്തിന് , അതായത് ജ്യോത്സ്യത്തിന്റെ ന്യായാ ന്യായങ്ങള്‍ വിശകലനം ചെയ്യാന്‍ ‘മന്തിഖി’ലും ‘ഇല്‍മുല്‍ കലാ’മിലും കഴിവുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തിയാലും, അബൂ സുലൈമാനില്‍ കുതര്ക്കി യെ അതിനു പറ്റും “!, ജ്യോത്സ്യന് മാറിനിന്നു.
അബൂ സുലൈമാന്‍ പ്രസിദ്ധനാണ് ; തര്‍ക്ക ശാസ്ത്രത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇമാം ബാഖില്ലാനിയുമായി ജ്യോല്സ്യത്തെ കുറിച്ചു സംസാരിക്കാന്‍ അയാളെ മന്ത്രി പ്രേരിപ്പിച്ചു. പന്തിയല്ലെന്ന് മനസ്സിലാക്കിയ അബൂ സുലൈമാന്‍ ഒഴിഞ്ഞു മാറാന്‍ വഴി ആലോചിച്ചു. അയാള്‍ ഒരാക്ഷേപം ഉന്നയിച്ചു നോക്കി. അതിങ്ങനെ: ഈ ഖാള്യാരുണ്ടല്ലോ, ടൈഗ്രിസ് നദിയുടെ ഒരു കരയില്‍ നിന്നും പത്താളുകളുമായി പുറപ്പെട്ട തോണി അക്കരെയെത്തുമ്പോള് അതില്‍ ഒരാള്‍ വര്‍ദ്ധിക്കുകയും അങ്ങനെ പതിനൊന്നുപേര്‍ ഉണ്ടാകുകയും ചെയ്യുക എന്ന കാര്യത്തിന് പോലും അല്ലാഹു ശക്തനാണെന്ന് വാദിക്കുന്ന ആളാ! അസംഭവ്യം, അങ്ങനെ ചെയ്യാന്‍ അല്ലാഹു വിചാരിച്ചാല്‍ പോലും സാധിക്കില്ല എന്ന് ഞാന്‍ വാദിച്ചാല്‍ , എന്റെ നാക്കറുത്ത്, ഗളഛേദം ചെയ്യും. ഒരു വേള അല്പം കാരുണ്യം തോന്നിയിട്ട് എന്നെ പൊതിഞ്ഞ് നദിയില്‍ തള്ളും !! ഇയാളുമായിട്ടാണോ സംവാദം?! വൃഥാവേല ..”
മന്ത്രി ഇടപെട്ടു: ” ഖാളിക്ക് എന്ത് പറവാന്‍ ഉണ്ട്?
ഇമാം പ്രതികരിച്ചു: “അല്ലാഹുവിന്റെ കഴിവിനെ കുറിച്ചല്ല ഇവിടത്തെ സംസാരം. ഈ കൊടും നിഷേധി നിഷേധിച്ചാലും ശരി, അല്ലാഹുവിന്റെ ഖുദ്രത്ത് ഖുദ്രത്ത് തന്നെ. അതല്ല ചര്‍ച്ച. നക്ഷത്രങ്ങള്‍ക്ക് ‘ഇടപെടാന്‍’ കഴിയുമോ എന്നതാണ് ഇവിടെ ആലോചിക്കുന്നത്. അതിലേക്കു വരാന്‍ ചുണയില്ലാത്തത് കൊണ്ട് മൂപ്പര് വിഷയം വളച്ചൊടിക്കുകയാ! ഇത് ഒരു തോറ്റോട്ടമല്ലേ?”
മന്ത്രിക്ക് സംഗതി തിരിയുന്നുണ്ട്. താര്ക്കികന് മറ്റൊരു ചീട്ട് പുറത്തിട്ടു: “ഈ സംവാദമെന്നൊക്കെ പറഞ്ഞാല്‍ ഒരു കഴിവാണ്. മിടുക്കാണ്. ഇക്കൂട്ടരുമായി സംവദിക്കാന്‍ എനിക്കറിയില്ല. കാരണം , അവര്‍ക്ക് ഞങ്ങളുടെ മേഖലയെ കുറിച്ചരിയില്ല, അവര്‍ക്ക് ഞങ്ങളുടെ ‘പ്രയോഗ’ങ്ങളും വശമില്ല. പിന്നെ, എങ്ങനെ ഇവരുമായി സംവദിക്കാന്‍ അങ്ങ് പ്രേരിപ്പിക്കുന്നു?!”
ഇപ്പൊ മന്ത്രിക്കു ശരിക്കും മനസ്സിലായി. അദ്ദേഹം ഇമാം അവര്‍കളോട് പറഞ്ഞു: “ഒന്നും നോക്കാനില്ല , ഒരുങ്ങിക്കൊള്ളൂ, അല്ലാഹുവിന്റെ പരിപാലനത്തിലായി പുറപ്പെട്ടോളൂ”.
ഇമാം റോമിലേക്ക് പുറപ്പെട്ടു.
**********************************
അഹ്ലുസ്സുന്നയുടെ , അശ്അരീ ധാരയുടെ അഗ്രാസനന്മാരില് പ്രമുഖനാണ് ഇമാം അബൂബകര്‍ ബാഖില്ലാനി രഹിമഹുല്ലാഹ്(338-403). ജനിച്ചത് ഇറാഖിലെ ബസ്വറയില്‍. അവിടെ ഉന്നത ജ്ഞാനികളില്‍ നിന്നും പഠിച്ചു, പിന്നീട് ബാഗ്ദാദില്‍ പോയി പഠനം തുടര്‍ന്നു. കര്‍മ്മ സരണിയില്‍ ശാഫിഈ യാണോ മാലികിയാണോ ഹമ്പലിയാണോന്ന് ഉറച്ച തിട്ടമില്ല. അല്ലാമാ ഖാളി ഇയ്യാള് മാലികീ പണ്ഡിതന്മാരുടെ ചരിത്രം സമാഹരിക്കുന്ന തര്ത്തീബള് മദാരികില്‍ ബാഖില്ലാനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇമാം ബാഖില്ലാനി ബാഗ്ദാദില്‍ ജ്ഞാന പ്രസരണം നടത്തുന്ന കാലത്ത് , അവിടം ഭരിക്കുന്നത് ബുവൈഹീ ഭരണാധിപനായ അളുദുദ്ദൌല എന്ന ഫന്നാ ഖുസ്രൂ (323-372) യായിരുന്നു. അബ്ബാസീ ഭാരാധികാരികളുടെ കൂട്ടത്തില്‍ ഏറ്റവും ദുര്‍ബ്ബലനായിരുന്ന അത്വാഇഉ ലില്ലാഹിയുടെ അധികാരം തട്ടിപ്പറിച്ച് ഭരണത്തില്‍ കയറിയ ഫന്നാ ഖുസ്രൂ , പേര്‍ഷ്യയും മൂസ്വിലും അല്‍ജീരിയയും നിയന്ത്രിച്ചു. കരുത്തനും പരുക്കനുമായിരുന്ന ഫന്നാ ഖുസ്രൂ, കടുത്ത ശിഈ പക്ഷക്കാരനായിരുന്നു. അലി റ ന്റെതെന്ന് പറഞ്ഞ് നജഫില്‍ ഒരു ഖബര്‍ കണ്ടെത്തി ഭീമാകാരമായ ജാറം പണിതത് ഫന്നാ ഖുസ്രുവായിരുന്നല്ലോ. അദ്ദേഹത്തിന്റെ കാലത്ത് മുഹറം വിലാപങ്ങള്‍ സജീവമാക്കി. ശിഈ കാഴ്ചപ്പാട് തീവ്രമായിരുന്നതിനാല്‍, ജിഹാദ് നിര്‍വീര്യമാക്കിയ (ശിയാക്കള്‍ മഹ്ദി വന്നിട്ടേ ഇനി ജിഹാദ് ചെയ്യുകയുള്ളൂ; അതുവരെ കാണിക്കുന്നത് ‘സുന്നി’കളോടുള്ള പ്രതികാര നരനായാട്ടുകള്‍ മാത്രമാണ്!!) അദ്ദേഹത്തിന്റെ കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിന് വന്‍ നഷ്ടമാണ് വന്നെത്തിയത്. റോം ക്രിസ്ത്യാനികള്‍ അടിച്ചു കയറി മുസ്ലിം നാടുകള്‍ പിടിച്ചെടുത്തു. “ഹിജ്ര നാലാം നൂറ്റാണ്ടില്‍ മുസ്ലിം സമുദായത്തിന് മൂന്നു മഹാ കെടുതികള്‍ നേരിടേണ്ടിവന്നു. ഒന്ന്, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഉബൈദിയ്യ ഭരണകൂടത്തിന്റെ വരവ്. രണ്ട്, കിഴക്കന്‍ നാടുകളില്‍ ബുവൈഹി ഭരണകൂടത്തിന്റെ ആവിര്‍ഭാവം. മൂന്ന്, ഖറാമിതികള്‍ എന്ന കാട്ടാള ഭീകരുടെ വരവ്”, അല്ലാമാ ദഹബി രേഖപ്പെടുത്തുന്നു.
ഇമാം ബാഖില്ലാനി യുടെ ജ്ഞാന ഗരിമ കേട്ടറിഞ്ഞ ഫന്നാ ഖുസ്രു അദ്ദേഹത്തെ ബാഗ്ദാദ് നഗരിയുടെ സുപ്രീം ജഡ്ജായി നിയമിച്ചത് വേറിട്ടൊരു സംഭവം തന്നെയാണ്. അഹ്ലുസ്സുന്നയുടെ തലമുതിര്‍ന്ന വക്താവ് ആയിരുന്ന ബാഖില്ലാനി റാഫിദികളുടെ കണ്ണിലെ കരടായിരുന്നു. ജീവിതത്തില്‍ പിഴവുകളും കുറവുകളും ആരോപിക്കപ്പെടാത്ത , ഭക്ത ജീവിതം നയിച്ച , പരിശ്രമശാലിയായ പണ്ഡിതനായിരുന്നു ബാഖില്ലാനി റഹി. സമുദായത്തിന് അനര്‍ഘങ്ങളായ ഏതാനും കൃതികള്‍ സംഭാവന ചെയ്തിട്ടുണ്ട്. എഴുപതിനായിരം പേജുകള്‍ എഴുതിയിട്ടുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതി ബുദ്ധിമാനായിരുന്ന അദ്ദേഹം പിഴവാദികള്ക്ക് സത്യം മനസ്സിലാക്കി കൊടുക്കാന്‍ പ്രത്യേക സാമര്‍ത്ഥ്യം കാണിച്ചിരുന്നു.
*******************************************
*******************************************
റോം രാജന് അറ്മാനൂസ് കാലഗതി യടഞ്ഞത് ആയിടെയാണ്. തന്റെ രണ്ടു പുത്രന്മാര്, ബാസീലും ഖിസ്ത്വന്ത്വീനും, അധികാരമേറി. പക്ഷേ, സൈന്യാധിപനായിരുന്ന ‘വിര്ദ് റൂമി’ എന്ന പേരുള്ള സിഖ്ലാറൂസ് അവര്‍ക്കെതിരെ വിപ്ലവം നയിച്ചെങ്കിലും തുരത്തി ഓടിക്കപ്പെട്ടു. വിര്ദ് സഹായം തേടി ഫന്നാ ഖുസ്രുവിന്റെ സന്നിധിയില്‍ വന്നു. വിവരം അറിഞ്ഞ റോം രാജ സഹോദരങ്ങള്‍ ഉടനെ പ്രതിനിധി നഖ്ഫൂരിനെ ബാഗ്ദാദിലേക്കയച്ചു. വിര്ദിനെ വിട്ടുതരണമെന്നും പകരം, റോമില്‍ തടവില്‍ കഴിയുന്ന മുസ്ലിംകളെ മോചിപ്പിക്കാമെന്നും എഴുതി കൊടുത്തയച്ചു. ഫന്നാ ഖുസ്രു വിര്ദിനെ വിട്ടുകൊടുത്തില്ലെങ്കിലും അവിടെ തടവിലാക്കിക്കൊണ്ട് റോമിനോട് സഹകരിച്ചു. അവരുമായി സംഭാഷണം നടത്താനുള്ള അവസരം ഇതാണെന്ന് മനസ്സിലാക്കി. അങ്ങനെയാണ്, തന്നെ ഹഠാദാകര്‍ഷിച്ച ജ്ഞാന പ്രഭു ബാഖില്ലാനിയെ ക്രിസ്ത്യന്‍ രാജ സഹോദരങ്ങളുമായും പണ്ഡിതന് മാരുമായും സംവദിക്കാന്‍ പറഞ്ഞയക്കുന്നത്. ഇമാമവര്‍കള്‍ സസന്തോഷം ആ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു..അദ്ദേഹം വിജയശ്രീലാളിതനായി തിരിച്ചുവന്നു. വിര്ദിനെ വിട്ടു കൊടുക്കാതെ തന്നെ , റോമില്‍ തടവില്‍ കഴിയുന്ന മുസ്ലിംകളെ മോചിപ്പിക്കാമെന്നിടത്തെക്ക് അവര്‍ വഴങ്ങി.
ഇസ്ലാമിന്റെ അന്തസ്സ് പ്രകടിപ്പിച്ചു കൊണ്ടു തന്നെ , അന്യ സമുദായ വുമായി എങ്ങനെ വീരോചിതം സംവദിക്കാമെന്ന് ഇമാം ബാഖില്ലാനി കാണിച്ചു തന്നു. അദ്ദേഹത്തിന്റെ ആകാശ വിശാലമായ ജ്ഞാന വും മിന്നല്‍ പിണര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ ബുദ്ധിയും തിരിച്ചറിയാന്‍ ഈ സംവാദ നിമിഷങ്ങള്‍ ഉപകരിക്കും..
*******************************
**********************************
*******************************************
“സിര്‍ ഫീ രിആയത്തില്ലാഹ്”, മന്ത്രിയുടെ അനുവാദം ലഭിച്ചതോടെ ഇമാം റോമിലേക്ക് യാത്ര തിരിച്ചു. യാത്രാനുഭവങ്ങളും സംവാദ രംഗങ്ങളും മഹാനവര്കള് തന്നെ ഇനി പറയട്ടെ:
ഞങ്ങള്‍ റോം രാജരേ കാണാന്‍ ഖിസ്ത്വന്തീനിയ്യ യിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ വരുന്ന വിവരം അറിഞ്ഞ്, സ്വീകരിക്കാന്‍ ആളുകളെ അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. അവര്‍ ഞങ്ങളോട് അവിടത്തെ സമ്പ്രദായങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടു: ” നിങ്ങളുടെ തലപ്പാവ് അഴിച്ചുവെക്കാതെ രാജ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല, വേണമെങ്കില്‍ നേരിയ തൂവാല അണിയാം; അപ്പോലെ നിങ്ങളുടെ കാലുറ കളും അഴിച്ചുവെക്കണം”. ഞാന്‍ അവരോടു പറഞ്ഞു: “അങ്ങനെ ചെയ്യാന്‍ നിവൃത്തിയില്ലല്ലോ! ഞാന്‍ ഇപ്പോള്‍ അണിഞ്ഞിട്ടുള്ള വേഷ ഭൂഷകള്‍ അണിഞ്ഞു കൊണ്ടുതന്നെ രാജാവിനെ കാണാന്‍ അനുവാദമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അങ്ങോട്ടുള്ളൂ. അല്ലെങ്കില്‍, ഇതാ ഖലീഫ ഏല്പിച്ച മറുപടി ക്കത്ത്. അത് വായിച്ചു പ്രതികരണം എഴുതി ത്തന്നോള്ളൂ , ഞാന്‍ അതുമായി തിരികെ പൊയ്ക്കൊള്ളാം”.
വിവരം രാജാവിനെ അവര്‍ അറിയിച്ചു. രാജ സന്നിധിയില്‍ പാലിക്കേണ്ട ഇവിടത്തെ മര്യാദകള്‍ അംഗീകരിക്കാന്‍ എന്താണ് അവര്‍ക്ക് പ്രതിബന്ധം എന്നറിയാന്‍ രാജാവ് താല്പര്യം പ്രകടിപ്പിച്ചു. ഇതറിഞ്ഞപ്പോള്‍ , അതെക്കുറിച്ച് ഇമാം തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: “ഞാനൊരു മുസ്ലിം പണ്ഡിതനാണ്. താങ്കള്‍ ആവശ്യപ്പെടുന്ന ‘നടപടി ക്രമങ്ങള്‍’ അന്തസ്സില്ലായ്മയുടെയും അധമത്വത്തിന്റെയും പ്രകടനങ്ങളാണ്. ഞങ്ങളെ അല്ലാഹു ഇസ്ലാം നല്കി ഉന്നതരാക്കുകയും തിരുദൂതരെ അയച്ചു പ്രതാപവാന്മാരാക്കുകയും ചെയ്തിരിക്കെ, ഞങ്ങള്‍ക്കത് പാലിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിനുപുറമേ, ഒരു രാജാവ് തന്റെ ദൂതരെ മറ്റൊരു രാജാവിനടുത്തെക്ക് അയച്ചാല്‍ ആ രാജാവിന്റെ പ്രതിനിധികളെ ബഹുമാനിക്കുയാണ് വേണ്ടത്, തരം താഴ്ത്തലല്ല, വിശിഷ്യാ പ്രതിനിധിയായി വരുന്നത് പണ്ഡിതന്മാരാണെങ്കില്‍. പണ്ഡിതന്റെ മഹത്ത്വം താഴ്ത്തുന്നത് , അവര്‍ക്ക് ദൈവ സന്നിധിയിലുള്ള വലുപ്പത്തെയും ജനമനസ്സുകളിലുള്ള സ്ഥാനത്തെയും കുറയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന പോലെ തലപ്പാവ് അഴിച്ചു, ചെരിപ്പൂരി ഞാന്‍ രാജാവിനെ വണ ങ്ങിയാല് മുസ്ലിംകള് എന്നെ അവമതിക്കും; അവരെന്റെ മതനിഷ്ഠ യെ ആക്ഷേപിക്കും; അവരുടെ ഉള്ളില്‍ എന്നോടുള്ള ബഹുമാനം വീണുപോകും. അതിനാല്‍, ഞാന്‍ അങ്ങോട്ടു കടക്കണമെന്ന് ബഹുമാന്യ രാജന് ഉദ്ദേശിക്കുന്നുവെങ്കില്‍ , ഞാന്‍ ഞങ്ങളുടെ ഖലീഫയുടെ മുമ്പാകെ കടന്നു ചെല്ലാറുള്ള ഇതേ നിലയില്‍ കടന്നുവരാം. അല്ല, അതിഷ്ടമില്ലെങ്കില്‍ ഖലീഫയുടെ കത്ത് വായിച്ചു മറുപടി തന്നോളൂ, അതുമായി തിരിച്ചുപൊയ്ക്കൊള്ളാം, രാജാവിനെ കാണുന്നില്ല”.
ഇമാമിന്റെ പ്രതികരണം അറിഞ്ഞ രാജാവ്, അവിടത്തെ സമ്പ്രദായങ്ങള്‍ മാറ്റിവെച്ച് , രാജ സന്നിധിയില്‍ കടന്നുവരാന്‍ അനുവാദം നല്കി. അതിഥിയുടെ നിലപാട് തറ രാജാവിന് ബോധിച്ചു. എങ്കിലും ചെറിയൊരു സൂത്രം പ്രയോഗിക്കാതിരുന്നില്ല. അവിടെ നടക്കാറുള്ള പോലെ ആഗതന് , തലപ്പാവഴിച്ച് മുന്നില്‍ നെറ്റി വെക്കില്ലെന്നു മാത്രമല്ല, തല കുനിക്കാന്‍ പോലും തയ്യാറാകില്ലെന്ന് കണ്ടറിഞ്ഞ രാജന്, തന്റെ സിംഹാസനത്തിനു മുന്നില്‍ ഉയരം കുറഞ്ഞ ഒരു പ്രവേശന കവാടം സംവിധാനിച്ചു. തന്റെ മുന്നിലേക്ക് തലകുനിച്ചുകൊണ്ടേ കവാടം ആഗതനു കടന്നുവരാന്‍ കഴിയുകയുള്ളൂ എന്ന പരുവത്തിലാക്കി. ആ രംഗം കാത്ത് രാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായി.
ഇമാം അവിടെ എത്തി. അവിടത്തെ സംവിധാനം കണ്ടപാടെ ഇമാമിന് കാര്യം മിന്നി. ഉടനെ തിരിഞ്ഞു നിന്ന് കുനിഞ്ഞ് കവാടം കടന്ന ഇമാം , അപ്പാടെ പിന്നിലേക്ക് കുറച്ചങ്ങ് നടന്നു നീങ്ങി. സിംഹാസനത്തിനു അടുത്തെത്തുവോളം. എന്നിട്ട് തിരിഞ്ഞുനിവര്ന്നു നിന്നു. രാജാവ് പരവശനായി.
ഇമാം ഓര്‍ക്കുന്നു: ഞാന്‍ എന്റെ ‘വിലമതിക്കാനാകാത്ത’ വസ്ത്രങ്ങള്‍ , തലപ്പാവും തോള് മുണ്ടും അണിഞ്ഞു കൊണ്ടുതന്നെ രാജ സന്നിധിയില്‍ ചെന്നു. അടുത്തുചെന്ന എന്നെ ആദരിച്ചു എല്ലാവരെക്കാളും മുകളില്‍ ഇരുത്തി. എന്റെ വസ്ത്രത്തെ കുറിച്ചാണ് അദ്ദേഹം സംസാരം തുടങ്ങിയത്. ഞാന്‍ ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞു കൊടുത്തു: “ഈ വസ്ത്രം അനിഞ്ഞുകൊണ്ടാണ് ഞങ്ങള്‍ മഹാരാജാവായ അല്ലാഹുവിന്റെ സന്നിധിയില്‍ പോകാറുള്ളത്; ആ മഹാരാജാവ് അനുസരിക്കാനും ബഹുമാനിക്കാനും കല്പിച്ചിട്ടുള്ള ഞങ്ങളുടെ മഹാ സുല്ത്വാന് തിരുനബി സ്വ യുടെ സമീപത്ത് പോകുമ്പോഴും ഞങ്ങള്‍ ഇതേ വസ്ത്രമാണ് ധരിക്കുക. എന്നിരിക്കേ, താങ്കള്‍ ഇത് ഞങ്ങള്‍ക്ക് നിഷേധിക്കുന്നതില്‍ എന്ത്കാര്യം?! വിശിഷ്യാ, ഞാനൊരു മുസ്ലിം പണ്ഡിതന്. ഞാന്‍ താങ്കളുടെ കല്പനക്ക് വഴങ്ങി എന്റെ വേഷം ഒഴിവാക്കിയാല്‍ അത് ഞാന്‍ എന്നെയും ജ്ഞാനത്തെയും തരംതാഴ്ത്തല്‍ ആകില്ലേ! ജനങ്ങള്‍ എന്നെ താഴ്ത്തി ക്കെട്ടുകയും ചെയ്യും..”
രാജാവ് ഇമാം അവര്‍കളുടെ ന്യായം അംഗീകരിച്ചു. ‘ശരി ശരി. അങ്ങോര്‍ക്ക് ഇവിടെ വിശിഷ്ടരുടെ പദവി നല്കി ആദരിച്ചിരിക്കുന്നു..
രാജാവിന് ഖലീഫയുടെ കത്ത് കൈമാറി. രാജാവ് അത് വായിച്ചു. “… ഞാന്‍ താങ്കളുടെ സന്നിധിയിലേക്ക് , താങ്കളോടുള്ള ബഹുമാനാദരവുകള്‍ കാരണം , മത വിശ്വാസികളുടെ വക്താവിനെയാണ് അയച്ചിരിക്കുന്നത്” എന്ന ഭാഗം എത്തിയപ്പോള്‍ അതിന്റെ ഉദ്ധേശ്യമെന്താണെന്ന് രാജാവ് തിരക്കി. ഇമാം വിശദീകരിച്ചു : ” പ്രപഞ്ചത്തിന്റെ ആവിഷ്കാരത്തെ ക്കുറിച്ചു സംസാരിക്കുന്ന ആളാണ്; അതിന്റെ ആവിഷ്കര്‍ത്താവിനെ, അവനു അനിവാര്യമായതും പാടില്ലാത്തതും സംഭവ്യമായതുമായ ഗുണങ്ങള്‍ സ്ഥാപിക്കുക സ്ഥിരീ കരിക്കുന്ന വ്യക്തിയാണ്. ഏക ദൈവ ദര്‍ശനത്തെ കുറിച്ചു ഞാന്‍ സംസാരിക്കും; പ്രവാചകത്വത്തെ നിഷേധിക്കുകയും മാംസാഹാരം നിഷിദ്ധമാക്കുകയും ചെയ്യുന്ന ബറാഹിമ, ദ്വിദൈവ വിശ്വാസികളായ മാനവിയ്യ, അഗ്നിയാരാധകര്‍ , യഹൂദികള്‍, നസ്വ്രാണികള് എന്നിവരെയെല്ലാം തിരുത്തുകയും ഞാന്‍ പറയുന്ന കാര്യം യുക്തിയും ശ്രുതികളും പ്രമാണങ്ങളും വെച്ചു സമര്‍ത്ഥമായും വ്യക്തമായും ബോധിപ്പിക്കും, അങ്ങനെ എഴുപത്തിരണ്ട് തരം വഴികേടുകളുടെ വ്യര്‍ത്ഥത വ്യക്തമാക്കി സത്യധാരയെ പിന്തുണക്കുന്ന രീതിയാണ് എന്റേത്. “
രാജാവ്: “ഓഹോ! എനിക്കത് കേള്‍ക്കാന്‍ താല്പര്യമുണ്ട്”
ഇമാം: അങ് അനുവദിച്ചാല്‍ അങ്ങനെ ചെയ്യാം.
രാജാവ്: ഇപ്പൊ അങ്ങേയ്ക്കായി തയാറാക്കിയിട്ടുള്ള ഇരിപ്പിടത്തിലേക്ക് മാറി ഇരിക്കാം’. വീണ്ടും സംഗമിക്കാം.
***********************
ഇമാം അങ്ങോട്ട് നീങ്ങി. രാജാവ് ചെറിയ സൂത്രങ്ങള്‍ പ്രയോഗിക്കാതിരുന്നില്ല. ഇമാമിന്റെ ചിന്താ കേന്ദ്രീകരണം തെറ്റിക്കാന്‍ അവിടെ വിവിധ സംഗീതോപകരണങ്ങള്‍ ഏര്‍പ്പാട് ചെയ്തു അദ്ദേഹം. കേട്ടാല്‍ ആരും, വേണ്ടെന്നു വെച്ചാല്‍ പോലും ശ്രദ്ധിച്ചുപോകുന്ന സംഗീത അന്തരീക്ഷം. അതിലേക്ക് ശ്രദ്ധ തെന്നുമോ, താനറിയാതെ അത് കേള്‍ക്കാന്‍ ഒരുങ്ങിയാല്‍ അത് തന്റെ മഹത്വത്തിന് ഇടിവ് വരുത്തുമെന്ന് മനസ്സിലാക്കിയ ഇമാം , തന്റെ കാലില്‍ ഒരു മുറിവ് വരുത്തി, അവിടെ രക്തം ഒലിച്ചു. കാലിലെ വേദന
സംഗീതത്തില്‍ ശ്രദ്ധ പെടാതിരിക്കാന്‍ സഹായകമായി. രാജാവ് വീണ്ടും ശശിയായി.
ഞാറാഴ്ച രാജാവ് ആളെവിട്ടു, സദ്യയില്‍ പങ്കെടുക്കാന്‍ ഇമാമിനെ ക്ഷണിച്ചുകൊണ്ട്. ‘ഇതിവിടത്തെ പതിവാണ്. ദൂതന്മാര് സദ്യയില്‍ പങ്കെടുക്കണം. ഇവിടത്തെ എല്ലാ നടപടിക്രമങ്ങളും ലംഘിക്കരുത്’, ദൂതന് അറിയിച്ചു. ഇമാം പ്രതികരിച്ചു: “ഞാനൊരു മുസ്ലിം ജ്ഞാനിയാനെന്നു ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. ഒരു സാധാരണ ദൂതനല്ല; സൈനികനോ മറ്റോ അല്ല. രാജാവിനറിയാം, ജ്ഞാനി ഇത്തരം കാര്യങ്ങളില്‍ തല്പരരല്ലെന്ന്. അവിടെ പന്നി മാസം പോലെ അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ ആഹാരങ്ങള്‍ ഉണ്ടാകുമെന്ന ഭയവുമുണ്ട്”..
ഇമാമിന്റെ നിലപാട് അറിഞ്ഞ രാജാവ് ദൂതനെ വീണ്ടും അയച്ചു: “താങ്കള്‍ സാധാരണ അതിഥി യല്ല. ഇവിടെ താങ്കള്‍ ഇഷ്ടപ്പെടാത്ത തായി ഒന്നും ഇല്ല. വരണം”.ഇമാം സദ്യക്ക് പുറപ്പെട്ടു. ഭക്ഷണ വിഭവങ്ങള്‍ നിരന്നു. “എനിക്ക് ഇഷ്ടമില്ലാത്ത ഒന്നും അതില്‍ ഇല്ലായിരുന്നെങ്കിലും ഞാന്‍ ഒന്നും കഴിക്കാതെ രക്ഷപ്പെട്ടു”.
**********************
ഭക്ഷണാനന്തരം അവിടെ പുകയ്ക്കുകയും പരിമളം പരത്തുകയും ചെയ്തു..
സംഭാഷണത്തിനിടെ, രാജാവ് ഒരു ചോദ്യം എടുത്തിട്ടു: ” നബിയുടെ അമാനുഷിക സംഭവമായി ചന്ദ്രന് പിളര്‍ന്നുവെന്ന് നിങ്ങള്‍ പറയാറുണ്ടല്ലോ! അത് ശരി തന്നെയോ?”
ഇമാം : അത് ശരിതന്നെയാണ്. നബി സ്വ യുടെ ജീവിതകാലത്താണ് സംഭവം. ജനങ്ങള്‍ കണ്ടതാണ് . അവിടെ കൂടിയവരും അത് ശ്രദ്ധയില്‍ പെട്ടവരുമെല്ലാം..
രാജാവ്: അതെന്താ, ജനങ്ങള്‍ മുഴുവനും കണാതിരുന്നെ?!
ഇമാം: ചന്ദ്രന് പിളരാന്‍ പോകുന്നു എന്ന് ലോകമാകമാനം വിളംബരപ്പെടുത്തിയിരുന്നില്ലല്ലോ. അങ്ങനെയാകുമ്പോള്‍ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ക്ക് ശ്രദ്ധിക്കാമായിരുന്നു. ഇത് അവിടെ കൂടിയവര്‍ ശ്രദ്ധിച്ചു. അതിനാല്‍, അവര്‍ മാത്രം കണ്ടു.
രാജാവ്: നിങ്ങളും ചന്ദ്രനും തമ്മില്‍ എന്തോ പ്രത്യേക അടുപ്പമുണ്ടോ, റോമിലുള്ളവരും മറ്റു നാട്ടുകാരും കാണാതെ ചന്ദ്രന് പിളരുന്നത് നിങ്ങള്‍ മാത്രമായി കാണാന്‍?!!
ഇമാം: അങ്ങനെയെങ്കില്‍ ‘ഭക്ഷണ ത്തളിക’ യുമായി നസ്വ്രാണികള് ക്ക് രക്തബന്ധമുണ്ടെന്നു പറയേണ്ടിവരുമല്ലോ!! നിങ്ങള്‍ മാത്രം ആകാശത്തു നിന്ന് ഭക്ഷണത്തളിക് ഇറങ്ങിവരുന്നത് കാണുക, യഹൂദരോ ബറാഹിമയോ മജൂസികളോ മത നിഷേധികളോ, വിശേഷിച്ചും നിങ്ങളുടെ അയല്‍ക്കാരായ ഗ്രീകുകാര്‍ പോലും, അത് കാണാതിരിക്കുക?!! അവരെല്ലാം ആ സംഭവം നിഷേധിക്കുന്നു, നിങ്ങള്‍ വിശ്വസിക്കുന്നു?!!
രാജാവ് ഇമാമിനെ കൌതുകത്തോടെ നോക്കി ഇരുന്നുകാണും..
**********************
രാജാവ് മതപണ്ഡിതനെ വരുത്തി. “ഇദ്ദേഹവുമായി സംസാരിക്കാന്‍ ഉള്ള കോപ്പ് എന്റെ പക്കല്‍ ഇല്ല, നിങ്ങള്‍ സംസാരിക്കൂ”.
ചെന്നായ യെ പോലെ തോന്നിക്കുന്ന , മുടികള്‍ താഴ്ത്തിയിട്ട ഒരാളെ അവിടെ കൊണ്ടുവന്നു. അയാള്‍ ഉപവിഷ്ടനായി.. ഇമാമും ക്രിസ്ത്യന്‍ പണ്ഡിതനും സംസാരമാരംഭിച്ചു.. ചന്ദ്രന് പിളര്‍ന്ന സംഭവം മറ്റുള്ളവര്‍ കണ്ടില്ലല്ലോ എന്നിടത്തു തന്നെയാണ് ചര്‍ച്ച കേന്ദ്രീകരിച്ചത്..
ഇമാം : ഭൂമി ഗോളാകൃതിയില്‍ ആണെന്ന് താങ്കള്‍ അംഗീകരിക്കുമല്ലോ?
ക്രി. പണ്ഡിതന്: അതെ.
“അപ്പൊ , ഒരു പ്രദേശത്ത് കാണാവുന്നത് മറ്റൊരു ഭാഗത്ത് കാണില്ലെന്ന കാര്യം നിഷേധിക്കില്ലല്ലോ. ഉദാ. ഗ്രഹണം ഉണ്ടായാല്‍ ഭൂമിയിലെ എല്ലാവരും ഒരേ സമയത്ത് അത് കാണുകില്ല. അതില്‍ സംശയം ഇല്ലല്ലോ?!”
“ഇല്ല, ഗ്രഹണ ഏരിയയില്‍ ഉള്ളവര്‍ മാത്രമേ കാണൂ”.
“എങ്കില്‍, ചന്ദ്രന് പിളര്‍ന്നത് മറ്റു നാട്ടുകാര്‍ കണ്ടില്ലെന്ന് പറഞ്ഞ് അത് നിഷേധിക്കേണ്ട കാര്യമുണ്ടോ?! ആ നാട്ടില്‍ ഉള്ളവരും ആ കാഴ്ചക്ക് വേണ്ടി ഒരുങ്ങിയവരും അല്ലാതെ അത് കാണില്ലല്ലോ!. അതേസമയം, അതെകുറിച്ച് ആലോചിക്കത്തവരും , തത്സമയം ചന്ദ്രനെ ദര്ശിക്കാത്തവരും ഉണ്ടോ അത് കാണുന്നു?!”
“അത് താങ്കള്‍ പറഞ്ഞതാണ് ശരി. അവിടെയല്ല പ്രശ്നം. ആ സംഭവം റിപ്പോര്‍ട്ട് ചെയ്തവരെ കുറിച്ചാണ്. അതല്ലാത്ത ആരോപണങ്ങള്‍ അര്‍ത്ഥ രഹിതമാണ്”.
” അതെന്താണാവോ, നിവേദകരേകുറിച്ചുള്ള ആക്ഷേപം?”
“ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ സംഭവിച്ചത് സത്യമാണെങ്കില്‍ ധാരാളം പേര് തങ്ങളുടെ അനുഭവം പങ്കിടുമായിരുന്നു. അനിഷേധ്യമാം വിധം എല്ലാ ജനങ്ങളിലേക്കും പരക്കുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ലെന്നതിനാല്‍ അത് ഒരു കൃത്രിമ സംഭവമാണെന്ന് തെളിഞ്ഞു..”
രാജാവ് ഒന്നുഷാറായി. ” ആ പറയൂ, മറുപടി ഉണ്ടെങ്കില്‍ കേള്‍ക്കട്ടെ”
ഇമാം: ചന്ദ്രന് പിളര്‍ന്ന സംഭവം സ്ഥിരീകരിക്കാന്‍ എന്തെല്ലാം അനിവാര്യമാണെന്നാണോ അദ്ദേഹം പറയുന്നത് അതെല്ലാം ‘തളിക’ ഇറങ്ങിയ സംഭവത്തിനും ബാധകമാക്കുകയാണ് അദ്ദേഹം. അതായത്, തളിക ഇറങ്ങിയ സംഭവം സത്യമാണെങ്കില്‍ അത് അസംഖ്യം ആളുകള്‍ പറയുമായിരുന്നു. യഹൂദരോ ദ്വി ദൈവ വാദികളോ ആരും തന്നെ നിഷേധിക്കാന്‍ ഇടവരാത്ത വിധം ആ സംഭവവൃത്താന്തം നാടാകെ , ഭൂമിയാകെ പരക്കുമായിരുന്നു. അങ്ങനെ വാര്‍ത്ത പരക്കാത്തതിനാല്‍ തളിക ഇറങ്ങിയിട്ടില്ല എന്നാണല്ലോ അദ്ദേഹം പറഞ്ഞുവരുന്നത്..”
രാജാവും പണ്ഡിതനും പരസ്പരം മിഴിച്ചു നോക്കി, സദസ്സിലുള്ളവരുടെ തലതാഴ്ന്നു..
************************
എന്നോട് മറ്റൊരു സദസ്സില്‍ വെച്ച് രാജാവ് ചോദിച്ചു: ” മര്‍യമിന്റെ പുത്രന് ഈസാ മസീഹിനെ കുറിച്ചു താങ്കള്‍ എന്തു പറയുന്നു?”
ഞാന്‍ : അല്ലാഹു ഊതിയ ആത്മാവ്, അവന്റെ തീരുമാനത്തിന്റെ ‘കുന്’ (=ഉണ്ടാകട്ടെ’)എന്ന വചനം, അവന്റെ ദാസന്, അവന് നിയമിച്ച പ്രവാചകന്, ദൂതന്. അദ്ദേഹത്തിന്റെ ജന്മം ഒരര്‍ഥത്തില്‍ ആദമിനെ പ്പോലെ. ആദമിന് പിതാവില്ല, മാതാവില്ല. ഈസാക്കുമില്ല പിതാവ്.
രാജാവ് ഇടപെട്ടു: ” ഹേ, മുസ്ലിം! മസീഹ് ഒരു ദാസനോ?!”
“അതെ, ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു”.
“എന്തുകൊണ്ട് അദ്ദേഹം അല്ലാഹുവിന്റെ പുത്രന് ആണെന്ന് പറയുന്നില്ല?!”
” അല്ലാഹുവത്രെ അഭയ സങ്കേതം!! അവന് പറയുന്നു: ‘അല്ലാഹു പുത്രനെ ഉല്പാദിപ്പിച്ചിട്ടില്ല, അവനോടുകൂടെ വേറൊരു ആരാധ്യനും ഇല്ല’. നിങ്ങള്‍ പറഞ്ഞുനടക്കുന്നത് വളരെ അപകടം പിടിച്ച വാക്കുകളാണ്. ആശയങ്ങളാണ്. ഈസാ അല്ലാഹുവിന്റെ പുത്രനാണെങ്കില്‍ അവന്റെ അമ്മയാര്? സഹോദരന് ആര്? പിത്രുവ്യന്മാര്‍ ആരെല്ലാം?”
“ഹേയ്, മുസ്ലിം! ആലോചിച്ചു സംസാരിക്കണം. യേശു ഒരടിമയാണെങ്കില്‍ വസ്തുക്കള്‍ പടക്കുമോ?! ജീവിപ്പിക്കുമോ മരിപ്പിക്കുമോ?! കുഷ്ഠം സുഖപ്പെടുത്തുമോ വെള്ളപ്പാണ്ട് മാറ്റുമോ?! എന്താ നിങ്ങളീ പറയുന്നത്!!”
“അത് ശരിയാണ്. ഒരടിമക്ക് അകാര്യങ്ങള്‍ ഒന്നും സാധ്യമല്ല. അവയെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ആയിരുന്നു.”
” അതെയോ! എന്നിട്ടും നിങ്ങള്‍ ഈസായെ ദാസനെന്നു വിളിക്കുന്നു. സൃഷ്ടിയായി പരിചയപ്പെടുത്തുന്നു. ഇപ്പറഞ്ഞതെല്ലാം ഈശോ ചെയ്തതല്ലയോ?!”
“ഏയ്, അദ്ദേഹം കുഷ്ടം , പാണ്ട് സുഖപ്പെടുത്തിയിട്ടില്ല….. ട്ടില്ല…ട്ടില്ലാ..”
രാജാവിന്റെ ക്ഷമ ഒരല്പം നേരത്തേക്ക് മറഞ്ഞു. “ഹേയ് മുസ്ലിം! വിശ്രുതമായ ആ സംഭവങ്ങള്‍ താങ്കള്‍ നിഷേധിക്കുന്നോ?!”
“ബോധമുള്ള , ജ്ഞാനമുള്ള ഒരാളും പറയില്ല, പ്രവാചകന്മാരുടെ ദൃഷ്ടാന്തങ്ങള്‍ അവരാണ് നടത്തുന്നതെന്ന്.. അവരുടെ കൈക്ക് അല്ലാഹുവാണ് അവ ചെയ്യുന്നത്. അവര്‍ ദൈവത്തിന്റെ സത്യദൂതന്മാര്‍ ആണെന്ന് ബോധിക്കാന്‍ വേണ്ടി.”
“നിങ്ങളുടെ തന്നെ ഗ്രന്ഥത്തില്‍ ഉണ്ടല്ലോ , ഈസായുടെ അത്ഭുത കൃത്യങ്ങളെ കുറിച്ച്?!”
“ഉണ്ട്, ഞങ്ങളുടെ കിത്താബില്‍ ഉണ്ട്. പക്ഷേ, അവിടെയെല്ലാം അല്ലാഹുവിന്റെ അനുമതിയോടെ ഈസാ ചെയ്തു എന്നാണ് പറയുന്നത്. കേള്‍ക്കൂ: സൂറാ മാഇദ: നൂറ്റി പത്താം സൂക്തം.. ‘ബി ഇദ് നീ’ … സൂറ ആല് ഇമ്രാന് നാല്പത്തോമ്പതാം വചനം… ബിഇദ്നില്ലാഹി’ .. ഈസാ നബി ആ അത്ഭുതങ്ങള്‍ ചെയ്തതെല്ലാം അല്ലാഹുവിന്റെ അനുമതിയോടെ മാത്രം. അല്ലാതെ ഈസായുടെ സ്വന്തം വകയല്ല. കുഷ്ഠം സുഖപ്പെടുത്തിയത് , ജീവിപ്പിച്ചത്, മരിപ്പിച്ചത് ഈസാ സ്വന്തം ശക്തിയില്‍ ആണെന്ന് വന്നാല്‍, അതിനു മുമ്പ് ചെങ്കടല്‍ പിളര്‍ത്തി യത് മൂസാ സ്വന്തം ശക്തിയില്‍ ആയിരുന്നെന്ന് അംഗീകരിക്കേണ്ടി വരും. അപ്പോള്‍ മൂസായും ദൈവമായിരിക്കണം. അതിനാല്‍ ഞാന്‍ പറയുന്നു, പ്രവാചകന്മാരുടെ അത്ഭുത കൃത്യങ്ങള്‍ അവരുടെ കൈകളാല്‍ അല്ലാഹു ചെയുന്നതാണ്.”
“ശരി, അതിരിക്കട്ടെ. ആദം മുതലുള്ള സകല പ്രവാചകന്മാരും ഈസായെ സമീപിക്കുന്നു, ഗതികെട്ട് സഹായം തേടുന്നു. അവര്‍ തേടുന്നത് ഈസാ നിവര്‍ത്തിക്കുന്നു..”
“ഇതൊരു വാദം മാത്രം. യഹൂദന് വേണമെങ്കില്‍ പറയാം, ഈസാ മൂസയെ സഹായത്തിന് സമീപിച്ചിട്ടുണ്ട് എന്നെല്ലാം.. ഇങ്ങനെ ഓരോ നബിയുടെ ആളുകള്‍ക്കും പരയാവുന്നതെ ഉള്ളൂ.. “
സംസാരം വെക്ഷിച്ചിരുന്ന ഒരു പുരോഹിതന് ചാനല്‍ മാറ്റി. ” നിങ്ങളുടെ പ്രവാചകന്റെ പത്നി യെ കുറിച്ച് എന്ത് പറയുന്നു?! വളരെ മോശം ആരോപണം ഉയര്‍ന്നില്ലേ?”
അയാളുടെ വരികള്‍ അവസാനിക്കും മുമ്പ് തന്നെ ഇമാമിന്റെ മറുപടി വന്നു: “അതെ. അങ്ങനെ രണ്ടുപേരെ കുറിച്ചു ആരോപണം ഉണ്ടായിട്ടുണ്ട്. മര്‍യമും ആഇശയും. ഇരുവരെയും അല്ലാഹു നിരപരാധികളായി പ്രഖ്യാപിച്ചു. ആഇശക്ക് ഭര്‍ത്താവുണ്ടായിരുന്നു , എന്നിട്ടും മക്കളില്ല. മര്യമിന് ഭര്‍ത്താവില്ലായിരുന്നു, എന്നിട്ടും മകന് പിറന്നു..”
അപ്പോള്‍ ആഇശയുടെ നിരപരാധിത്വമത്രേ മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പം, മര്‍യമിനെ കുറിച്ചുള്ളത് ബോധ്യപ്പെടാന്‍ പ്രയാസമാണ്. ഇരുവരുടെയും നിരപരാധിത്തം അല്ലാഹു പ്രഖ്യാപിച്ചിരിക്കേ, ആഇശയെ വീണ്ടും ‘കുതിര കയറുന്ന’ ഏര്‍പ്പാട് ശരിയല്ല എന്നായിരുന്നു ഇമാം പറഞ്ഞത്.
ഇടിവെട്ട് കൊണ്ടപോലെ രാജാവും പുരോഹിതനും പരിവാരങ്ങളും നീരു വറ്റി ഇറങ്ങിപ്പോയി..
***********************
ഞങ്ങള്‍ വീണ്ടും ഒരുമിച്ചു. ഞാന്‍ രാജാവിനോട് ചോദിച്ചു: ” നിങ്ങള്‍ ദൈവിക ലോകത്തെയും മനുഷ്യ ലോകത്തെയും നിങ്ങള്‍ ഒന്നാക്കുന്നത് എന്തെ?”(ദൈവം മനുഷ്യരൂപം പൂണ്ട് ഭൂമിയില്‍ ഇറങ്ങിയിരിക്കുകയാണ് എന്ന ക്രിസ്ത്യന്‍ വിശ്വാസത്തെ കുറിച്ചാണ് ചോദ്യം)
രാജാവ്: “ജനങ്ങളെ നാശത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ദൈവം ആഗ്രഹിച്ചു”.
ഇമാം : ‘താന്‍ കൊല്ലപ്പെടുമെന്നും കുരിശില്‍ തറക്കപ്പെടുമെന്നും ദൈവത്തിന് അറിയാമായിരുന്നോ? അറിയില്ലായിരുന്നു എന്നാണു ഉത്തരമെങ്കില്‍ പിന്നെ അദ്ദേഹം ദൈവമാകുന്നു എന്ന് പറയാമോ?! ദൈവം അല്ലെങ്കില്‍ പിന്നെ ദൈവ പുത്രനും അല്ലല്ലോ! അതല്ല, ദൈവത്തിന് അതെല്ലാം അറിയാമായിരുന്നു എന്നാണ് ഉത്തരമെങ്കില്‍ ആസൂത്രണത്തോടെ ഇറങ്ങുമായിരുന്നു. അവന് ഒരു ആസൂത്രകന്‍ ആയിരുന്നെങ്കില്‍ തന്നെ അപകടപ്പെടുത്താന്‍ ഇടയാക്കുമായിരുന്നില്ല. അപ്പോള്‍ ആ നിലക്കും അദ്ദേഹം ദൈവമാണെന്ന് പറയാന്‍ വയ്യ..എന്തുപറയുന്നു?”
വീണ്ടും കാണാമെന്ന് പറഞ്ഞു രാജാവും പുരോഹിതരും പിരിഞ്ഞു..
*************
ഒരു ദിവസം ഒരു മഹാ സദസ്സ്. മനോഹരമായ അലങ്കാരങ്ങള്‍. നിറയെ ക്രിസ്ത്യാനികള്‍. വിശിഷ്ടമായ ഉടയാടകളോടെ , രത്നാലങ്കൃത മായ കിരീടം ധരിച്ച് രാജാവ് ഉപവിഷ്ടനായി . പരിവാരങ്ങള്‍ ചുറ്റും നിരന്നു. ഇമാമിനെ തൊട്ടരികില്‍ മറ്റൊരു കസേരയില്‍ ഇരുത്തി. അവിടെ അപ്പോള്‍ പാര്ത്രിയാക്കീസ് കടന്നുവന്നു. ഉന്നത മത മേധാവി. കാര്യങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ വേളയില്‍ സമര്‍ത്ഥമായി ഇടപെടാനും രാജാവ് അയാളെ ചുമതലപ്പെടുത്തിയിരിക്കയാണ്. അയാള്‍ക്ക് ചുറ്റും അനുയായികള്‍ ഉണ്ട്. സുവിശേഷം പാരായണം ചെയ്യുകയാണവര്‍. സുഗന്ധം പുകയുന്നു. അയാള്‍ കടന്നുവന്നപ്പോള്‍ രാജാവ് എഴുന്നേറ്റു നിന്നു. മറ്റുള്ളവരും. ആദര ബഹുമാനങ്ങള്‍ കാണിച് രാജാവ് അദ്ദേഹത്തെ തന്റെ അരികില്‍ തന്നെ ഇരുത്തി. ഇമാമിന് അദ്ദേഹത്തെ പരിചയപ്പെടുത്തി: ” അല്ലയോ ജ്ഞാനി, ഇത് ഞങ്ങളുടെ പാത്രിയാര്‍ക്കീസ്, ഉന്നത മത മേധാവി.”
വളരെ സുന്ദര ഭാഷയില്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ഇമാം അദ്ദേഹത്തോട് ചോദിച്ചു: ” ഭാര്യാ സന്തതികള്‍ക്ക് സുഖം തന്നെയല്ലേ?!”
ആ ചോദ്യം അവര്‍ ആര്‍ക്കും രസിച്ചില്ല. എല്ലാവരുടെയും മുഖം കെട്ടപോലെ. ഇമാം കാര്യം തിരക്കി: ” എന്തേ, ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു!!”
രാജാവാണ് പ്രതികരിച്ചത്: “ഞങ്ങള്‍ ഈ മഹാ മനുഷ്യരെ ഭാര്യാ സന്തതികളില്‍ നിന്നും പരിശുദ്ധരായി കാണുന്നവരാണ്”.
ഉടന്‍ ഇമാം : “അതെയോ?! ഈ മനുഷ്യന് ഭാര്യയും മക്കളും ഉണ്ടാകുന്നത് വലിയ പോരായ്മയായി നിങ്ങള്‍ കാണുന്നു!! അദ്ദേഹത്തെ ഭാര്യാ – സന്തതി മുക്തനായി നിങ്ങള്‍ വാഴ്ത്തുന്നു.! എന്നാല്‍ പ്രപഞ്ച നാഥന് സന്താനം ഉണ്ടെന്ന് ആരോപിക്കുന്നത് വലിയൊരു പാതകമായി നിങ്ങളാരും ഗണിക്കുന്നില്ലല്ലോ?!! ഇതെന്തൊരതിശയം!! “
ആ മഹാ സദസ്സില്‍ ഒരാള്‍ക്കും കുറച്ചു നേരത്തേക്ക് നാക്ക് പ്രവര്‍ത്തിച്ചില്ല. . വരണ്ട സ്വരത്തോടെ രാജാവ് മത മേധാവിയോട് ചോദിച്ചു: ” ഈ ശൈത്വാനെ ഇനിയെന്ത് വേണം?”
അയാള്‍ ഉപദേശിച്ചു: “ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുക. പാരിതോഷികങ്ങള്‍ നല്കി ഇന്ന് തന്നെ ഇറാഖിലേക്ക് തിരിച്ചയക്കുക.”
രാജാവിന് മറ്റു വഴികള്‍ ആലോചിക്കാന്‍ ഇല്ലായിരുന്നു. മുസ്ലിം തടവുകാരെ മോചിപ്പിച്ചു ഇമാമിന്റെ കൂടെ അയച്ചു . ഖലീഫക്ക് വിലയേറിയ പാരിതോഷികങ്ങളും….
കടപ്പാട്:
മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുളൈരി /
അല്‍ മുനാളറത്തുല് അജീബ “