ദൈവ വിശ്വാസം പലര്‍ക്കും പലതാണ്. വിശുദ്ധ വചനങ്ങളിലൂടെ പരം പൊരുളായ ഏക ദൈവം അല്ലാഹു പഠിപിച്ച ഏക ദൈവ വിശ്വാസം പരിചയപ്പെടാം. അതോടൊപ്പം അവന് തിരുത്തിയ വികല വിശ്വാസങ്ങളെയും…
1- “ഏക ആരാധ്യനോ?!!”
അതെ, ആരധനയ്ക്കര്ഹന് ഏകന്‍, അല്ലാഹു മാത്രം.
2- “അല്ലാഹുവിന് പുത്രന്മാരുണ്ട്; പുത്രിമാര്ഉണ്ട്”.
ഇല്ല, അല്ലാഹുവിന് പുത്രനോ പുത്രിയോ ഇല്ല. ഉസൈറും ഈസായും ദൈവ പുത്രന്മാര് അല്ല; മലക്കുകള്‍ അല്ലാഹുവിന്റെ പുത്രിമാര്‍ അല്ല; അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രം.
3- “മസീഹ് ഈസായാകുന്നു അല്ലാഹു”.
അതെങ്ങനെ?! ഈസായെ മര്‍യം പ്രസവിച്ചതല്ലേ?
4- “അല്ലാഹുവിന് ജിന്നുകളുമായി കുടുംബ ബന്ധമുണ്ട്”.
ഇല്ല. അവന് കുടുംബമോ ഭാര്യയോ മക്കളോ ഇല്ല.
5- “ഓരോരോ കാര്യങ്ങള്‍ സാധിക്കാനുള്ള ഈ വിഗ്രഹങ്ങള്‍ ആകുന്നു ദൈവങ്ങള്‍”.
അങ്ങനെ വരില്ലല്ലോ. ഇവയെ നിങ്ങള്‍ കൊത്തിയുണ്ടാക്കിയതല്ലേ? ഒരീച്ചയെ തടുക്കാനോ ഉണ്ടാക്കാനോ അവയ്ക്കുണ്ടോ കഴിയുന്നു?! അവ തന്നെയും നിങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്നു. എന്നിട്ട്, അവ നിങ്ങളെ സംരക്ഷിക്കുകയോ?!!
6- “ഞങ്ങള്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍/പ്രതിഷ്ഠകള്‍ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നതും അവ ഞങ്ങളുടെ ശുപര്ശകരുമാണ്”.
തെറ്റായ ധാരണയാണിത്. വിഗ്രഹങ്ങളെ പൂജിച്ചാല്‍ അല്ലാഹുവിലേക്ക് അടുക്കാമെന്ന് അവന് അറിയിച്ചതല്ല. അവന് അറിയിക്കാത്ത കാര്യം ആരോപിക്കുകയാണ്. അവയ്ക്ക് അവന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യാന്‍ കഴിയുകയുമില്ല. ശുപാര്‍ശയ്ക്കുള്ള സ്വതന്ത്ര അധികാരമോ നല്കിയ അനുവാദമോ അവര്‍ക്കില്ല. ഭൂമിയില്‍ ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയിട്ടുള്ളവരില്‍ ഈ വിഗ്രഹങ്ങള്‍/ പ്രതിഷ്ഠകള്‍ ഉള്‍പ്പെടില്ല.
7- “വിഗ്രഹങ്ങളില്‍ ദൈവം അവതരിക്കുകയാണ്. ദൈവത്തെ അതില്‍ മന്ത്രം ചൊല്ലി ഇറക്കിവെച്ചാണ് പ്രതിഷ്ടിക്കുക”. അപ്പോ, ദൈവം എവിടെന്നാ ഇങ്ങോട്ട് ഇറങ്ങിവന്നത്?! അവന് ഇതിനകത്ത് ഇറങ്ങിയിരുന്നാല്‍ മറ്റു ലോകര്‍ എന്തുചെയ്യും?! നാടുനീളെ കാണുന്ന പ്രതിഷ്ഠകളില്‍ ഇപ്രകാരം ദൈവം കുടികൊള്ളുകയാണോ?!!
8- “ഈ പശുക്കുട്ടി ദൈവമാണ്”.
ചിലര്‍ അങ്ങനെ കരുതുകയാണ്. ജീവനുണ്ടെങ്കില്‍ അതിനെ അറുത്തു കളയാന്‍ സാധിക്കും. ലോഹമോ ശിലയോ ആണെങ്കില്‍ തകര്‍ത്തു കളയാനും കഴിയും..
എന്നാല്‍,
“ഇത് കേവല പ്രതീകം/ശില്പം മാത്രം; ഈശ്വരന്റെ വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന രൂപാവിഷ്കാരം മാത്രം. ഞങ്ങള്‍ ഇവയെ അല്ല ആരാധിക്കുന്നത്. ഇവയോടല്ല പ്രാര്‍ഥിക്കുന്നത്. ഇവ മുന്നില്‍ വെച്ച്, ഇവ അനുസ്മരിപ്പിക്കുന്ന ദൈവിക ഗുണങ്ങളെ ഓര്‍ത്ത്, ആ ഗുണ സമ്പന്നനായ ദൈവത്തോടാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ഈശ്വരന് ഏകന്‍ തന്നെ.”
എന്ന് പറയുന്ന വിഭാഗത്തെ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നില്ല. അല്ലാഹു സ്വയം പരിചയപ്പെടുത്തിയ തന്റെ പൂര്‍ണ്ണത യുടെ ‘ഗുണങ്ങള്‍’ അവര്‍ വിശ്വസിക്കുന്ന ഈശ്വരന് കല്പിക്കുന്നെങ്കില്‍ അവരുടെ വിഗ്രഹ പ്രതിഷ്ഠ ‘ഹറാം’ പരിധിയില്‍ ഉള്‍പെടുന്നു. ‘ചൂണ്ടു വിരലിനെ അമ്പിളി യായി’ തെറ്റ്ദ്ധരിച്ച് ഇത്തരം വിശ്വാസക്കാര് വിഗ്രഹപൂജയിലേക്ക് വീഴാന്‍ ഇടയുണ്ട്. ഈശ്വരന് ‘പൂര്‍ണ്ണത’ കല്പിക്കുന്നില്ലെങ്കില് ‘കുഫ്ര്’ വിധിക്കപ്പെടും. ശിര്‍ക്ക് അല്ല.
“ഈശ്വരന് പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇവിടെ ഈശ്വരന് അല്ലാതെ രണ്ടാമത്തെ ഒന്നില്ല. ദൈവത്തെ പ്രാര്‍ഥിക്കുക എന്നാല്‍ പ്രപഞ്ചത്തില്‍ അലിഞ്ഞു ചേര്‍ന്ന മഹാ ശക്തിയെ ധ്യാനിക്കുക എന്നാണ്”.
എന്ന് പറയുന്ന കൂട്ടരെയും ഖുര്‍ആന്‍ പ്രത്യേകം പിടികൂടിയതായി കാണുന്നില്ല. ഈശ്വരന് അനാദിയാണ്. അവന് പടച്ചതാണ് പ്രപഞ്ചത്തെ. അവന് അവസ്താന്തരങ്ങള്‍ ഇല്ല. പ്രപഞ്ചം പടക്കുന്നതിനു മുമ്പ് അവന് എങ്ങനെയാണോ, എവിടെയാണോ ആ അവസ്ഥയില്‍ തന്നെ അവനിപ്പോഴും തുടരുന്നു. എന്നാല്‍, അവന്റെ ഓരോ സൃഷ്ടിയിലും അവന്റെ ഗുണ മാഹാത്മ്യം വായിച്ചെടുക്കാം. അങ്ങനെ വായിച്ചെടുക്കാന്‍ തന്നെയാണ് പ്രപഞ്ച സൃഷ്ടി. ഇങ്ങനെയുള്ള അല്ലാഹുവിനെയാണ് അവന് ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്നത്.