ഏതൊരു വസ്തുവും/ കാര്യവും കളങ്കപ്പെടുക എന്നത് അസംഭവ്യമായ സംഗതില്ല. അത്തരം കളങ്കങ്ങളില്‍ നിന്നും പരിശുദ്ധമായതിനെ ഖാലിസ് അഥവാ ‘നിഷ്കളങ്കം’ എന്ന് വിളിക്കപ്പെടുന്നു. കളങ്കം നീക്കുന്ന പ്രവൃത്തിയെ ഇഖ്ലാസ് എന്നും പറയുന്നു. ഒരാള്‍ നിഷ്കളങ്കമായ ഒരു കര്‍മ്മം സ്വേഷ്ടപ്രകാരം ചെയ്തുവെന്നിരിക്കട്ടെ, അതിനു പിന്നില്‍ എന്തെങ്കിലുമൊരു ലക്ഷ്യം ഉണ്ടാകുമല്ലോ. ആ ലക്ഷ്യം എന്താകട്ടെ, ഏകമാണെങ്കില്‍( രണ്ടാമതൊന്നില്ല) ആ പ്രവൃത്തി ഇഖ്ലാസ് ഉള്ളതാണെന്ന് ഭാഷാപരമായി പറയാം. എന്നാല്‍, മറ്റു ലക്ഷ്യങ്ങളാകുന്ന കളങ്കങ്ങള്‍ ഒന്നും ഇല്ലാതെ അല്ലാഹുവുമായി അടുക്കുകയെന്ന ഏക താല്പര്യത്തില് കര്‍മ്മം ചെയ്യുന്നതിനെയാണ് ഇഖ്ലാസ് എന്ന് നമ്മുടെ പതിവുപ്രകാരം പറയുക. ഇല്‍ഹാദ് എന്നാല്‍ ഒരിടത്തേക്ക് ചായുക എന്നാണു അര്‍ത്ഥമെങ്കിലും നടപ്പു പ്രയോഗപ്രകാരം സത്യത്തില്‍ നിന്നും തെന്നുകയെന്നാണ് നാം അതിന് അര്‍ഥം പറയുക, എന്നപോലെ. ഇക്കാര്യം മനസ്സിലായല്ലോ. ഇനി നമുക്ക് കര്‍മ്മങ്ങളുടെ പ്രേരകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം.
കര്മ്മത്തിന് പിന്നിലെ പ്രേരകം ഒന്നുകില്‍ ആത്മീയം (റൂഹാനി)മാത്രമാമാകാം, അതാണ് ഇഖ്ലാസ്. അല്ലെങ്കില്‍ തനി പൈശാചികമാകാം, അതാണ് റിയാഅ്/നാട്യം. അതുമല്ലെങ്കില്‍ രണ്ടും സമ്മിശ്രമായതാകാം.
സമ്മിശ്ര പ്രേര്രകം മൂന്നു വിധമുണ്ട്:ആത്മീയവും പൈശാചികവുമായ പ്രേരകങ്ങള്‍ തുല്യ അളവില്‍ ഉള്ളത്; ആത്മീയപ്രേരകം അധികമായത്; പൈശാചിക/ശാരീരിക പ്രേരകം കൂടുതലുള്ളത്.
ശുദ്ധ ആത്മീയ താല്പര്യത്തോടെ ചെയ്യുന്ന ഒന്നാം ഇനത്തിലുള്ള കര്‍മ്മങ്ങളെ കുറിച്ച് പറയാം. അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുന്ന, ഭൗതിക സ്നേഹത്തിനു ഹൃദയത്തില്‍ ഒരിടം ഇല്ലാത്തവിധം ഇലാഹീ ചിന്തയില്‍ മുഴുകുന്ന വ്യക്തിയില്‍ നിന്നല്ലാതെ ഇത്തരം അമലുകള്‍ ഊഹിക്കാന്‍ വയ്യ. അത്തരമൊരു വ്യക്തിയുടെ സകല കര്‍മ്മങ്ങളിലും ചലനങ്ങളിലും ആയൊരു സ്വഭാവം/ഗുണം വെളിപ്പെടും. അയാള്‍ തന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതും, ഉറങ്ങുന്നതും, ഭോജനപാനം പോലുള്ളത് ഇഷ്ടപ്പെടുന്നതും അവ തന്റെ അടിയന്തിര പ്രതിസന്ധി ഒഴിവാക്കുമെന്ന നിലയിലോ ഉപാസനകള്‍ക്ക് കരുത്തുപകരുമെന്ന നിലക്കോ മാത്രമായിരിക്കും. തിന്നുകയും കുടിക്കുകയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്പോലും ഇത്തരമൊരാള്‍ തന്റെ ചലന നിശ്ചലനങ്ങളില്‍ നിഷ്കളങ്ക കര്‍മ്മിയാകുന്നു.
തികഞ്ഞ ശാരീരിക/ പൈശാചിക പ്രേരണയില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ് രണ്ടാം ഇനം. സ്വന്തത്തെയും ഭൗതിക ലോകത്തെയും സ്നേഹിക്കുന്നവനില്‍ നിന്നല്ലാതെ ഇതു സംഭവിക്കുമെന്ന് ഊഹിക്കാന്‍ വയ്യ. അല്ലാഹുവിനോടുള്ള സ്നേഹത്തിന് ചെറിയൊരിടം പോലും അകത്തില്ലാത്തവിധം അയാള്‍ ശാരീരിക- ഭൗതിക പ്രേമത്തില്‍ ആണ്ടുപോയിരിക്കുന്നു. അതിനാല്‍ തന്റെ സകല പ്രവര്‍ത്തനങ്ങളും ആ സ്വഭാവം ആര്‍ജ്ജിക്കുന്നു. അയാളുടെ ഇബാദത്തുകളില്‍ ഒന്നുപോലും ഈ ചിന്തയില്‍ നിന്നും രക്ഷപ്പെടുകയില്ല.
ഒരേ അളവില്‍ ഒരേ സമയം ആത്മീയവും പൈശാചികവുമായ പ്രേരക ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ അമലിനെ കുറിച്ചു ഇമാം റാസി റഹി പറഞ്ഞത്, ആ രണ്ടു ശക്തികള്‍ തമ്മില്‍ പരസ്പരം വിരുദ്ധമാകയാല്‍ അവ രണ്ടും നിര്‍വ്വീര്യമാകുകയും അവന്റെ കര്‍മ്മങ്ങള്‍ അവന്ന് ഗുണകരമാവുകയോ അപകടകരമാവുകയോ ചെയ്യാതെ നിഷ്ഫലമാവുകയാണ് ചെയ്യുകയെന്നത്രെ.
എന്നാല്‍ ഏതെങ്കിലുമൊരു പ്രേരകശക്തി മികച്ചു നിലക്കുന്നവന്റെ കര്‍മ്മം, ഒന്ന് മറ്റേതിനേക്കാള്‍ എത്ര മികച്ചുവോ അത്ര അളവില്‍ ബാക്കിയാവുകയും അതിനനുയോജ്യമായ അനിവാര്യഫലം ഭവിക്കുകയും ചെയ്യും.( ആത്മീയം മികച്ചാല്‍ അത്ര ഗുണം; പൈശാചികം മികച്ചത്ര ദോഷം). “അപ്പോള്‍ ആരെങ്കിലും ഒരു അണു അളവ് നന്മ ചെയ്താല്‍ അതിന്റെ ഗുണം കാണും; വല്ലോരുത്തനും അല്പമാത്ര തിന്മ ചെയ്താല്‍ അതിന്റെ ദോഷം അനുഭവിക്കും” (സല്‍സല/ )എന്ന സൂക്തതിന്റെ താല്പര്യം അതത്രേ.
ഇവ്വിഷയത്തില്‍ തികഞ്ഞ അസന്നിഗ്ദ്ധമായ നിലപാട് ഇതാണ്: കര്‍മ്മങ്ങള്‍ മനസ്സില്‍ പലവിധ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. പ്രതിബന്ധങ്ങള്‍ ഇല്ലായെങ്കില്‍ ദൗര്‍ബല്യം കൂടാതെ പ്രതിഫലനം നടക്കും. പ്രതിഫലന ശക്തിക്ക് തുല്യം പ്രതിബന്ധമായി നില്ക്കുന്ന ശക്തിയും ഉണ്ടെങ്കില്‍ അവ രണ്ടും പരസ്പരം നിര്‍വ്വീര്യമാക്കും. ഒരു ശക്തിക്ക് മേധാവിത്തം ഉണ്ടെങ്കില്‍, മറ്റേതിനേക്കാള്‍ എത്ര കണ്ടു കൂടുതലുണ്ടോ, പ്രതിബന്ധങ്ങള്‍ ഇല്ലാതെ അത്രയും ബാക്കിയാവും. എതിരാളിയുടെ കരുത്ത് എത്രയുണ്ടോ, മേധാവിത്തമുള്ള ശക്തിയുടെ അത്രയും അളവ് നിര്‍വീര്യമാകുകയും ചെയ്യും. (ഉദാ. 60+40 ആണെങ്കില്‍ രണ്ടിലെയും നാല്പത് നഷ്ടമാകുകയും ഒരു ഭാഗത്ത് ഇരുപത് അവശേഷിക്കുകയും ചെയ്യും- വിവ).അതിനനുസരിച്ചുള്ള ഫലം അവിടെ സംജാതമാകും. ഭക്ഷണം/ഔഷധം അണു അളവ് പോലും ശരീരത്തില്‍ അതിന്റെതായ പ്രതിഫലനം ഉണ്ടാക്കുമെന്ന പോലെത്തന്നെ, അണ്മാത്ര നന്മയോ തിന്മയോ പോലും അല്ലാഹുവിന്റെ തിരു കവാടത്തിലേക്ക് അടുപ്പിക്കുന്നതില്‍/ അവനില്‍ നിന്നും അകറ്റുന്നതില്‍ അതിന്റേതായ പങ്കുവഹിക്കും; ഒന്നും പാഴാവുകയില്ല. ഒരു ചാണ് അടുപ്പിക്കുന്ന കാര്യവും ഒരു ചാണ് അകറ്റുന്ന കാര്യവും ഒന്നിച്ചു കൊണ്ടു വന്നാല്‍ അയാള്‍ നിന്നിടത്ത് നില്ക്കേണ്ടിവരും. മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഗുണവുമില്ല, ദോഷവുമില്ല. രണ്ടുചാണ്‍ അടുപ്പിക്കുന്ന കര്‍മ്മവും അതോടൊപ്പം ഒരു ചാണ് അകറ്റുന്നവയും ഉണ്ടെന്നു കരുതുക. നിസ്സംശയം, അയാള്‍ ആകെ ഒരു ചാണ് മാത്രം അടുക്കുകയുള്ളൂ.
എന്നാല്‍, അല്പമെങ്കിലും കളങ്കമുള്ള അമലിനു അല്പംപോലും പ്രതിഫലം ലഭിക്കില്ലെന്നു വാദിക്കുന്നവരുണ്ട്. അമല്‍ മൊത്തം പാഴാകുമെന്ന്. അവര്‍ രണ്ടു ന്യായമാണ് അതിനു പറയുന്നത്.
ഒന്ന് , അബൂ ഹുറൈറ റളി നിവേദനം ചെയ്ത ഹദീസ്. തന്റെ കര്‍മ്മത്തില്‍ ശിര്‍ക്ക് കാണിച്ച വ്യക്തിയോട് നബി സ്വ പറഞ്ഞു: “നീ ആര്‍ക്കുവേണ്ടിയാണോ കര്‍മ്മം അനുഷ്ടിച്ചത് അവിടെ നിന്നും നിനയ്ക്കുള്ള പ്രതിഫലം എടുത്തോള്ളൂ”.
മറ്റൊരു ഹദീസ് ഇങ്ങനെ: തിരുദൂതര്‍ സ്വ പറഞ്ഞു: നിശ്ചയം അല്ലാഹു സുവ പറയുന്നു: ദാസരുടെ പങ്കാളികളുടെ കൂട്ടത്തില്‍ ഞാനാകുന്നു ഒട്ടും പങ്ക് ആവശ്യമില്ലാത്തവന്‍. അതിനാല്‍, എന്നെക്കൂടാതെ മറ്റുള്ളവര്‍ക്കും പങ്ക് കരുതി അമല്‍ ചെയ്യുന്നവന്റെ അമലിലെ എന്റെ പങ്ക് ഒട്ടുമേ എടുക്കാതെ ഞാനതെല്ലാം അവന് കരുതിയ പങ്കാളിക്കു ഒഴിച്ചിടുന്നു”.
(പങ്കാളിയെ വരിക്കുന്നവന്റെ അമല്‍ മൊത്തം പാഴാവുന്നതായി ഈ ഹദീസുകളില്‍ വ്യക്തമാക്കുന്നല്ലോ എന്നാണ് അവരുടെ ന്യായം.)
ഇബ്നു അത്വാ ഇല്ലാഹി യുടെ മിഫ്താഹില് നിന്നും..